മുംബൈ: സംബിത് പത്ര, സുനില്‍ ദിയോദര്‍ വന്നിവരടങ്ങുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മഹാരാഷ്ട്ര സി.പി.ഐ.എം. പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന ആരോപണത്തിലാണ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാല്‍ഘറില്‍ ആള്‍ക്കൂട്ടം സന്യാസിമാരടങ്ങുന്ന മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തവരില്‍ അഞ്ച് പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.
എന്നാല്‍, പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആരോപിച്ചു.
സംഭവം നടന്ന ഗ്രാമമായ ദിവാശി ഗഡ്ചിന്‍ചലേ ബി.ജെ.പി കോട്ടയാണ്. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി നേതാവാണ് ഗ്രാമതലവന്‍. ഇപ്പോളുള്ള അദ്ധ്യക്ഷനും ബി.ജെ.പിക്കാരന്‍ തന്നെ. ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.