| Friday, 16th February 2024, 3:05 pm

സൈനിക താവളങ്ങള്‍ വിട്ടുനല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ച് യു.എ.ഇ; അമേരിക്കയെ വെട്ടിലാക്കി അറബ് രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഇറാന് നേരെയുള്ള യു.എസ് ആക്രമണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്താന്‍ യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ രാജ്യത്തുള്ള സൈനിക താവളങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ യു.എ.ഇ അധികാര വൃത്തങ്ങള്‍ അമേരിക്കന്‍ സേനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

യു.എ.ഇ ഈ നടപടി സ്വീകരിക്കുന്നതിന് പിന്നില്‍ വ്യക്തമായ നിലപാട് ഉണ്ടെന്ന് അമേരിക്കയിലെ ഒരു ഉദ്യോഗസ്ഥര്‍ പൊളിറ്റിക്കോയോട് പറഞ്ഞു.

ഇറാനെതിരെ നേരിട്ട് രംഗത്ത് വരാനും അതേസമയം ഇസ്രഈലിനെതിരെ പ്രതിരോധം നടപ്പിലാക്കാനും യു.എ.ഇ അധികാരികള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി പൊളിറ്റിക്കോ വ്യക്തമാക്കി.

ഏതാനും ചില അറബ് രാജ്യങ്ങള്‍ തങ്ങളുടെ സൈനിക ശേഷിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രാദേശിക സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുന്നത് തിരിച്ചടിക്കാനുള്ള സൈന്യത്തിന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി സര്‍ക്കാര്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ഫലസ്തീന്‍ പൗരന്മാരുടെ മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യങ്ങളുടെ ഈ തീരുമാനമെന്ന് ഉദ്യോഗസ്ഥന്‍പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് പ്രതിരോധമെന്ന നിലയില്‍ സിറിയ, ഇറാഖ്, ചെങ്കടല്‍ തുടങ്ങിയ ഇടങ്ങളില്‍ അമേരിക്ക നടത്തിയ പ്രതിരോധ നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു.

തങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനായി ചില രാജ്യങ്ങള്‍ അവരുടെ സൈനിക മേഖലകള്‍ പ്രതിരോധ നടപടികള്‍ക്കായി യു.എസിന് വിട്ടുനല്‍കുന്നതില്‍ വിസമ്മതം പ്രകടിപ്പിക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത സ്രോതസുകളില്‍ നിന്ന് വിവരം ലഭിച്ചതായി പൊളിറ്റിക്കോ വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ കണക്കുകള്‍ വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രഈലി സര്‍ക്കാര്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയതോടെ ഇറാനും അമേരിക്കയും തമ്മില്‍ വാക്പ്പോര് നിലനില്‍ക്കുന്നുണ്ട്. യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാന്‍ ആണെന്ന് ആരോപിച്ച് യു.എസ് സൈന്യം ഇറാനെതിരെ ഒന്നിലധികം തിരിച്ചടികള്‍ നടത്തുകയുണ്ടായി.

Content Highlight: Politico reports that the UAE has refused to cede military bases to the United States

We use cookies to give you the best possible experience. Learn more