താക്കറെ ന്യൂദല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയം ഇന്ന് ഐ.പി.എല്‍ പോലെയായെന്നും ഏത് ഭാഗത്ത് നിന്ന് ആരാണ് കളിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തും മഹാരാഷ്ട്രയിലും രാഷ്ട്രീയ നിലവാരം താഴ്‌ന്നെന്നും താക്കറെ പറഞ്ഞു.
‘രാജ്യത്തും മഹാരാഷ്ട്രയിലും രാഷ്ട്രീയ നിലവാരം താഴ്ന്നു. ആളുകളെല്ലാം നിരാശയിലാണ്. ജനങ്ങളുടെ ചോദ്യങ്ങളൊന്നും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ പടിവാതിക്കല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്, എന്നാല്‍ എന്താണ് ജനങ്ങളുടെ വീടിന്റെ അവസ്ഥ. സര്‍ക്കാര്‍ അതൊന്നും ശ്രദ്ധിക്കാന്‍ തയ്യാറാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.
നേരത്തെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉദ്ധവ് താക്കറെ ഉന്നയിച്ചിരുന്നത്. ഒരിക്കലും എന്‍.സി.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന വാക്കില്‍ നിന്നും ഫഡ്‌നാവിസ് പുറകോട്ട് പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ബി.ജെ.പി നേതാവ് കളങ്കിതനാണെന്നും താക്കറെ പറഞ്ഞിരുന്നു.
അതേസമയം, താക്കറെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. വ്യക്തികളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇത്ര തരംതാഴ്ന്ന നിലയില്‍ ഉന്നയിക്കുന്നത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ഗഡ്കരി പറഞ്ഞിരുന്നു.
എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ എത്തരത്തില്‍ ഉള്ളതാണെന്ന് ഗഡ്കരിക്ക് മറുപടിയായി ഉദ്ധവ് താക്കറെ ചോദിച്ചു. ‘ഞാന്‍ ഒരു വാക്കാണ് ഉപയോഗിച്ചത്. നിങ്ങള്‍ അപ്പോഴേക്കും അസ്വസ്ഥരായി, നിങ്ങള്‍ കുടുംബങ്ങളെ തകര്‍ത്തു. ഞാനവര്‍ക്ക് കണ്ണാടി കാണിച്ച് കൊടുത്തു. ഞാന്‍ കലങ്ക് എന്ന് മാത്രമാണ് വിളിച്ചത്, അതില്‍ തന്നെ അവര്‍ അസ്വസ്ഥരായി, ‘ അദ്ദേഹം പറഞ്ഞു.
അടുത്തിടെ അജിത് പവാര്‍ എന്‍.സി.പി പിളര്‍ത്തി ഷിന്‍ഡെ പക്ഷത്തിനൊപ്പം പോയിരുന്നു. തുടര്‍ന്ന് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Politics in India has become like IPL now: Uddhav Thackeray