[]തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ആഭ്യന്തര വകുപ്പ് വ്യാപകമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. മംഗളം പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. []
സോളാര്‍ വിഷയത്തില്‍ കാര്യമായി അഭിപ്രായം പറയുന്ന മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെയും സോളാര്‍ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവ ര്‍ത്തകരുടെയും ഫോണ്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകളാണ് ചോര്‍ത്തുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എല്‍.എമാരായ ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, ജോസഫ് വാഴയ്ക്കന്‍, രാജു ഏബ്രഹാം, ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ടി.വി. രാജേഷ്, ഇ.പി. ജയരാജന്‍ തുടങ്ങിയവരുടെ ഫോണുകളും ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നുണ്ട്.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ആഭ്യന്തര വകുപ്പ് ചോര്‍ത്തുന്നുണ്ടെന്നാണ് അറിയുന്നത്.
രഹസ്യപോലീസിന്റെ നിരീക്ഷണ വലയത്തിലുള്ള നാന്നൂറോളം പേര്‍ ആരെയൊക്കെ ബന്ധപ്പെടുന്നെന്നും എവിടെയൊക്കെ യാത്രചെയ്യുന്നു എന്നുള്ള എല്ലാ വിവരങ്ങളും അറിയിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല അതതു ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കാണ്. ഇവരുടെ നിര്‍ദേശം അനുസരിച്ചാണ് പ്രമുഖ രാഷ്ട്രീയമാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.