| Wednesday, 30th September 2020, 3:09 pm

കോർപ്പറേറ്റ് ഭരിക്കുന്ന കിഴക്കമ്പലം; രാഷ്ട്രീയ പാർട്ടികൾക്ക് ഇടമില്ലാത്ത ട്വന്റി 20 മോഡൽ

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഒരു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ മെമ്പര്‍മാര്‍ക്കും പ്രതിമാസം പതിനയ്യായിരം രൂപ ശമ്പളം, പഞ്ചായത്ത് പ്രസിഡന്റിന് ഇരുപത്തയ്യായിരം, വൈസ് പ്രസിഡന്റിന് ഇരുപതിനായിരം കൂടാതെ മറ്റ് അലവന്‍സുകളും, മുഴുവന്‍ വാര്‍ഡുകളിലും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കു പുറമെ കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേകം നിയമിച്ച എം.എസ്.ഡബ്ല്യു വര്‍ക്കര്‍മാര്‍.

കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കേട്ടുകേള്‍വി ഇല്ലാത്ത രീതികളിലൂടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തോളം എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നടക്കുന്നത്.

2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ചാരിറ്റി സംഘടനയുടെ ലേബലില്‍ മത്സരിച്ച് അധികാരത്തിലെത്തിയ ട്വന്റി 20 എന്ന ഗ്രൂപ്പാണ് പഞ്ചായത്തില്‍ മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില ഭരണരീതികള്‍ നടപ്പിലാക്കിയത്. കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നല്‍കിയത്.

ട്വന്റി 20 ഇക്കുറിയും രാഷ്ട്രീയ പാര്‍ട്ടിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത പുതിയ രീതികള്‍ അവലംബിച്ച ട്വന്റി 20 യുടെ അഞ്ച് വര്‍ഷങ്ങള്‍ ഒരു പഞ്ചായത്തിനെ കോര്‍പ്പറേറ്റുകളുടെ അടിമയാക്കുകയാണ് എന്ന് അവിടുത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പറയുമ്പോള്‍, 2013ല്‍ രൂപീകൃതമായ ട്വന്റി 20 എങ്ങിനെയാണ് കിഴക്കമ്പലത്തെ രാഷ്ട്രീയ സ്വഭാവം അട്ടിമറിച്ചതെന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിച്ചതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

പ്രാദേശിക തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ടാണ് വന്‍ ഭൂരിപക്ഷത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 എന്ന മുന്നണി അധികാരമേറുന്നത്.

സി.പി.ഐ.എമ്മും, കോണ്‍ഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തില്‍ സി.എസ്.ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി) എന്ന നിയമത്തിന്റെ ചുവടുപിടിച്ച് കിറ്റക്‌സ് കമ്പനി രംഗത്തിറക്കിയ ട്വന്റി 20 കേരളത്തിന് മുന്‍പരിചയമില്ലാത്ത ഭരണ സംവിധാനങ്ങളും രീതികളുമായിരുന്നു മുന്നോട്ട് വെച്ചത്.

കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ഭാവി രാഷ്ട്രീയത്തിന്റെ പരീക്ഷണമാക്കിയേക്കാവുന്ന വിളനിലമായി ട്വന്റി 20 മാറുമെന്ന നീരീക്ഷണങ്ങള്‍ ഈ അഞ്ച് വര്‍ഷക്കാലയളവില്‍ പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നിരുന്നു.

ഇത്തരം നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന അനേകം പരീക്ഷണാത്മക പ്രവര്‍ത്തനങ്ങളാണ് ട്വന്റി 20 കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കിഴക്കമ്പലത്ത് നടത്തിയത്.

ഇതിനിടയില്‍ മുന്നണിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്രസിഡന്റ് കമ്പനിയുടെ നിയമലംഘനത്തിന് കൂട്ടു നില്‍ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ചതും, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കും കിഴക്കമ്പലം സാക്ഷിയായിരുന്നു.

