ഏറ്റവും കൂടുതല്‍ കലാപം നടന്നത് മതങ്ങളുടെ പേരിലാണ്, മതം നിരോധിക്കാന്‍ ആരും പറയുന്നില്ലല്ലോ: ദീപ നിശാന്ത്
Kerala News
ഏറ്റവും കൂടുതല്‍ കലാപം നടന്നത് മതങ്ങളുടെ പേരിലാണ്, മതം നിരോധിക്കാന്‍ ആരും പറയുന്നില്ലല്ലോ: ദീപ നിശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 7:34 pm

തിരുവനന്തപുരം: ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും കേരളവര്‍മ കോളേജ് അധ്യാപികയുമായ ദീപ നിശാന്ത്. ന്യൂസ് 18 ചാനലിന്റെ ക്യാംപസ് രാഷ്ട്രീയം ആവശ്യമോ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പ്രതികരിക്കവെയാണ് ദീപ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.

സമൂഹിക വിരുദ്ധമായ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നത് തടയാന്‍ ക്യാംപസില്‍ രാഷ്ട്രീയ സംഘടനകല്‍ ആവശ്യമാണ്. അത് അവര്‍ക്ക് ഒരു ജനാധിപത്യ പരിശീലനവുമാണ്. ദീപ നിശാന്ത് പറഞ്ഞു

വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പ്രാപ്തരാക്കാനുള്ള ചുമതലയും കലാലയങ്ങള്‍ക്കുണ്ടെന്ന് കേരളവര്‍മ്മാ കോളേജ് അധ്യാപിക കൂട്ടിച്ചേര്‍ക്കുന്നു. കലാലയങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത് അക്കാദമീഷ്യന്‍സ് മാത്രമാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ദീപ നിശാന്ത് പറയുന്നുണ്ട്.

അഭിമന്യുവിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല. അവനെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി ചിത്രീകരിക്കുന്നത് സംഭവം നിസ്സാരവല്‍ക്കരിക്കല്‍ മാത്രമായിപ്പോവും. വര്‍ഗ്ഗീയത തുലയട്ടെ എന്ന് ചുമരെഴുത്ത് നടത്തിയതിനാണ് അഭിമന്യു കൊല്ലപ്പെട്ടിരിക്കുന്നത്. അത്തരം സംഘടനകളെ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. അതിന് കലാലയ രാഷ്ട്രീയം കൂടിയേ തീരു, ദീപ നിഷാന്ത് പറഞ്ഞു.

ഇവിടെ ഏറ്റവും കൂടുതല്‍ കലാപം നടന്നിട്ടുള്ളത് മതങ്ങളുടെ പേരിലാണ്, എന്നിട്ട് ആരെങ്കിലും മതം നിരോധിക്കണം എന്ന് പറഞ്ഞ് കോടതിയില്‍ പോയോ? ഈ സംഭവത്തിന്റെ പേരില്‍ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം എന്ന വാദത്തിനോട് യോജിക്കാനാവില്ല. ദീപ നിശാന്ത് ചര്‍ച്ചയില്‍ പറഞ്ഞു.