| Tuesday, 16th January 2024, 11:46 am

തമ്പുരാക്കന്മാരുടെ ഔദാര്യമായി കിട്ടിയതല്ല, പൊരുതി നേടിയതാണ് സാധാരണക്കാരുടെ അവകാശം; ക്യാപ്റ്റന്‍ മില്ലര്‍ പറയുന്ന രാഷ്ട്രീയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. 1930കളില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയില്‍. ഒരു വാര്‍ ഡ്രാമാ എന്നതിലുപരി സാധാരണക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സിനിമ ശബ്ദമുയര്‍ത്തുന്നു. സിനിമയുടെ തുടക്കത്തില്‍ ധനുഷ് അവതരിപ്പിച്ച അനലേസന്റെ അമ്മ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരു കഥയുണ്ട്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജാവിനെ സഹായിച്ച കോരനാറിന്റെ കഥ.

രാജ്യം ആക്രമിക്കാന്‍ വന്ന എതിരാളികള്‍ക്ക് മുന്നില്‍ രാജാവിനെ സഹായിച്ച വീരനായിരുന്നു കോരനാര്‍. യുദ്ധം ജയിച്ച രാജാവ് കോരനാറിനോട് എന്താണ് പകരമായി ചെയ്ത് തരേണ്ടതെന്ന് ചോദിച്ചപ്പോള്‍ തന്റെ കൂടെയുള്ളവര്‍ക്ക് ഈ നാട്ടില്‍ തന്നെ ജീവിക്കാനായി ഒരു ഗ്രാമം തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. അതുവരെ സ്വന്തമായി ഒരിടം ഇല്ലാതിരുന്ന ഒരു ജനതയുടെയും വീരപുരുഷനാവുകയായിരുന്നു കോരനാര്‍.

കോരനാറിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ രൂപം ഒരു വിശിഷ്ട രത്‌നത്തില്‍ പണിയുകയും അത് താന്‍ ആരാധിക്കുന്ന ദൈവത്തിന്റെ അമ്പലത്തില്‍ രാജാവ് വെക്കുകയും ചെയ്തു. ആ അമ്പലം പണിഞ്ഞ കോരനാറിന്റെ ജനങ്ങള്‍ക്ക് അമ്പലത്തിന്റെ അടുത്ത് തന്നെ രാജാവ് ഭൂമി നല്‍കുന്നു. എന്നാല്‍ അതിന് ശേഷം വന്ന രാജാക്കന്മാര്‍ ആ ജനങ്ങളെ അമ്പലത്തില്‍ പ്രവേശിപ്പിച്ചില്ല. അവരെ അകറ്റി നിര്‍ത്തി. തങ്ങളുടെ വീരനായകനായ കോരനാറിനെപ്പോലും കാണാന്‍ കഴിയാതെ തലമുറകളോളം അവര്‍ ആ ക്ഷേത്രത്തിന്റെ പുറത്ത് തന്നെ ജീവിച്ചു.

അമ്പലത്തില്‍ കയറാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ തല്ലിച്ചതക്കുന്ന രാജാവിനെ സിനിമയില്‍ കാണാന്‍ സാധിക്കും. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന, ഇപ്പോഴും പലയിടത്തും നടക്കുന്ന യാഥാര്‍ത്ഥ്യം തന്നെയായിരുന്നു ആ രംഗങ്ങളില്‍ കാണാന്‍ സാധിച്ചത്. സിനിമയുടെ ഒരു ഘട്ടത്തില്‍ അമ്പലവും അവിടത്തെ അമൂല്യ വസ്തുക്കളും ബ്രിട്ടീഷുകാര്‍ കൊണ്ടുപോകുമ്പോള്‍ രാജാവ് നിസ്സഹായനായി നില്‍ക്കുന്നുണ്ട്. തങ്ങളുടെ അധികാരം നഷ്ടപ്പെട്ട രാജാവ് സഹായത്തിനായി ആ ഗ്രാമത്തിലുള്ള അനലേസന്റെ സഹായം തേടുമ്പോള്‍ പഴയ കഥയുടെ ആവര്‍ത്തനം പോലെയാകുന്നത് കാലത്തിന്റെ കാവ്യനീതിയായി കണക്കാക്കാം. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ആ രത്‌നം വീണ്ടെടുത്താല്‍ ജനങ്ങളെ അമ്പലത്തില്‍ കയറ്റാമെന്ന വാഗ്ദാനമാണ് രാജാവ് മുന്നോട്ടു വെച്ചത്. പക്ഷേ രത്‌നം കൈയില്‍ വന്നാല്‍ മില്ലറെ വകവരുത്തുകയായിരുന്നു രാജാവിന്റെ ഉദ്ദേശം.