ട്വന്റി 20 എന്ന തങ്ങളുടെ സി.എസ്.ആര്‍ നടപ്പിലാക്കാന്‍ നിയോഗിച്ച ട്രസ്റ്റിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി, ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ മുഴുവന്‍ ഘടനയും കുത്തകവത്കരണത്തിലൂടെ തകര്‍ക്കുകയാണ് കിറ്റക്‌സ് ചെയ്തത് എന്ന വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാണെന്ന തരത്തില്‍ പഠനങ്ങളും പുറത്ത് വന്നിരുന്നു.

നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്‌സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20. കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ട്വന്റി 20യിലൂടെ വിനിയോഗിച്ച് ജനകീയ അടിത്തറയുണ്ടാക്കിയ കിറ്റക്‌സ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 യുടെ ലേബലില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ കമ്പനി നിലനില്‍ക്കുന്ന കിഴക്കമ്പലം എന്ന പഞ്ചായത്തിന്റെ ഭരണം കിറ്റക്‌സ് കൈപ്പിടിയിലാക്കുകയായിരുന്നു.

2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനി നിലനില്‍ക്കുന്ന രണ്ട് വാര്‍ഡുകളില്‍ ട്വന്റി 20 പരാജയപ്പെടുകയും ചെയ്തു. ചേലക്കുളം, കാവുങ്ങപറമ്പ് എന്നീ വാര്‍ഡുകളിലായിരുന്നു കിറ്റക്‌സിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസിന്റെയും എസ്.ഡി.പി.ഐയുടേയും സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

2013ലാണ് ട്രാവന്‍കൂര്‍ കൊച്ചി ലിറ്റററിയില്‍ രജിസ്റ്റര്‍ ചെയ്ത് ടിന്റി 20 ചാരിറ്റബിള്‍ സൊസൈറ്റിയാകുന്നത്. കിറ്റക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ട്രെന്‍ഡ് അവലോകനം ചെയ്യുമ്പോള്‍ 15 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്(തെരഞ്ഞെടുപ്പ് കമ്മീഷന്‍).

2015ല്‍ കിഴക്കമ്പലം പഞ്ചായത്ത് കേരളത്തില്‍ ഒരു പഞ്ചായത്തിലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ട്വന്റി 20 ഭരണമേറ്റെടുക്കുന്നത്. ട്വന്റി 20യുടെ സ്വാധീനത്തില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ ദുര്‍ബലമാകുന്ന കാഴ്ച്ചയായിരുന്നു കിഴക്കമ്പലത്ത് കണ്ടത്.

പതിനഞ്ച് സീറ്റുകള്‍ ഉണ്ടായിരുന്നിടത്തു നിന്ന് കോണ്‍ഗ്രസ് ഒരു സീറ്റിലേക്കും സി.പി.ഐ.എം ചിത്രത്തിലില്ലാതാവുകയുമായിരുന്നു. കേരളം പോലൊരു സ്ഥലത്ത് തികച്ചും അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറിയായിരുന്നു ഇത്. പക്ഷേ ഇത് കേരളത്തില്‍ വിപുലമായ രീതിയില്‍ ചര്‍ച്ചയായിരുന്നില്ല.

തികഞ്ഞ രാഷ്ട്രീയ ബോധ്യമുള്ള ജനതയെന്നാണ് കേരളത്തെ പൊതുവില്‍ വിശേഷിപ്പിച്ച് വരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനുമപ്പുറത്ത് വര്‍ഷങ്ങളായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെപ്പോലും അധികാരത്തിലേറ്റാന്‍ മടിക്കുന്ന ജനതയാണ് കേവലം രണ്ട് വര്‍ഷം കൊണ്ട് ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് തങ്ങളുടെ പഞ്ചായത്തിലും അതുവഴി ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിലും ഇരിപ്പിടമൊരുക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കവെ രണ്ടാം തവണയും മത്സരക്കളത്തിലിറങ്ങുകയാണ് ട്വന്റി 20

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പാണ്‍സിബിലിറ്റിയിലൂടെ അധികാരത്തിലേക്ക്

ലോകത്താകമാനം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ച ആശയമാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അഥവാ കോര്‍പ്പറേറ്റുകളെടെ സാമൂഹിക പ്രതിബദ്ധത. വ്യവസായവത്കരണത്തിന്റെ കാലം തൊട്ട് തന്നെ ഈ ആശയം പ്രചരണത്തിലുണ്ടായിരുന്നു.

