മുംബൈ: പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ്. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് താരത്തിന്റെ ട്വീറ്റ്.
സ്വന്തം നേട്ടങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗപ്പെടുത്തരുതെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് രാഷ്ട്രീയം മാറ്റിവെച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കലാണ് നമ്മുടെ ലക്ഷ്യമെന്നും അതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാഷ്ട്രീയ പ്രതികരണത്തിനുള്ള സമയമല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ബി.ജെ.പി. സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. സംഭവത്തിന് ശേഷം ദേശവ്യാപകമായി കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമവും ശക്തമായിരിക്കുകയാണ്. വിവിധയിടങ്ങളില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ കശ്മീരികളെ കയ്യേറ്റം ചെയ്തു.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.