ബ്രിട്ടീഷുകാരില്‍ നിന്ന് രത്‌നം ക്യാപ്റ്റന്‍ മില്ലര്‍ എന്ന അനലേസന്‍ കൈക്കലാക്കിയതറിഞ്ഞ ജനറല്‍, ആ ഗ്രാമത്തിലെ ജനങ്ങളെ ആക്രമിക്കുന്നു. പഴയ കഥയില്‍ ജനങ്ങള്‍ക്ക് വേണ്ടി കോരനാര്‍ അവതരിച്ചതു പോലെ ഇവിടെ രക്ഷകനായി മില്ലര്‍ വരികയും ജനറലിനെ ആക്രമിച്ച് ജനങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു. രാജാവിനെയും അയാളുടെ അനുയായികളെയും നേരിട്ട ശേഷം ഗ്രാമത്തിലെ ജനങ്ങളെ അമ്പലത്തിനുള്ളിലേക്ക് കയറ്റുന്ന രംഗം ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ഒരു തമ്പുരാനും ഔദാര്യമായി തന്നതല്ല ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനത പോരാടി നേടിയതാണ്.

കോരാറിന്റെ രൂപം കൊത്തിയ രത്‌നം ശ്രീകോവിലില്‍ കൊണ്ടുവെക്കുന്ന രംഗത്തില്‍ ഗ്രാമത്തിലെ വൃദ്ധന്‍ മില്ലറിനോട്, ‘നമുക്ക് ഇതിനകത്തേക്ക് കയറാന്‍ പാടുണ്ടോ’ എന്ന് ചോദിക്കുന്ന ചോദ്യത്തിന് മില്ലര്‍ പറയുന്ന മറുപടി ഇങ്ങനെയായിരുന്നു. ‘ഏത് ദൈവമാണ് നമ്മളൊക്കെ ദൂരെ നില്‍ക്കണമെന്ന് പറഞ്ഞിട്ടുള്ളത്?’. സിനിമയുടെ അത്യുഗ്രന്‍ മേക്കിങിനെക്കാള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയം ഇതാണ്.

സവര്‍ണരുടെ അമ്പല പരിസരത്ത് പ്രവേശിച്ചതിന് ദളിതരെ തല്ലിക്കൊല്ലുന്ന, പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സാധാരണക്കാര്‍ കയറിയ ശേഷം അതിനകത്ത് കയറാതിരുന്ന രാജകുടുംബത്തെ അന്ധമായി ആരാധിക്കുന്ന ജനതയുള്ള ഇന്നത്തെ കാലത്ത് അരുണ്‍ മാതേശ്വരന്‍ പറയുന്ന ഈ സിനിമയുടെ രാഷ്ട്രീയം പ്രാധാന്യമുള്ളതാണ്. സിനിമ എന്ന മൂര്‍ച്ചയുള്ള ആയുധം അരുണ്‍ മാതേശ്വരന്‍ ഉപയോഗിച്ച രീതിയും മികച്ചതാണ്.

Content Highlight: Politics spoken in Captain Miller movie

We use cookies to give you the best possible experience. Learn more