21ാം നൂറ്റാണ്ടില്‍ കോര്‍പ്പറേറ്റുകളുടെ ബിസിനസ് വളരുന്നതിനോടൊപ്പം തന്നെ സി.എസ്.ആര്‍ എന്ന ആശയവും വികസിച്ചു. പലരാജ്യങ്ങളും ഉള്ളവനും ഇല്ലാത്തവനും എന്ന പ്രശ്‌നത്തിന് പരിഹാരമെന്ന നിലയ്ക്ക് നിര്‍ബന്ധിത സി.എസ്.ആര്‍ നയങ്ങള്‍ സ്വീകരിച്ചു. കമ്പനികള്‍ തങ്ങളുടെ ആകെ മൂലധനത്തിന്റെ ഒരോഹരി സാമൂഹിക പ്രതിബന്ധതയ്ക്ക് വേണ്ടി മാറ്റിവെക്കുക, അതുവഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം സാമ്പത്തിക ശാസ്ത്രജ്ഞരായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍, മുള്ളറാട്ട് തുടങ്ങിയവര്‍ സി.എസ്.ആറിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

കമ്പനികള്‍ നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് എത്തരത്തില്‍ ലാഭമുണ്ടാക്കാം എന്ന് മാത്രമാണ് ചിന്തിക്കുകയെന്ന് മില്‍ട്ടന്‍ ഫ്രീഡ് മാന്‍ പറയുമ്പോള്‍ സി.എസ്.ആര്‍ വഴി വളരെ കുറച്ചുകാര്യങ്ങള്‍ മാത്രം ചെയ്തുകൊണ്ട് പേരുണ്ടാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്നാണ് മില്ലറ്റ് പറയുന്നത്. കിഴക്കമ്പലത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരോട് സംസാരിക്കുമ്പോഴും ഇതേ വാക്കുകള്‍ തന്നെയാണ് കേള്‍ക്കാന്‍ കഴിയുക. ട്വിന്റിയിലൂടെ കിറ്റക്സ് കമ്പനിയും അതുവഴി സാബു എം ജേക്കബും നേട്ടമുണ്ടാക്കുകയാണെന്ന് ട്വന്റി 20യില്‍ നിന്ന് രാജിവെച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് ഡൂള്‍ ന്യസിനോട് പറഞ്ഞു.

ഇന്ത്യയില്‍ കമ്പനി ആക്റ്റ് 2013 പ്രകാരമാണ് സി.എസ്.ആര്‍ നിര്‍ബന്ധിതമാക്കുന്നത്. ഇതുപ്രകാരാം ആയിരം കോടി ടേണ്‍ ഓവറുള്ളതോ അഞ്ഞൂറ് കോടിക്കുമേല്‍ ആസ്തിയുള്ളതോ, അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതോ ആയ എല്ലാ കമ്പനികളും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനമെങ്കിലും സി.എസ്.ആറിനായി മാറ്റിവെക്കണം.

ഇത് കമ്പനിക്ക് ഇഷ്ടമുള്ള വിധത്തില്‍ ചില നിബന്ധനകളോടെ ചെയ്യാം. ഇത് കൃത്യമായ ഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കിറ്റക്‌സ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ 2013ല്‍ രൂപീകരിച്ചതാണ് ട്വന്റി 20.

അതായത് സര്‍ക്കാര്‍ നിയമപ്രകാരം കിറ്റക്‌സ് കമ്പനി നിര്‍ബന്ധിതമായും ചിലവഴിക്കേണ്ട തുക ചിലവിടാന്‍ നിയോഗിച്ച ചാരിറ്റബിള്‍ ട്രസ്റ്റായിരുന്നു ട്വന്റി 20. പിന്നീട് സി.എസ്.ആര്‍ മുതലെടുത്തുകൊണ്ട് കമ്പനി കിഴക്കമ്പലത്തെ ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുകയായിരുന്നെന്ന് കിഴക്കമ്പലത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നു.

