നമ്മുടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ചില വിചാരങ്ങള്‍
Opinion
നമ്മുടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ചില വിചാരങ്ങള്‍
അനശ്വര കൊരട്ടിസ്വരൂപം
Tuesday, 17th April 2018, 6:33 pm

ഇന്ത്യയിലെ മനുഷ്യര്‍ എന്ന് വിളിക്കപെടാന്‍ അര്‍ഹതയുള്ള മനുഷ്യരുടെ മുഴുവന്‍ ഉറക്കം കെടുത്തിയ വാര്‍ത്തയാണ് കാശ്മീരില്‍ എട്ടുവയസ്സുള്ള ബക്കര്‍വാള്‍ ജാതിയില്‍ പെട്ട മുസ്ലിം പെണ്‍കുട്ടി ബി.ജെ.പി/ ആര്‍.എസ്.എസ് രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ- വര്‍ഗീയ നിലപാടുകളുടെ ഇരയായി കത്വവയിലെ അമ്പലത്തിനുള്ളില്‍ വച്ച് അതിക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത. ഇതേതുടര്‍ന്ന് ഇന്ത്യയുടെ പലഭാഗത്തും പ്രത്യേകിച്ച് തെക്കേയിന്ത്യയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു. പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി എം.എല്‍.എ അടക്കമുള്ളവര്‍ തെരുവിലിറങ്ങി. പ്രതികളെ അറസ്റ് ചെയ്തത് ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമമാണ് എന്നാണ് അവര്‍ വാദിച്ചത്. ഈ വിഷയത്തില്‍ എണ്ണമറ്റ ലേഖനങ്ങള്‍ വന്നതുകൊണ്ട് മറ്റുവിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

ഞാന്‍ രണ്ടു വിഷയങ്ങളെയാണ് വിശദമാക്കാന്‍ ആഗ്രഹിക്കുന്നത്. അതില്‍ ഒന്ന് ഏപ്രില്‍ 16 നു നാഥയില്ലാത്ത ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യപ്പെടുന്ന
കേരളത്തിന്റെ അവസ്ഥയാണ്. വാട്സ്ആപ്പില്‍ ആരോ ഇന്ന് കത്വ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തണം എന്ന് പറയുന്നു. എന്നാല്‍ യാതൊരു സ്ഥിരീകരണവും ഔദ്യോഗികമായി ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. തുടര്‍ന്ന് കേരളത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ അരങ്ങേറുന്നു.

ബസുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുന്നു. റോഡില്‍ ടയറും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നു. ആളുകളെ തടയുന്നു. ആരാണ് ഈ ആള്‍ക്കൂട്ടം ? ആരാണ് അല്ലെങ്കില്‍ എന്താണ് ഇവരെ നയിക്കുന്നത്? ആ കുഞ്ഞിനോടുള്ള സഹാനുഭൂതിയോ? സമരത്തില്‍ പങ്കെടുക്കുന്ന ഒരാളെ കണ്ടാല്‍ പോലും ആത്മാര്‍ത്ഥമായ കോപത്തില്‍ നിന്നും ഉണ്ടായ ഒന്നാണ് ഇന്നത്തെ കലാപം എന്ന് തോന്നുകയില്ല. സെല്‍ഫിയെടുത്തും ആക്രോശിച്ചും ചിരിച്ചും കളിച്ചും ആഹ്ലാദത്തോടെ ആണ് അവര്‍ പൊതുജനത്തിന്റെ വഴി തടയുന്നത്.

 

