India
മോദി വിശദീകരണം നല്‍കണം; വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 25, 07:48 am
Thursday, 25th April 2024, 1:18 pm

ന്യൂദല്‍ഹി: രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിങ്കളാഴ്ച പതിനൊന്ന് മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. നിരവധി പരാതികളായിരുന്നു വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മാത്രമല്ല മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് വന്‍ വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതിയെത്തിയത്.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്‌ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?’ എന്നായിരുന്നു മോദിയുടെ ചോദ്യം.

‘കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,” ഇതായിരുന്നു മോദിയുടെ പരാമര്‍ശം.

Content Highlight: Election Commission notice to pm modi on hate speech