കിഴക്കമ്പലത്തിന്റെ രാഷ്ട്രീയം

1995 മുതല്‍ 2000 വരെ സി.പി.ഐ.എമ്മാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇടവിട്ട് ഭരിച്ചു. 2015ല്‍ മാത്രമാണ് മറ്റൊരു സംഘടനയ്ക്ക് കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവസരം ലഭിക്കുന്നത്.

കിറ്റക്സിന്റെ സി.എസ്.ആര്‍ പോളിസി

‘സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ടു കിഴക്കമ്പലം’ എന്ന ടാഗില്‍ തന്നെയാണ് കിറ്റക്സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ട്വന്റി 20യുടെ പേരില്‍ നടത്തിയത്. ട്വന്റി 20യുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പേര്‍ട്ടുകളിലൊന്നും തന്നെ സി.എസ്.ആര്‍ എന്ന വാക്കിനോ കണ്‍സപ്റ്റിനോ കിറ്റക്‌സ് ഊന്നല്‍ നല്‍കിയിട്ടില്ല.

ഫലത്തില്‍ അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അഥവാ  കമ്പനി നിശ്ചയമായും ചെയ്തിരിക്കേണ്ട കാര്യം തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമായി ട്വന്റി 20 യിലൂടെ കിറ്റക്സ് പ്രതിഫലിപ്പിക്കുകയായിരുന്നു.

ട്വന്റി 20 രൂപീകരിച്ച ഉടന്‍ കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ മേഖലയിലേക്ക് നടന്നുകയറുകയായിരുന്നില്ല കിറ്റക്സ് ചെയ്തത്. രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് സ്വീകരിച്ച ട്വന്റി 20 എന്നാല്‍ സാവകാശം മുഖ്യധാര പാര്‍ട്ടികളെ ഉള്‍പ്പെടെ മലര്‍ത്തിയടിക്കുകയായിരുന്നു.

കിഴക്കമ്പലത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലെല്ലാം തന്നെ കിറ്റക്‌സ് കമ്പനി തങ്ങളുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ ട്വന്റി 20യിലൂടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് കിറ്റക്‌സിന്റെ ഭക്ഷ്യസുരക്ഷാ പ്രോഗ്രാമിനാണ്.

ട്വന്റി 20 മാര്‍ക്കറ്റ് എന്ന് പേരിട്ട ഇവിടെ നിന്ന് കിഴക്കമ്പലം സ്വദേശികള്‍ക്ക് ഭക്ഷ്യ ഉത്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും. ഇത് തന്നെയാണ് കിഴക്കമ്പലത്തെ ട്വന്റി 20 യുടെ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെ ഏറ്റവും മികച്ച പ്രവര്‍ത്തനമായി ഉയര്‍ത്തിക്കാണിക്കുന്നത്.

പൊതുവിതരണ സമ്പ്രദായത്തെ അനുകരിച്ച് കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ട്വന്റി 20 മാര്‍ക്കറ്റില്‍ നിന്ന് കിഴക്കമ്പലം നിവാസികള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുക. പുവര്‍, മിഡില്‍, അപ്പര്‍ ക്ലാസ് തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷനിലൂടെ പദ്ധതിയുടെ പ്രയോക്താക്കളാകാം. സ്വയം തൊഴില്‍ മേഖലകളിലും ട്വന്റി 20 അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്ക്

2015ലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ട്വന്റി 20 ഒരു രാഷ്ട്രീയ എതിരാളിയായി വരുമെന്ന് അന്നത്തെ മുഖ്യധാര പാര്‍ട്ടികള്‍ ഉള്‍പ്പെടെ കരുതിയിരുന്നതല്ല. ഒരു പ്രസ് കോണ്‍ഫറന്‍സിലൂടെ കിഴക്കമ്പലത്തിന്റെ വികസനത്തിനെ പ്രതിനിധാനം ചെയ്ത് ട്വന്റി 20 മത്സരിക്കുകയാണെന്ന് സാബു.എം. ജേക്കബ് പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മുറുകുന്നത്.