മനുഷ്യന്റെ സഹജമായ ആക്രമണ സ്വഭാവത്തെ, ഉള്ളിലെ വെറിയെ, ഹാലിളക്കത്തെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം മാത്രമായിരുന്നു ഇത് എന്ന് ഒരാള്‍ക്ക് തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. രാത്രിയില്‍ നടന്നുപോകുമ്പോള്‍ വെറുതെ പഞ്ചായത്തു വഴിവിളക്കിന് കല്ലെറിഞ്ഞു പൊട്ടിക്കുന്ന അതെ മനോഭാവമാണ് ഇത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താല്‍ മാത്രമേ പാടുള്ളൂ എന്ന് ചോദ്യം ഉയരാം. നിങ്ങള്‍ എന്തിനു വേണ്ടി എപ്പോള്‍ എങ്ങിനെ സമരം ചെയ്യുന്നു എന്നതാണ് പ്രധാനം. ഇന്ന് റോഡില്‍ നടത്തിയ അഴിഞ്ഞാട്ടത്തെ എന്തിന്റെ പേരില്‍ ആണ് ന്യായീകരിക്കാന്‍ സാധിക്കുക? ജനങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചുകൊടുക്കാന്‍ തുടങ്ങിയ പ്രതിഷേധം പക്ഷെ മറ്റൊരു വര്‍ഗീയ കക്ഷിയായ എസ്.ഡി.പി.ഐ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണ് കണ്ടത്. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും മതവര്‍ഗീയത എന്ന ഒറ്റ നാണയത്തിന്റെ ഇരുവശങ്ങളാണ്.

കത്വ പെണ്‍കുട്ടിയെ കൊന്നതുകൊണ്ടു ആത്മാര്‍ത്ഥമായ സങ്കടം തോന്നിയിട്ടല്ല എസ്.ഡി.പി.ഐ ഇന്ന് സമരത്തിനിറങ്ങിയത്. അത് മുസ്ലിം എന്നുള്ള മുതലെടുപ്പിന് തന്നെയാണ്. എന്നാല്‍ അത് മനസിലാക്കാന്‍ വാട്സ്ആപ്പ് വീരസമരക്കാര്‍ക്കും പിന്തുണക്കാര്‍ക്കും നേരത്തെ സാധിച്ചതുമില്ല. ആര്‍ക്കും അക്കൗണ്ടബിലിറ്റി ഇല്ലാത്ത, അച്ചടക്കമില്ലാത്ത അരാഷ്ട്രീയ-ആള്‍ക്കൂട്ട പ്രതിഷേധങ്ങളില്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ തടയാന്‍ സാധിക്കണം എന്നുമില്ല. അതോടൊപ്പം മുസ്ലിം തീവ്രവാദം റോഡില്‍ അഴിഞ്ഞാടുന്നു.

 

ഇതിനു വേണ്ടിയാണ് പെണ്‍കുട്ടിയുടെ കൊലപതാകം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് എന്നൊക്കെയുള്ള ബി.ജെ.പി വാദത്തിനു ഊക്കം കൂടുകയും ചെയ്തു. സമരം നടത്തിയപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സംഘടനയ്ക്ക് ക്‌ളീന്‍ ചിറ്റ് ആളുകളുടെ മനസ്സില്‍ ഉണ്ടാക്കാന്‍ മാത്രമാണ് ഇന്നത്തെ ഹര്‍ത്താലിന് സാധിച്ചത്. ഒരുപക്ഷെ അത് തന്നെ ആയിരിക്കണം സമരത്തിന് ആഹ്വാനം ചെയാത്തവരുടെയും ഉദ്ദേശ്യം.

അതോടൊപ്പം കഴിഞ്ഞ ആഴ്ചയില്‍ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തെ- “കണ്ട പറയന്റേം പെലച്ചീടേം സമരം- അത് പൊളിക്കണം” എന്ന് പറഞ്ഞു ഒറ്റകെട്ടായി നിന്ന ആളുകള്‍ ആരോ പറഞ്ഞറിഞ്ഞ ഹര്‍ത്താലിന് വരെ കട അടയ്ക്കാനും വീട്ടിലിരിക്കാനും തയ്യാറായി എന്ന് കേള്‍ക്കുമ്പോള്‍ ആണ്, ഇന്ത്യയില്‍ ജാതി എത്ര ആഴത്തില്‍ ആണ് ഇടപെടുന്നത് എന്ന് മനസിലാവുക!.

