പുറമ്പോക്ക് ഭൂമികളിലെ നിസഹായവസ്ഥയും പാര്‍ശ്വവല്‍കൃതരുടെ സമരവീര്യവും
Film News
പുറമ്പോക്ക് ഭൂമികളിലെ നിസഹായവസ്ഥയും പാര്‍ശ്വവല്‍കൃതരുടെ സമരവീര്യവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 8:16 am

കിടപ്പാടം പോകുമെന്ന ഭയത്തില്‍ ജീവിതകാലം മുഴുവന്‍ സമരം ചെയ്യേണ്ട ഒരു ജനത, ആ ദുരിതത്തിനിടയിലും അവര്‍
കണ്ടെത്തുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഈ ഘടകങ്ങളിലൂടെയാണ് ജാക്സണ്‍ ബസാര്‍ യൂത്ത് കടന്നുപോകുന്നത്.
നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്താണ്.

ജാക്സണ്‍ ബസാര്‍ എന്ന പുറമ്പോക് ഭൂമിയിലെ ജാക്സണ്‍ വേലയ്യ നയിക്കുന്ന ബാന്‍ഡ് സംഘമാണ് ജാക്സണ്‍ ബസാര്‍ യൂത്ത്. ജനിക്കുന്ന നാള്‍ മുതല്‍ തന്നെ ജാക്സണ്‍ ബസാറിലെ കുട്ടികള്‍ സമരപന്തലും മുദ്രാവാക്യങ്ങളും കേട്ടാണ് വളര്‍ന്നത്, പിറന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുമോ എന്ന ഭയത്തോടെ. ജാക്സണ്‍ ബസാറിലേക്ക് ഫ്രെയിം വെക്കുമ്പോള്‍ തന്നെ അവിടെ സമരപന്തലും മുദ്രാവാക്യമെഴുതിയ ബാനറും കാണാം. ആ പോരാട്ടത്തില്‍ ആശ്വാസമാകുന്ന, ഊര്‍ജം പകരുന്ന ഇന്ധനമാണ് ട്രംപറ്റിന്റെ സംഗീതം.

ജാക്സണ്‍ ബസാറിന് എതിരായി നില്‍ക്കുന്നത് പാര്‍ശ്വവല്‍കൃതരായ ജനതയെ കുടിയിറക്കാന്‍ തയാറായി നില്‍ക്കുന്ന നിയമ സംവിധാനങ്ങളും അധികാര വിഭാഗവുമാണ്. ആ പുറമ്പോക്ക് ജനതയുടെ നിസഹായവസ്ഥ ജാക്‌സണ്‍ ബസാറില്‍ കാണാം.

മലയാള സിനിമയില്‍ അധികമാരും കൈ വെക്കാത്ത വിഷയമാണ് സംവിധായകനും തിരക്കഥാകൃത്തും തെരഞ്ഞെടുത്തിരിക്കുന്നത്. അവരോടുള്ള ഭരണ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടേയും മനോഭാവങ്ങളും ചിത്രം ഓര്‍മിപ്പിക്കുന്നു. ഇന്നും സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്ന, പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജനതക്ക് പ്രിവിലേജുകളില്ല എന്നത് തന്നെയാണ് ആ മനോഭാവത്തിന് കാരണം. താമസിക്കുന്ന ഭൂമിയില്‍ നിന്നും ഇറക്കിവിട്ടാലും ഭരണ സംവിധാനങ്ങളെ എതിര്‍ത്ത് നില്‍ക്കാനും മാത്രം സ്വാധീനമോ സമ്പത്തോ ഉണ്ടാവില്ല.

ഈ വ്യവസ്ഥിതി മാറണമെങ്കില്‍ പ്രാഥമികമായി സമൂഹം മാറണം, അടിസ്ഥാനവിഭാഗങ്ങളോടുള്ള പൊലീസ് ഉള്‍പ്പെടുന്ന ഭരണ സംവിധാനങ്ങളുടെ മനോഭാവം മാറണം.

ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ലുക്മാന്‍ അവറാന്‍ എന്നിവരാണ് ജാക്‌സണ്‍ ബസാറില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ട്രംപറ്റിന്റെ സംഗീതവും സമര വീര്യവും ഒന്നുചേര്‍ത്ത് പോരാടിയ ജാക്‌സണ്‍ വേലയ്യയെ അവതരിപ്പിച്ച ജാഫര്‍ ഇടുക്കി തന്നെയാണ് ഇവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതുവരെ ചെയ്തതില്‍ നിന്നും വേറിട്ട, കുറച്ച് മിസ്റ്റീരിയസായ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ലുക്മാന്‍ അവറാന്‍, ഫാഹിം സഫര്‍, ചിന്നു ചാന്ദ്‌നി, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചു.

Content Highlight: politics of jackson bazaar youth movie