മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ കത്തിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാവ് ഒ.പി രാജ്ഭര്‍
national news
മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ കത്തിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാവ് ഒ.പി രാജ്ഭര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th January 2019, 11:23 am

അലിഗര്‍: മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണം എന്ന ഉത്തര്‍ പ്രദേശ് മന്ത്രി ഒ.പി രാജ്ഭറിന്റെ പ്രസ്താവന വിവാദത്തില്‍. ഞായറാഴ്ച്ച അലിഗഢില്‍ നടന്ന റാലിയിലായിരുന്നു അദ്ദേഹം വിവാദം പരാമര്‍ശം നടത്തിയത്. വര്‍ഗ്ഗീയകലാപത്തില്‍ എന്തുകൊണ്ട് സാധാരണക്കാര്‍ മാത്രം കൊല്ലപ്പെടുന്നെന്നും എന്തു കൊണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്നില്ലെന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

“ഏതെങ്കിലും ഹിന്ദു-മുസ്ലീം കലാപങ്ങളില്‍ വലിയ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നുണ്ടോ? മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ കത്തിക്കണം. എന്നാലെ അവര്‍ അതിന്റെ ഭവിഷത്ത് മനസ്സിലാക്കുകയും മറ്റുള്ളവരെ കത്തിക്കുന്നത് നിര്‍ത്തുകയും ചെയ്യും” രജ്ഭര്‍ പറഞ്ഞു.

Also Read കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ “ഓപ്പറേഷന്‍ ലോട്ടസ്”; 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതായി മന്ത്രി ഡി.കെ ശിവകുമാര്‍

ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വിമര്‍ശകന്‍ കൂടിയാണ് മന്ത്രിയായ രാജ്ഭര്‍. “നേതാക്കള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുന്നു.പക്ഷെ ഇന്ത്യന്‍ ഭരണഘടന പ്രകാരം വോട്ട് ചെയ്യാന്‍ യോഗ്യനായ വ്യക്തി ഇന്ത്യന്‍ പൗരനാണ്. അവരെ പുറത്തേക്ക് വലിച്ചെറിയാന്‍ കഴിയില്ല”- രാജ്ഭര്‍ പറഞ്ഞു.

ശനിയാഴ്ച്ച രാജ്ഭര്‍ എന്‍.ഡി.എ യില്‍ നിന്നും പുറത്തേക്ക് പേകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പ്രധാന കക്ഷിയായ ബി.ജെ.പിയില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നും പറഞ്ഞിരുന്നു.

ഒരുമിച്ച് നിന്നുകൊണ്ട് പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെപി ക്ക് 100 ദിവസം സമയം കൊടുത്തിരുന്നു. ഈ സമയത്തിനുള്ളില്‍ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ സുഹല്‍ദേവ് ബഹപുജന്‍സമാജ് വാജി പാര്‍ട്ടി 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായ വിമര്‍ശനമാണ് രജ്ഭര്‍ ഉയര്‍ത്തിയത്. സ്ഥലപ്പേരുകള്‍ ഇടക്കിടെ മാറ്റുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്നത് നിങ്ങളുടെ തന്നെ മുസ്ലീം നേതാക്കളുടെ പേരുകള്‍ മാറ്റണം എന്നു അദ്ദേഹം പറഞ്ഞിരുന്നു.

“ബി.ജെ.പി മുഗള്‍സരായിയുടെയും ഫൈസലാബാദിന്റെയും പേരുകള്‍ മാറ്റി. ബി.ജെ.പിയിലെ ദേശീയ വക്താവ് ഷഹനാസ് ഹുസൈനിന്റെയും കേന്ദ്രമന്ത്രി മുഖ്ദര്‍ അബ്ബാസ് നഖ്വിയുടെയും ഉത്തര്‍പ്രദേശ് മന്ത്രി മൊഹ്സിന്‍ റാസ തുടങ്ങിയ മുസ്ലീം നേതാക്കളുടെ പേരുകളും മാറ്റട്ടെ”- എന്നായിരുന്നു രാജ്ഭര്‍ പറഞ്ഞത്.