ഈ വിഷയത്തില്‍ നടന്ന പ്രതികാരങ്ങളിലെ പൊള്ളത്തരമാണ് മറ്റൊരു വിഷയം. ഹിന്ദുത്വ വാദത്തിന്റെ അശ്ലീലമായ ചിന്തകളും ആര്‍.എസ്.എസ പാരമ്പര്യത്തിന്റെ വെറുപ്പും മാത്രം ഭക്ഷിച്ച് ജീവിച്ചു വളര്‍ന്ന …… പോലെയുള്ള വിഷ ജന്തുക്കളുടെ പ്രതികരണം ഒരുവശത്ത് നില്‍ക്കുന്നു. അത് അത്രമേല്‍ നികൃഷ്ടമായി തള്ളിക്കളയുന്നു. മറുവശത്ത് മനുഷ്യന്‍ ആയതില്‍ ലജ്ജ തോന്നുന്ന ഒരു കൂട്ടം ആളുകളുടെ ആത്മാര്‍ത്ഥമായ വേദനയും കാണുന്നു. എന്നാല്‍ ഇവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് പലരുടെയും പ്രതിഷേധവും പ്രതികരണവും.

 

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇത് എന്ന് തെളിഞ്ഞിട്ടും, തിരുവനന്തപുരത്ത് ഇന്നലെ നടന്ന പ്രതിഷേധത്തിലും ആരാണ് കൊന്നത് എന്ന് കൃത്യമായി പറയാതെ പ്രതിഷേധ സൂചകമായി മെഴുകുതിരികള്‍ കത്തിക്കാന്‍ ആയിരുന്നു ആളുകളുടെ ശ്രമം. “പെണ്‍കുട്ടിയെ കൊന്നത് ഹിന്ദുത്വം ആണ് എന്ന് പറയത്തിടത്തോളം കാലം നിങ്ങള്‍ കൊളുത്തുന്ന മെഴുകുതിരികള്‍ നിരര്‍ത്ഥകമാണ് ” എന്ന് അരുണ്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു. അതാണ് സത്യം. ഈ റേപ്പ് കാമപൂര്‍ത്തിയ്ക്കായി നടത്തിയ ഒന്നല്ല എന്ന് വ്യക്തമാകുമ്പോഴും പെണ്‍കുട്ടികളെ “സംരക്ഷിക്കാന്‍ ” ആണ് ആളുകള്‍ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ കത്വ സംഭവത്തിന്റെ കുറ്റപത്രത്തില്‍ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു.

“രസാന പ്രവിശ്യയില്‍ നിന്നും ബക്കര്‍വാള്‍ സമുദായത്തെ എന്നെന്നേയ്ക്കുമായി ഒഴിവാക്കുക എന്ന് താന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പദ്ധതി നടപ്പിലാക്കാന്‍ ജനുവരിയിലെ ആദ്യ ആഴ്ച്ചയിലെപ്പോഴോ പ്രതി സഞ്ജിറാം തീരുമാനിച്ചത് അതില്‍ നിന്നും വെളിപ്പെട്ടു. അതിനായി അയാള്‍ പൊലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ ദീപക് ഖജൂറിയയെയും കുട്ടിക്കുറ്റവാളിയെയും ഗൂഢാലോചനയില്‍ പങ്കാളികളാക്കുകയും വ്യത്യസ്തമായ ദൗത്യങ്ങള്‍ നടപ്പിലാക്കാന്‍ ഇരുവരേയും വെവ്വേറെ ചുമതലപ്പെടുത്തുകയും ചെയ്തു. “മേല്‍പ്പറഞ്ഞ ആളുകള്‍ എല്ലാം ഹിന്ദു വലതുപക്ഷ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു എന്നും തെളിയുന്നു. ഇതൊരു ആസൂത്രിതമായ കൊലയാണ്, പെട്ടന്നുണ്ടായ ലൈംഗിക പൂര്‍ത്തീകരണത്തിന് വേണ്ടി നടത്തിയ ഒന്നല്ല എന്നും ഇതിലൂടെ വ്യക്തമാകുന്നു.