അതിനകം തന്നെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കിഴക്കമ്പലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് സ്വീകാര്യത നേടിയ ട്വന്റി 20യ്്ക്ക് തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ എളുപ്പമാകുകയുമായിരുന്നു. ഇതിലുപരിയായി വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ട്വന്റി 20 ഉപയോഗിക്കുകയും ചെയ്തത്.

2016ല്‍ ട്വന്റി 20 യുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരുമായി നടത്തിയ ഫോക്കസ് ഗ്രൂപ്പ് ഇന്റര്‍വ്യൂവില്‍ മെമ്പര്‍മാര്‍ പ്രധാനമായും പറഞ്ഞ കാര്യങ്ങള്‍ ഇവയായിരുന്നു.

ട്വന്റി 20 യുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാരുടെ കൂടിയാലോചനയിലാണ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയാകുന്നത്. നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും ലഭിച്ച സ്വീകാര്യത കൂടി കണക്കിലെടുത്തായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയം.

ഇതില്‍ തന്നെ സമൂഹത്തില്‍ നിര്‍ണായക സ്വാധീനമുള്ളവര്‍ക്ക് കമ്പനി പ്രത്യേക പരിഗണന നല്‍കുകയും ചെയ്തിരുന്നു. മുന്‍ സി.പി.ഐ നേതാവും ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തയാളെയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അന്നത്തെ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കളത്തിലിറക്കിയത്.

സ്ത്രീകളുടെ സ്ഥാനാര്‍ത്ഥിത്വത്തിനും കമ്പനി പ്രത്യക പരിഗണന നല്‍കിയിരുന്നു. ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും കമ്പനി പതിനയ്യായിരം രൂപ മാസ ശമ്പളവും അനുവദിച്ചിരുന്നു. പ്രൊഡക്റ്റിവിറ്റി കൂട്ടുവാനാണിതെന്നായിരുന്നു കമ്പനി പറഞ്ഞത്. കേസ് സ്റ്റഡിയ്ക്കായി ഓരോ വാര്‍ഡുകളിലും എം.എസ്.ഡബ്ല്യു വര്‍ക്കര്‍മാരെയും കമ്പനി നിയോഗിച്ചിരുന്നു.

കിഴക്കമ്പലം നിവാസികളുടെ വരുമാനം, തൊഴില്‍, സാമൂഹിക സാഹചര്യം തുടങ്ങിയ വിവരങ്ങളെല്ലാം ഈ എം.എസ്.ഡബ്ല്യു വര്‍ക്കര്‍മാര്‍ മുഖേന കമ്പനി ശേഖരിച്ചിരുന്നു. മാസ ശമ്പളത്തിലാണ് എം.എസ്.ഡബ്ല്യൂ വര്‍ക്കര്‍മാര്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഇത് ഇപ്പോഴും കിഴക്കമ്പലത്ത് തുടര്‍ന്നു പോരുന്നു.

ഇവര്‍ക്ക് ഇരുപതിനായിരം രൂപയാണ് നല്‍കുന്നതെന്ന് കിഴക്കമ്പലത്തെ ഏക കോണ്‍ഗ്രസ് സ്വതന്ത്ര മെമ്പറായ അനൂപ് ചേലക്കര ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

രണ്ടാംവട്ടവും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുന്ന ട്വന്റി 20

കേരളത്തില്‍ 2020 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കവെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ സമൂഹമാധ്യമങ്ങളെ വിപുലമായ രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത്. ട്വന്റി 20 യും സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം കഴിഞ്ഞ ആറുമാസത്തില്‍ വലിയ രീതിയിലാണ് മെച്ചപ്പെടുത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ ട്വന്റി 20 യുടെ സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യം കഴിഞ്ഞ ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ വ്യത്യാസങ്ങള്‍ കാണാം.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 144 ശതമാനം വളര്‍ച്ചയാണ് ട്വന്റി 20 കിഴക്കമ്പലത്തിന്റെ ഫേസ്ബുക്ക് പേജിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് കേവലം 17 ശതമാനമായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷം 44.3k ലൈക്കുകളുണ്ടായിരുന്ന ട്വന്റി 20 കിഴക്കമ്പലത്തിന്റെ പേജിന് 2020 സെപ്തംബറില്‍ എത്തി നില്‍ക്കുമ്പോള്‍ 108.3kയാണ് ലൈക്കുകള്‍.( source Crowdtangle)

