മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററിലെത്തിയിരിക്കുകയാണ്. ഹൊറര്‍ ചിത്രമെന്നോ ത്രില്ലര്‍ എന്നോ പറയുന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമെന്ന തലത്തില്‍ കൂടി ഭ്രമയുഗത്തെ അടയാളപ്പെടുത്തേണ്ടതുണ്ട്.
അടിമയും ഉടമയും തമ്മിലുള്ള സംഘര്‍ഷവും അന്യന്റെ സ്വാതന്ത്ര്യത്തെ വെറും പകിടയാക്കി ചൂതാടുന്ന ഉടമയുടെ രാഷ്ട്രീയവും ഭ്രമയുഗം പറഞ്ഞുവെക്കുന്നുണ്ട്.
സ്വാതന്ത്ര്യം അര്‍ഹിക്കുന്ന മനുഷ്യരേയും എന്നാല്‍ അവരെ അടിമകളാക്കാന്‍ ശ്രമിക്കുന്ന, കള്ളച്ചൂതുകളിലൂടെ ആ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തെയും പ്രതിനിധീകരിക്കുന്നുണ്ട് കൊടുമണ്‍ പോറ്റിയെന്ന മമ്മൂട്ടിയുടെ കഥാപാത്രം.
ഇന്നത്തെ സമൂഹത്തിന്റെ പ്രതിനിധിയായി, അധികാരത്തിന്റെ മുഖമായി പോറ്റിയെ കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഭ്രമയഗുത്തിലുണ്ട്. അധികാരത്തിനായി അവര്‍ സര്‍വതും നശിപ്പിക്കും. തടസമായി നില്‍ക്കുന്ന എല്ലാത്തിനേയും വകവരുത്തും. ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിനെ പോലും കൊന്നു തള്ളും.
അവര്‍ക്ക് മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. അത് അധികാരം മാത്രമാണ്. ആ അധികാരവും അവര്‍ക്കാരും സമ്മാനിക്കുന്നതല്ല, ചതിയിലൂടെയും കള്ളച്ചൂതിലൂടേയും അവര്‍ നേടിയെടുക്കുന്നതാണ്.
സ്വാതന്ത്ര്യത്തിന് വേണ്ടി, ജീവന് വേണ്ടി കാലില്‍ വീണു കേഴേണ്ടി വരുന്ന, ജന്മം തന്നെ അബദ്ധമായിപ്പോയെന്ന് തോന്നേണ്ടി വരുന്ന മനുഷ്യരേയും ഭ്രമയുഗം വരച്ചിടുണ്ട്.
തന്റെ ജന്മം തന്റെ തെരഞ്ഞെടുപ്പായിരുന്നില്ലെന്ന് അവര്‍ക്ക് തോന്നുന്നുണ്ട്. എങ്കിലും ഓരോ നിമിഷവും തങ്ങള്‍ അര്‍ഹിക്കുന്നത് ഇതല്ലെന്ന് അവര്‍ സ്വയം തിരിച്ചറിയുന്നുമുണ്ട്.
തങ്ങള്‍ക്ക് മുന്നിലുള്ള തടസങ്ങള്‍ പൊളിച്ചുനീക്കി മുന്നേറാന്‍ എല്ലാ ശ്രമവും അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ അധികാരത്തിന്റെ ശക്തിക്ക് മുന്‍പില്‍ അവര്‍ തളരുന്നു. എങ്കിലും പോരാട്ടത്തിനൊടുവില്‍ അവര്‍ ജയിച്ചുകയറുന്നു.
അധികാരം ആര്‍ക്ക് കിട്ടിയാലും അത് സാധാരണക്കാരന് മേല്‍ പ്രയോഗിക്കപ്പെടുമെന്ന് അര്‍ജുന്‍ അശോകന്റെ കഥാപാത്രം സിനിമയില്‍ ഒരിടത്ത് പറയുന്നുണ്ട്. നീതിയെന്ന വാക്ക് നിഘണ്ടുവിലില്ലാത്ത, അധികാര ഉന്മാദ ലഹരിനുണയുന്നവരെ കുറിച്ച് തന്നെയാണ് ഭ്രമയുഗം യഥാര്‍ത്ഥത്തില്‍ പറയുന്നത്. എന്നാല്‍ ഇതേ അധികാരത്തിന്റെ മറ്റൊരു രൂപത്തെ കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നതും.
തീര്‍ച്ചയായും മലയാള സിനിമ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രം തന്നെയാകും ഭ്രമയുഗമെന്നതില്‍ സംശയമില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷേഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നുണ്ട്.
കൊടുമണ്‍ പോറ്റിയുടെ മനയിലേക്ക് വഴിതെറ്റിയെത്തുന്ന പാണനായി എത്തുന്ന അര്‍ജുന്‍ അശോകന്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. ഒപ്പം സിദ്ധാര്‍ത്ഥ് ഭരതനും. യഥാര്‍ത്ഥ നായകനും വില്ലനും ആരാണെന്ന ചോദ്യം ബാക്കിവെച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
Content Highlight: Politics behind Mammoottys Bramayugam