ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകം മോദി സര്‍ക്കാര്‍ പുതുക്കിപ്പണിതതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്മാരകം നവീകരിച്ച രീതിയെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധങ്ങള്‍ വ്യാപകമാണ്. ഈ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
”രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥം അറിയാത്തവരാണ് ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കുന്നത്. ഞാനുമൊരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, ഞങ്ങള്‍ ഈ ക്രൂരതയ്‌ക്കെതിരാണ്,” രാഹുല്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.
പഞ്ചാബിലെ അമൃത്‌സറില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ലേസര്‍ ഷോയും ഹൈടെക് ഗാലറിയും മറ്റ് ആധുനിക നിര്‍മാണപ്രവര്‍ത്തനങ്ങളും സ്മാരകത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തി എന്നാണ് വിമര്‍ശനമുയരുന്നത്.
സ്മാരകത്തിന്റെ ഭാഗമായ ഇടുങ്ങിയ ഒരു ഇടനാഴിയുടെ നവീകരണവും വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. നവീകരണത്തിന് മുന്‍പും ശേഷവും എന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ചരിത്രകാരനായ കിം.എ.വാഗ്‌നര്‍ പങ്കുവെച്ച ചിത്രത്തെ മുന്‍നിര്‍ത്തി ഒരുപാട് പേര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട റെജിനാള്‍ഡ് ഡയറിന്റെ പട്ടാളക്കാര്‍ ബാഗിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയത് ഈ ഇടനാഴിയിലൂടെയായിരുന്നു. പ്രതിഷേധിച്ചിരുന്ന ഇന്ത്യക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടാതിരിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇടനാഴി അടക്കുകയായിരുന്നു.
നാനക്ഷഹി കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചരിത്രപ്രാധാന്യമുള്ള ഈ ഇടനാഴിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്മാരകം കോര്‍പറേറ്റ്‌വല്‍ക്കരിക്കുകയാണ് ചെയ്തതെന്ന് നിരവധി ചരിത്രകാരന്മാരും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ”സ്മാരകത്തിലുള്ള എല്ലാ കല്ലുകളും ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയുടെ തെളിവുകളാണ്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്തവര്‍ക്ക് മാത്രമേ സ്മാരകത്തെ ഇത്തരത്തില്‍ നിന്ദിക്കാന്‍ കഴിയൂ,” യെച്ചൂരി തന്റെ ട്വീറ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ ഡെപ്യൂട്ടി ലീഡര്‍ ഗൗരവ് ഗൊഗോയ്, ജയ്‌വീര്‍ ഷെര്‍ഗില്‍ തുടങ്ങിയ നേതാക്കളും സ്മാരകം നവീകരിച്ച രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.