 Read more  കത്‌വ കേസില്‍ രാജിവെച്ച മന്ത്രിക്ക് കശ്മീരില്‍ സ്വീകരണം


ഓരോ റേപ്പും നടക്കുമ്പോള്‍ ആളുകള്‍ എടുത്തണിയുന്ന സുരക്ഷിതമായ കവചമുണ്ട്. അത് ഞാന്‍ അല്ലല്ലോ അല്ലെങ്കില്‍ എന്റെ വ്യവഹാര പരിസരങ്ങളില്‍ അല്ലല്ലോ അത് നടക്കുന്നത്- ഏതൊക്കെയോ മാനസിക രോഗികള്‍ ആണ് ഇത് ചെയ്യുന്നത് എന്നൊക്കെയുള്ള ന്യായമാണ് ഒന്നാമത്തേത്. അതേപോലെയാണ് എനിക്ക് പെണ്‍കുട്ടി ഉള്ളതുകൊണ്ട് വേദനിക്കുന്നു അല്ലെങ്കില്‍ പ്രതികരിക്കുന്നു എന്ന നിലപാട്. ഇത് രണ്ടും ഒരു പോലെ അശ്ലീലമാണ്.

ബലാല്‍സംഗം ഒരു മനുഷ്യാവകാശ ധ്വംസനമാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് പ്രതികരിച്ചവര്‍ എത്രയോ വിരളം ആയിരിക്കും. ഈ മനുഷ്യാവകാശ ധ്വംസനത്തിനു നമ്മള്‍ കലാകാലങ്ങള്‍ ആയി പിന്തുടരുന്ന പുരുഷാധിപത്യ മൂല്യങ്ങള്‍ ആണ് അടിസ്ഥാനം എന്നും, അതിനെ മറികടക്കാന്‍, അല്ലെങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യകരമായ സമൂഹം ഉണ്ടായി വരേണ്ടത് ആവിശ്യമാണ്.

 

അതിനായി ഇനി നമുക്ക് എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാനുള്ള സമയം കൂടിയാണ് ഇത്.

ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും തുല്യ നീതി ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരാനുള്ള മൗലിക അവകാശം ഉണ്ടെന്നു നാം ഓരോരുത്തരും തിരിച്ചറിയണം. ആണും പെണ്ണും മറ്റു ലൈംഗികസ്വത്വങ്ങളും തുല്യരാണ് എന്നും അവര്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ ഈ ഭൂമിയില്‍ അവകാശമുണ്ടെന്നു വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. സ്ത്രീ എന്നാല്‍ ശരീരം മാത്രമല്ല എന്നും- ബലാല്‍സംഗം അവളുടെ മാനത്തിനു എതിര് പോറലും ഏല്‍പ്പിക്കുന്നില്ല എന്നും, കുടുംബത്തിലെ സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നത് മറ്റേതൊരു കുറ്റകൃത്യത്തേയും പോലെയുള്ള ഒന്നാണ് എന്നും, അതില്‍ കുടുംബത്തിന്റെയോ, പുരുഷന്മാരുടെയോ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നില്ല എന്നും മനസിലാക്കാന്‍ സാധിക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറണം. മതം എന്നത് മനുഷ്യന്റെ ഗുണത്തിന് ഉതകുന്നതാകണം, മറ്റൊരുവനെ വെറുക്കാന്‍ പറയുന്ന മതം മതം അല്ല മദം ആണെന്ന് തിരിച്ചറിയണം. നമ്മുടെ വേര്‍തിരിവുകളുടെ അടിസ്ഥാനത്തെ, അതിന്റെ ബോധ്യങ്ങളെ എല്ലാം റദ്ദു ചെയ്ത് വേണം മുന്നോട്ട് നീങ്ങേണ്ടത് എന്ന് തിരിച്ചറിയണം.

പക്ഷെ അത് മെഴുകുതിരി കത്തിച്ച് നില്‍ക്കുന്ന പോലെയോ പ്രൊഫൈല്‍ പിക് മാറ്റുന്ന പോലെയോ എളുപ്പമല്ല. ബലാല്‍സംഗം ഒരു ആയുധമായി പ്രയോഗിക്കപ്പെടുന്ന ഒരു സമൂഹത്തെ മാറ്റാന്‍ നമ്മുടെ ഉറച്ച ബോധ്യങ്ങള്‍ക്കു മാത്രമേ സാധിക്കൂ. അതിനു എന്തായാലും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ആര്‍.എസ്.എസിനോ (ഹിന്ദു വര്‍ഗീയതക്കോ) ഹര്‍ത്താല്‍ നടത്തുന്ന എസ്.ഡി.പി.ഐക്കോ (മുസ്ലിം വര്‍ഗീയതക്കോ) സാധിക്കില്ല. മാനവികതയില്‍ ഊന്നി നില്‍ക്കുന്ന മനുഷ്യനെ സാധിക്കൂ.

