വാഷിങ്ടൺ: ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണെങ്കിലും രാഷ്ട്രീയം യുദ്ധക്കളമായി മാറരുതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ബാലറ്റ് ബോക്സിൽ തീരണമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തെക്കുറിച്ച് സംസാരിക്കവെയാണ് ബൈഡന്റെ പരാമർശം.
‘ഈ രാജ്യത്തെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ വളരെ വലുത് തന്നെയാണ്. അത് ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. ആ ചൂട് തണുപ്പിക്കാൻ, എല്ലാം സാധാരണ നിലയിലേക്കെത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
അമേരിക്കൻ ജനാധിപത്യത്തിൽ വിയോജിപ്പ് അനിവാര്യമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, രാഷ്ട്രീയം ഒരിക്കലും അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറരുത്. അത് ഒരു കൊലക്കളമായി മാറിക്കൂടാ,’ ബൈഡൻ പറഞ്ഞു.
വെടിവെപ്പിനെക്കുറിച്ച് സംസാരിച്ച ബൈഡൻ രാഷ്ട്രീയം സമാധാനപരമായ സംവാദത്തിനുള്ള സ്ഥലമാകണമെന്ന് പറഞ്ഞു. നമ്മുടെ ബോധ്യങ്ങൾ എത്ര ശക്തമാണെങ്കിലും ഒരിക്കലും അക്രമത്തിലേക്ക് ഇറങ്ങരുതെന്ന് ഉറപ്പാക്കാൻ നാമാരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ തിങ്കളാഴ്ച മിൽവാക്കിയിൽ ആരംഭിക്കുമെന്നും താൻ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. തുടർന്ന് അക്രമിയെ സീക്രട്ട് സർവീസ് അംഗം വെടിവച്ചു കൊന്നു. ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20കാരനെന്നാണ് റിപ്പോർട്ട്. ഇയാള്‍ പെന്‍സില്‍വാനിയ സ്വദേശിയാണെന്നാണ് സൂചനകൾ.
വധ ശ്രമത്തിൽ കൊലയാളിയടക്കം രണ്ടുപേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.