ആകെ പോസ്റ്റ്, ഇന്ററാക്ഷന്‍ റേറ്റ്, പോസ്റ്റ് കൗണ്ട് തുടങ്ങിയ കാര്യങ്ങളിലും 2019നെ അപേക്ഷിച്ച് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വലിയ വളര്‍ച്ചയാണ് ട്വന്റി 20 ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേവലം 50 ഫേസ്ബുക്ക് പോസ്റ്റുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 2020ല്‍ ഇതുവരെ 224 ഫേസ്ബുക്ക് പോസ്റ്റുകളാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വീക്കിലി ഇന്ററാക്ഷന്‍ റേറ്റിലും വന്‍ വര്‍ദ്ധനയാണ് ട്വന്റി 20 ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം പുറത്തു നിന്നുള്ളവരെ കൊണ്ട് തങ്ങളെ പുകഴ്ത്തുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യിപ്പിച്ചാണ് ട്വന്റി 20 തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ചേലക്കുളം വാര്‍ഡിലെ മെമ്പറായ അനൂപ് ചേലക്കുളം പറയുന്നു.

കിഴക്കമ്പലം സ്വദേശികളില്‍ ഭൂരിഭാഗത്തിനും ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മതിപ്പില്ല. പലര്‍ക്കും ഈ മുന്നണിയോട് വിമുഖതയുണ്ട്.

അതിനാല്‍ പുറത്തു നിന്നുള്ളവരെ കൊണ്ട് കമന്റുകള്‍ ചെയ്യിപ്പിച്ച് ട്വന്റി 20 പബ്ലിസിറ്റി നടത്തുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കവെ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള കമ്പനിയുടെ ജീവനക്കാരെ കിഴക്കമ്പലത്ത് കൊണ്ടുചെന്ന് താമസിപ്പിച്ച് വോട്ടര്‍പട്ടികയുള്‍പ്പെടെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനുള്ള നീക്കത്തിലാണ് ട്വന്റി 20 ഇപ്പോള്‍.

ഭരണസമിതി ട്വന്റി 20യ്ക്ക് അനുകൂലമായതുകൊണ്ട് തന്നെ ഇതെല്ലാം വളരെ എളുപ്പത്തില്‍ അവര്‍ക്ക് ചെയ്യാനും സാധിക്കും”, അനൂപ് ചേലക്കുളം പറയുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷം എങ്ങിനെയായിരുന്നു കിഴക്കമ്പലത്തിന്റെ വികസനങ്ങള്‍

സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്ന് ആരോപിച്ചാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവെച്ചത്. കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം. റോഡ് വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കിറ്റക്‌സ് കമ്പനിയേയും സ്വന്തം പ്രോപ്പര്‍ട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് സാബു. എം ജേക്കബ് നടത്തിയതെന്ന് കെ.വി ജേക്കബ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

”പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് മാത്രമല്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. എന്നാല്‍ അത്തരത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ട്വന്റി 20യില്‍ എനിക്കില്ലായിരുന്നു. സാബുവിന് താത്പര്യമുള്ള ആളുകള്‍ക്ക് മാത്രം വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥിതിയായിരുന്നു.