 

ഏറ്റവും പ്രധാനം: ഇപ്പോള്‍ പോണ്‍ സൈറ്റുകളിലെ “ചൂടന്‍ “സെര്‍ച്ച് കത്വ പെണ്‍കുട്ടി എന്നതാണ്. ഇത് ഒരു യാഥാര്‍ഥ്യം ആണ്. ഏത് പീഡനം നടന്നു എന്ന് കേട്ടാലും വാട്സ്ആപ്പ് “തുണ്ടു” ഗ്രൂപ്പുകളില്‍ പലരും തിരക്കുന്നത് പീഡനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടാനുണ്ടോ എന്നാണ്. പ്രശസ്ത നടി പീഡനത്തിനിരയായി എന്ന് കേള്‍ക്കുമ്പോഴും ആളുകള്‍ ആദ്യം അന്വേഷിച്ചത്- പുരോഗമനത്തിന്റെ കാവലാളുകള്‍ എന്ന് പൊതുസമൂഹം കരുതുന്ന ആളുകള്‍ ആണ് ഇവരില്‍ പലരും എന്നത് മറ്റൊരു വശം- കിട്ടിയോ എന്നായിരുന്നു. അവരുടെ കേസിലെ കുറ്റപത്രവും മൊഴിയും വായിച്ച് സ്വയംഭോഗം ചെയ്ത ആളുകള്‍ വരെയുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെ മനസിലെ വൈകൃതങ്ങള്‍ എത്ര ഭീകരമാണ് എന്ന് നാം തന്നെ തിരിച്ചറിയുന്നത്.

Also Read ‘ഒരു തൂക്കുകയര്‍ മുകളില്‍ കിടന്നാടുന്നത് ഞാന്‍ കാണുന്നുണ്ട്’; ടി.ജി മോഹന്‍ദാസിനോട് ‘മാപ്പ് പറഞ്ഞ്’ പരിഹസിച്ചു ദീപാ നിശാന്ത്

എന്തിനധികം പറയുന്നു, സ്വന്തം മകളുടെയും, പെങ്ങളുടെയും ഫോട്ടോകള്‍ എങ്ങനെയുണ്ട് ചരക്ക് എന്ന് ചോദിച്ചുകൊണ്ട് കൊച്ചുസുന്ദരികളിലും (കൊച്ചു കുട്ടികളെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആവിശ്യമുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന ഫേസ്ബുക് ഗ്രൂപ്പ്) മറ്റും ധാരാളമായി ഷെയര്‍ ഒരു സമൂഹത്തോടാണ് നമ്മള്‍ ഇത് പറയുന്നത്. ഓരോ മരണത്തിലും മകളെ മാപ്പ് എന്ന് കേഴുന്ന സമൂഹത്തോട് ഒന്ന് മാത്രം പറയട്ടെ, വൈകുന്നേരം മെഴുകുതിരി പ്രതിഷേധം കഴിഞ്ഞു മൊബൈല്‍ തുറന്നു വാട്സ്ആപ്പില്‍ കിട്ടുമോടാ എന്നെങ്കിലും ചോദിക്കാതിരിക്കാനുള്ള പ്രബുദ്ധത നമ്മള്‍ കാണിക്കണം- അതൊരു പിഞ്ചു കുഞ്ഞാണ് – നിങ്ങളുടെ വര്‍ഗീയതയുടെയും ലൈംഗിക വൈകൃതങ്ങളുടെയും ഇരയാവേണ്ടവള്‍ അല്ല. കൊന്നിട്ടുകഴിഞ്ഞു- ഇനിയെങ്കിലും അതിനെ നിങ്ങളുടെ സ്വയംഭോഗ കാമനകളില്‍ നിന്ന് ഒഴിവാക്കണം