| Thursday, 7th September 2017, 8:21 am

കൊലപാതകത്തിനു പിന്നില്‍ നക്‌സലുകളാണെന്ന് പറഞ്ഞ ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ നക്‌സലുകളാണെന്ന സംശയം ഉയര്‍ത്തിയ ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് താന്‍ ബി.ജെ.പിയില്‍ അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാള്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇന്ദ്രജിത് രണ്ടുമാസം മുമ്പാണ് രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ചതും ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചതും.

ഗൗരി കൊല്ലപ്പെട്ടതിനു പിന്നാലെ നക്‌സലുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഇന്ദ്രജിത് പറഞ്ഞിരുന്നു. നക്‌സലുകളായ പലരെയും മുഖ്യധാരയിലേക്കു കൊണ്ടുവന്ന ഗൗരി ലങ്കേഷിനോട് നക്‌സലുകള്‍ക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു ഇന്ദ്രേജിത്തിന്റെ വാദം.

ഇന്ദ്രജിത്തിന്റെ വാദങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഗൗരിയുടെ കൊലപാതകത്തിനു പിന്നില്‍ നക്‌സലുകള്‍ ആണെന്നു പറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിച്ചത്.


Must Read: ‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍


എന്നാല്‍ ബി.ജെ.പി അനുഭാവിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇന്ദ്രജിത്തിന്റെ ഭാഗത്തുനിന്നും സംഘപരിവാറിനെ പ്രതിരോധിക്കാനുണ്ടായ ശ്രമമാണ് നക്‌സലുകള്‍ക്കെതിരായ ആരോപണമെന്നാണ് വിമര്‍ശനമുയരുന്നത്. കൂടാതെ ഇന്ദ്രജിത്തിന്റെ വാദങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിതയും രംഗത്തുവന്നിരുന്നു. ഇന്ദ്രജിത്ത് എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നു പറഞ്ഞ കവിത ഗൗരി തങ്ങള്‍ക്കൊപ്പമായിരുന്നെന്നും ഇന്ദ്രജിത്തിന് അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഇതിനു പുറമേ കുറച്ചുവര്‍ഷം മുമ്പ് ഇന്ദ്രജിത് ഗൗരി ലങ്കേഷിനെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വമാണ് തനിക്കു ബി.ജെ.പിയിലേക്കു ചേരാന്‍ പ്രചോദനമായതെന്നാണ് ഇന്ദ്രജിത് രാഷ്ട്രീയ പ്രവേശന തീരുമാനം അറിയിച്ചുകൊണ്ട് 2017 ജൂലൈയില്‍ പറഞ്ഞത്. “രാഷ്ട്രീയം മറ്റൊരു ഇടമാണ്. എനിക്കതു യോജിക്കുമോ എന്നേ എനിക്കറിയേണ്ടതുള്ളൂ. ഇതുവരെ ഞാന്‍ ബി.ജെ.പി പ്രത്യയശാസ്ത്രത്തോട് അനുഭാവമുള്ള ആള്‍മാത്രമായിരുന്നു. തീര്‍ച്ചയായും മോദിയുടെയും യദ്യൂരപ്പയുടെയും നേതൃത്വം പാര്‍ട്ടിയില്‍ ചേരാന്‍ എനിക്കു പ്രചോദനമായിട്ടുണ്ട്.” എന്നാണ് രാഷ്ട്രീയ പ്രവേശന കാര്യം പരസ്യമാക്കിക്കൊണ്ട് ഇന്ദ്രജിത്ത് പറഞ്ഞത്.

We use cookies to give you the best possible experience. Learn more