കിഴക്കമ്പലത്ത് ട്വന്റി 20 വിജയിക്കാത്ത രണ്ട് വാര്‍ഡുകളിലെയും ജനങ്ങളോട് വിവേചനപരമായി പെരുമാറുന്ന രീതിയാണ് പൊതുവില്‍ കണ്ടത്. പ്രസിഡന്റ് എന്ന നിലയില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശമുള്ളതാണ്. അത് ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ താത്പര്യത്തിന് അനുകൂലമായി ഉപയോഗപ്പെടുത്തേണ്ടതല്ല. പഞ്ചായത്തിലെ എല്ലാ ആളുകളും കിറ്റക്‌സ് മുതലാളിക്ക് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന തരത്തിലാണ് അദ്ദേഹം പെരുമാറുന്നത്. ജനാധിപത്യരാജ്യത്ത് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കിഴക്കമ്പലം പഞ്ചായത്ത് വികസനകുതിപ്പിലാണെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. പല പദ്ധതികളും സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുകൊണ്ട് പ്ലാന്‍ ഫണ്ടില്‍ ലഭിച്ച ആറ് കോടി രൂപയോളം ലാപ്‌സ് ആയിപോയിരിക്കുകയാണ്. വരുമാനമുള്ള പഞ്ചായത്ത് ആയതുകൊണ്ടാണ് ട്വന്റി 20യുടെ ഭരണത്തിന്റെ പല തിക്ത ഫലങ്ങളും ഇപ്പോള്‍ അനുഭവപ്പെടാത്തത്. ട്വന്റി 20യോട് അതിലെ പല മെമ്പര്‍മാര്‍ക്കും ഇപ്പോഴും എതിര്‍പ്പുണ്ട്. പക്ഷേ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന 15000 രൂപ മാസശമ്പളം വിചാരിച്ചാണ് പലരും ഇപ്പോഴും തുടരുന്നത്. കെ.വി ജേക്കബ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങുന്ന മെമ്പര്‍മാര്‍ക്ക് കമ്പനിയോടാണോ അതോ ജനങ്ങളോടാണോ കൂറുണ്ടാകുക എന്ന ചോദ്യം പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ട്വന്റി 20യോടൊപ്പം ഏറെക്കാലം ചിലവിട്ട കെ.വി ജേക്കബിന്റെ വാക്കുകള്‍.

കിഴക്കമ്പലത്ത് നടക്കുന്നത് കമ്പനി ഭരണമാണെന്ന് ചേലക്കുളത്തെ കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറായ അനൂപ് ചേലക്കുളം പറയുന്നു.
ട്വന്റി 20യോടൊപ്പം നില്‍ക്കാത്തവരോടൊക്കെ പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ട്വന്റി 20 അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനെ ട്വന്റി 20 അട്ടിമറിക്കുകയാണെന്നും തങ്ങളുടെ വാര്‍ഡ് വികസനത്തില്‍ മുഖം തിരിച്ച് നില്‍ക്കുകയാണ് ട്വന്റി 20 ചെയ്യുന്നതെന്നും ചേലക്കുളത്തെ ജനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

കമ്പനിയില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ വലിയ വിവാദമായിരുന്നു. ഇതിലുപരി കാവുങ്ങപറമ്പ്, ചേലക്കുളം എന്നീ വാര്‍ഡുകളിലെ ആളുകള്‍ക്ക് ട്വന്റി 20 കാര്‍ഡ് നിഷേധിക്കുന്നതായും പരാതികളുയര്‍ന്നിരുന്നു. ട്വന്റി 20യ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല എന്ന കാരണത്താല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും കാര്‍ഡ് നിഷേധിച്ചുവെന്നും അവിടുത്തെ ജനങ്ങള്‍ പറയുന്നു.

രാഷ്ട്രീയമായ ആരോപണങ്ങള്‍ മാത്രമാണ് കിഴക്കമ്പലം പഞ്ചായത്തിനെ ചുറ്റിപറ്റി നടക്കുന്നതെന്ന് ട്വന്റി 20യുടെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജി പറയുന്നു. കിഴക്കമ്പലത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന വിവാദങ്ങളെ തുടര്‍ന്നാണ് പല പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് കൃത്യമായ സമയത്ത് ഉപയോഗപ്പെടുത്താത്തതിനെ തുടര്‍ന്ന് ലാപ്സ് ആയിപോയിട്ടുണ്ടെങ്കിലും ട്വന്റി 20യുടെ ഫണ്ട് ഉപയോഗിച്ച് ഇവ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ട്വന്റി 20യോട് കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി 20യുമായുള്ള വിഷയങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ തേടി സാബു.എം.ജേക്കബിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

