| Monday, 13th March 2023, 6:26 pm

ചതുരക്കളത്തിലെ ആണ്‍ കാഴ്ചയിലെ പെണ്ണ്, ചതുരം പറയുന്ന രാഷ്ട്രീയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇറോട്ടിക് ഴോണറിലുള്ള സിനിമയാണ് ചതുരം. സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെലേന എന്ന പെണ്‍കുട്ടി അതി സമ്പന്നനും ആണ്‍ബോധവും വെച്ചുപുലര്‍ത്തുന്ന എല്‍ദോ എന്നയാളെ വിവാഹം ചെയ്ത് അയാളുടെ നാട്ടിലെത്തുന്നതും പിന്നീട് നടക്കുന്ന പല സംഭവങ്ങളുമാണ് ചതുരത്തിന്റെ പശ്ചാത്തലം.

സിനിമ മുമ്പോട്ട് സഞ്ചരിക്കുമ്പോള്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും സിദ്ധാര്‍ത്ഥ് നല്‍കുന്ന സ്വഭാവം ഏതാണ്ട് ഒരുപോലെയാണ്. സിദ്ധാര്‍ത്ഥിന്റെ പുരുഷ കഥാപാത്രങ്ങള്‍ സ്ത്രീകളോട് പെരുമാറുന്ന രീതിയിലാണ് സാമ്യത പുലര്‍ത്തുന്നത്. ചിത്രത്തില്‍ സെലേനയുടെ ഭര്‍ത്താവായെത്തുന്ന അലന്‍സിയര്‍ അവതരിപ്പിച്ച എല്‍ദോയെയാണ് ആദ്യം എടുത്ത് പറയേണ്ടത്.

അയാള്‍ എല്ലായ്‌പ്പോഴും സ്ത്രീയെ മോശം കണ്ണിലൂടെ മാത്രമാണ് കാണുന്നത്. ലൈംഗീക ആവശ്യത്തിന് വേണ്ടി മാത്രമാണ് അയാള്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ അയാള്‍ പരിഗണിക്കുന്നത് അത്തരമൊരു അര്‍ത്ഥത്തില്‍ മാത്രമാണെന്ന് കഥ മുമ്പോട്ട് പോകുമ്പോള്‍ വ്യക്തമായി മനസിലാകും. അതിക്രൂരമായ രീതിയിലാണ് അയാള്‍ സ്വാസികയെ മര്‍ദ്ദിക്കുന്നത്. അയാളിലെ പണത്തിന്റെയും ആണത്തത്തിന്റെയും ബോധമാണ് അവിടെ പ്രവര്‍ത്തിക്കുന്നത് മനസിലാക്കാന്‍ സാധിക്കും.

സിനിമയില്‍ റോഷന്‍ മാത്യു അവതരിപ്പിക്കുന്ന ബെല്‍ത്താസര്‍ എന്ന കഥാപാത്രവും ഏതാണ്ട് ഇതുപോലെ തന്നെയാണ് സ്ത്രീകളെ പരിഗണിക്കുന്നത്. എന്നാല്‍ അയാളിലേക്ക് വരുമ്പോള്‍ ആണ്‍ ബോധത്തിന്റെ ഹുങ്കൊന്നും കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ അയാളെ കാണിക്കുന്ന ആദ്യ സീന്‍ മുതല്‍ സ്വാസികയുടെ കഥാപാത്രത്തെ അയാള്‍ നോക്കി കാണുന്നത് ലൈംഗീക താല്‍പര്യങ്ങളോടെ മാത്രമാണ്.

തനിക്ക് ജിജിയുമായി പ്രണയമുണ്ടെന്ന് സെലേനയോട് അയാള്‍ പറയുമ്പോഴും, അവിടെ കുടുംബം കെട്ടിപ്പെടുക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണുള്ളതെന്നും ഒരു ഉമ്മ പോലും കിട്ടില്ലെന്നും അയാള്‍ പറയുന്നുണ്ട്. അപ്പോള്‍ തന്നെ അയാള്‍ക്ക് സ്ത്രീകളോടുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കാന്‍ തിരക്കഥ ശ്രമിക്കുന്നുണ്ട്.

അതുപോലെ തന്നെ സിനിമയില്‍ വന്ന് പോകുന്ന എല്ലാ കഥാപാത്രങ്ങളും സെലേന എന്ന കഥാപാത്രത്തെ നോക്കുന്നത് അതേ കണ്ണിലൂടെ തന്നെയാണ്. വില്‍ പത്രം തയാറാക്കാനായി വീട്ടിലെത്തുന്ന വക്കീലും അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംസാരിക്കാനായി വരുന്ന നാട്ടിലെ പയ്യന്മാരുമടക്കം ഇത്തരത്തില്‍ തന്നെയാണ് സ്ത്രീകളെ നോക്കികാണുന്നത്.

content highlight: POLITICS OF CHATHURAM MOVIE

We use cookies to give you the best possible experience. Learn more