ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനു വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ അനൗദ്യോഗിക സംഭാഷണത്തിലാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആരായാലും അവരെ ജയിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ” ആര്‍ക്കൊക്കെ ടിക്കറ്റു കിട്ടിയോ അത് ശത്രുവാണെങ്കില്‍ കൂടി നമ്മള്‍ അവരെ ജയിപ്പിക്കണം. എനിക്ക് ഒരേയൊരു ജോലിയേയുള്ളൂ, പബ്ലിസിറ്റിക്കില്ല, പ്രസംഗങ്ങള്‍ക്കുമില്ല. ഞാന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ നഷ്ടമാകും. അതുകൊണ്ടാണ് ഞാന്‍ റാലികളില്‍ പങ്കെടുക്കാത്തത്.” അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
കോണ്‍ഗ്രസ് കോഡിനേഷന്‍ കമ്മിറ്റിയുടെ മേധാവിയായി സിങ്ങിനെ മെയ് മാസത്തില് നിയമിച്ചിരുന്നു.
നവംബര്‍ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11വോട്ടെണ്ണല്‍. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി മധ്യപ്രദേശില്‍ അധികാരം കയ്യടക്കിവെച്ചിരിക്കുന്ന ബി.ജെ.പിയില്‍ നിന്നും മധ്യപ്രദേശ് പിടിച്ചെടുക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.