2013ല്‍ പാര്‍ലമെന്റ് നിര്‍ബന്ധിത സി.എസ്.ആര്‍ പാസാക്കിയതിന് ശേഷമാണ് കിഴക്കമ്പലത്ത് സി.എസ്.ആറിലൂടെ ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറുന്നത്. ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളില്ല എന്നാണ്. പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എന്നൊക്കെയായിരുന്നു. അതെല്ലാം യഥാര്‍ത്ഥ്യത്തില്‍ ഒരു വഞ്ചനയായിരുന്നുവെന്ന് സി.പി.ഐ.എം നേതാവ് കെ.കെ ഏലിയാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

”ഇപ്പോള്‍ അവര്‍ സി.എസ്.ആര്‍ ഫണ്ട് റിപ്രോഡ്ക്റ്റീവായി തന്നെ ഉപയോഗിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സി.എസ്.ആര്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്ന ഒരു തരം നികുതിയാണ്. ഇവിടെ കിറ്റക്‌സ് അത് ചെലവഴിക്കുന്നു. പക്ഷേ അത് ചിലവഴിക്കുന്നത് മറ്റുസ്ഥാപനങ്ങളുടേത് പോലെയല്ല. ഇവിടെ തങ്ങളുടെ അനുകൂലികള്‍ക്ക് മാത്രമായാണ് കിറ്റക്‌സ് ആ തുക ചിലവഴിക്കുന്നത്.

നേരത്തെ ലക്ഷം വീട് പദ്ധതി പ്രകാരം പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പഴയ വീട് ഇവര്‍ പൊളിച്ചു മാറ്റി. പക്ഷേ അത് തിരിച്ച് പണിതു നല്‍കാന്‍ കമ്പനി തയ്യാറായില്ല. കമ്പനിയുമായി വീട്ടുകാര്‍ക്ക് ചില എതിര്‍പ്പുകള്‍ ഉണ്ടായതുകൊണ്ടായിരുന്നു ഇത്. ഇവിടെ പൊളിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതെ ആ കുടുംബത്തെ ദുരിതത്തിലാക്കുകയായിരുന്നു കമ്പനി”. കെ.കെ ഏലിയാസ് കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ് ഓണറേറിയത്തിന് പുറമെയാണ് മെമ്പര്‍മാര്‍ക്ക് 15000 രൂപ കമ്പനി തന്നെ കൊടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് അഴിമതിയാണ്. ഒരു ജനപ്രതിനിധി മറ്റെവിടെ നിന്നും പാരിതോഷികം കൈപ്പറ്റാന്‍ പാടില്ലെന്നുണ്ട്. ഇതെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയാണ്. മാധ്യമങ്ങളെ ഉള്‍പ്പെടെ വിലക്കെടുത്തിരിക്കുകയാണ് ട്വന്റി 20.

ട്വന്റി 20ക്ക് എതിരായി ഒരു വാര്‍ത്തയും മുഖ്യധാര മാധ്യമങ്ങളില്‍ വരില്ല എന്നാണ് പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറയുന്നത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്‍പ്പെടെയുള്ള തുക എടുത്ത് സ്വന്തം പേരിലാക്കി കണക്കുകള്‍ അട്ടിമറിക്കുകയാണ് ട്വന്റി 20 എന്ന ആരോപണം രാജിവെച്ച പ്രസിഡന്റുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും കിഴക്കമ്പലത്ത് ഉന്നയിക്കുന്നതും ഗുരുതരമായി കാണേണ്ട വിഷയമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ഒരു സംഘടന ജനാധിപത്യത്തിന്റെ എല്ലാ രീതികളും പണം ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു എന്നാണ് അവിടുത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് വോട്ടര്‍പട്ടിക വരെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ കമ്പനി നടത്തുകയാണ് എന്ന പ്രതിപക്ഷ മെമ്പറിന്റെ വാക്കുകള്‍ അതീവ ഗൗരവതരമാണ്.

ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് സൃഷ്ടിച്ച സി.എസ്.ആര്‍ നിയമം എങ്ങിനെയാണ് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തി ചില ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കി നിരവധി ജീവിത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ജനതയെ തടവിലാക്കുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാവുകയാണ് കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്ത്.

Content Highlight: Politicizing CSR in Kitex’s Kizhakkambalam Grama Panchayath through Twenty20 Kizhakkambalam

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more