| Wednesday, 22nd May 2024, 2:09 pm

പ്രണയം വേര്‍പ്പെടുത്തുമ്പോള്‍ എപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍: ഗുരുവായൂരമ്പല നടയില്‍ പറയുന്ന രാഷ്ട്രീയം

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ കൂട്ടച്ചിരി പടര്‍ത്തിക്കൊണ്ട് മുന്നേറുകയാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ. മുന്‍ ചിത്രത്തിലേതെന്ന പോലെ കോമഡിക്ക് തന്നെയാണ് ഈ സിനിമയിലും പ്രാധാന്യം. എന്നാല്‍ അതോടൊപ്പം ശക്തമായ ഒരു രാഷ്ട്രീയവും ചിത്രം സംസാരിക്കുന്നുണ്ട്.

കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ബേസിലിന്റെ വിനു എന്ന കഥാപാത്രം തന്റെ മുന്‍ കാമുകി അളിയന്റെ ഭാര്യയാണെന്ന് അറിയുന്നത്. വിനുവിന്റെ മുന്‍ കാമുകിയായ പാര്‍വതിയായി എത്തുന്നത് നിഖില വിമലാണ്. വിനുവും പാര്‍വതിയും ആദ്യമായി കാണുന്ന സീന്‍ പ്രേക്ഷകരെ ഒന്നാകെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. തന്റെ മുന്‍ കാമുകിയെപ്പറ്റി 24 മണിക്കൂറും കുറ്റം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് ബേസില്‍ അവതരിപ്പിച്ച വിനു.

സിനിമ അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ പൃഥ്വിയോട് നിഖില പറയുന്ന ഡയലോഗ് വളരെ പ്രസക്തമാണ്. ‘കാണുന്ന എല്ലാവരോടും വിനു തന്നെപ്പറ്റി കുറ്റം മാത്രമാണ് പറയുന്നത്. കൂടെ പഠിച്ചവര്‍ ഒന്നിച്ചുകൂടുന്ന ഒരു പരിപാടിക്കും പോകാന്‍ പറ്റിയിട്ടില്ല. കോളേജിലെ എല്ലാവരും തന്നെപ്പറ്റി മോശം മാത്രമേ വിചാരിക്കുന്നുള്ളൂ. കൂട്ടുകാരായി ആരുമില്ലാത്ത അവസ്ഥയിലാണ് കല്യാണം കഴിച്ചത്’ എന്നാണ് നിഖിലയുടെ കഥാപാത്രം പറയുന്നത്.

രണ്ടു പേരുടെയും പ്രണയം വിവാഹത്തിലേക്കെത്താതിരിക്കാന്‍ കാരണം വിനുവാണെന്നും പാര്‍വതി പറയുന്നുണ്ട്. എന്നാല്‍ വിനുവിന്റെ ഭാഗത്തെ തെറ്റുകള്‍ മറച്ചുവെച്ചുകൊണ്ട് എപ്പോഴും പാര്‍വതിയെ മാത്രം തെറ്റുകാരിയാക്കാനാണ് വിനു ശ്രമിച്ചത്. ഇങ്ങനെയുള്ള ഒരുപാട് വിനുമാര്‍ ഈ സമൂഹത്തിലുണ്ട്.

ഭൂരിഭാഗം പ്രണയബന്ധങ്ങളും തകരുമ്പോഴും ആണ്‍കുട്ടികള്‍ പറയുന്ന കാര്യം തന്നെയാണിത്. അവള്‍ എന്നെ ചതിച്ചു, എന്റെ സ്‌നേഹത്തിന് അവള്‍ വില തന്നില്ല തുടങ്ങി അവളെപ്പറ്റി നൂറ് കുറ്റങ്ങള്‍ കാണുന്നവരോട് മുഴുവന്‍ പറയാറുണ്ട്. തന്റെ ഭാഗത്തെ തെറ്റുകള്‍ ഇക്കൂട്ടര്‍ മനഃപൂര്‍വം ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കം ചില പ്രണയങ്ങള്‍ മാത്രമേ പക്വതയോടെ അവസാനിപ്പിക്കാറുള്ളൂ.

പ്രണയബന്ധം അവസാനിപ്പിച്ചെന്ന പേരില്‍ ആസിഡ് ഒഴിച്ചും, കുത്തിക്കൊന്നും പ്രതികാരം തീര്‍ക്കുന്ന കാലമാണ് ഇന്ന്. മാനസികമായി ഒരാളെ തകര്‍ത്ത് പ്രണയപ്പക തീര്‍ക്കുന്നതും ഒരു തരത്തില്‍ അവരെ ഇല്ലാതാക്കല്‍ തന്നെയാണ്. പ്രണയബന്ധം ഇല്ലാതാകുന്നതോടെ അതിലൊരാളെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന കാമുകനാണ് ഗുരുവായൂര്‍ അമ്പലനടയിലെ നായകന്‍ വിനുവും. പ്രണയത്തെ പക്വതയോടെ സമീപിക്കാനും ആ ബന്ധം മുന്നോട്ടു പോകില്ല എന്ന് ഉറപ്പാകുമ്പോള്‍ പരസ്പര ബഹുമാനത്തോടെ ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാനും ഇവര്‍ പഠിക്കേണ്ടിയിരിക്കുന്നു.

Content Highlight: Politics said in Guruvayoor Ambalanadayil movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more