| Sunday, 5th February 2023, 10:14 am

കൂട്ടിലടക്കപ്പെടുന്ന പെണ്‍മക്കളും, മഹത്വവത്ക്കരിക്കപ്പെടുന്ന 'അമ്മ സ്‌നേഹവും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ജനുവരി 26ന് തിയേറ്ററിലെത്തിയ സിനിമയാണ് ‘എന്നാലും ന്റെളിയാ’. തിയേറ്ററുകളില്‍ തരക്കേടില്ലാത്ത വിജയം നേടിയ സിനിമ ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരെ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, ലെന, സിദ്ദീഖ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദുബായില്‍ താമസമാക്കിയിരിക്കുന്ന രണ്ട് മലയാളി കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. താരങ്ങളുടെ പ്രകടനം മികച്ച് നിക്കുമ്പോഴും സിനിമയില്‍ പറഞ്ഞുപോകുന്ന ചില കാര്യങ്ങളോട് പ്രേക്ഷകന് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വിശ്വസ്‌നേഹത്തിന്റെ മഹത്തായ രാഷ്ട്രീയമൊക്കെ സിനിമ പറയുന്നുണ്ടെങ്കിലും ഒരുവേള ടോക്‌സിക് പേരന്റിങ്ങിനെ ഗ്ലോറിഫൈ ചെയ്യുന്നതുപോലെ തോന്നും.

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദി അവര്‍ തന്നെയാണോ? പലപ്പോഴും അങ്ങനെയാക്കി തീര്‍ക്കുകയാണ് നമ്മുടെ സമൂഹം. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതെയാക്കാന്‍ അവരെ കൂട്ടിലടച്ചിടുന്ന കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ‘ആവശ്യത്തിനുമാത്രം ഫ്രീഡം കൊടുക്കുന്ന മോഡേണ്‍ ഫാമിലി’ ആണല്ലോ നമ്മുടെ നാട്ടില്‍ കൂടുതല്‍.

സിനിമയില്‍ ലെന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം, ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൂട്ടിലടച്ചു വളര്‍ത്തുന്ന നിരവധി അമ്മമാരുടെ ഉദാഹരണമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ മക്കളുടെ ജീവിതത്തിലേക്കും അവരുടെ ഫോണിലേക്കുമൊക്കെ കണ്ണും നട്ടിരിക്കുന്ന മാതാപിതാക്കള്‍ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച തന്നെയാണ്. അതിനെയൊക്കെ കൃത്യമായി ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ ഒരു ഘട്ടത്തില്‍ ലെനയുടെ കഥാപാത്രം തന്റെ മകളുടെ ഫോണെടുത്ത് ചെക്ക് ചെയ്യുന്ന രംഗവും കാണിക്കുന്നുണ്ട്. ഇതൊക്കെ പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള അല്ലെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് പ്രണയമുണ്ടോ, അവളുടെ സുഹൃത്തുക്കള്‍ എങ്ങനെയുള്ളവരാണ്, സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ തുടങ്ങി പെണ്‍മക്കളുടെ കാര്യത്തില്‍ നിരന്തരം ആശയക്കുഴപ്പത്തിലാകുന്ന അമ്മമാര്‍ നിരവധിയാണ്.

എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ പേഴ്സണല്‍ സ്പെയ്സിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത് എന്നുപോലുമുള്ള തിരിച്ചറിവ് ഇത്തരക്കാര്‍ക്കില്ല. അത്തരം കാര്യങ്ങളെയൊക്കെ ഈ സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ തന്റെ മക്കളിലേക്ക് എങ്ങനെയാണ് ജാതിയും മതവും അടിച്ചേല്‍പ്പിച്ച് കൊടുക്കുന്നത് എന്ന് കൃത്യമായി സിനിമയില്‍ പറയുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്തിലേക്ക് വരുമ്പോള്‍ ലെന പറയുന്ന ചില ഡയലോഗുകള്‍ എത്രയോ തവണ പലരും ജീവിതത്തില്‍ കേട്ടിട്ടുള്ളതാണ്.

സിനിമയില്‍, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന ചോദ്യത്തിന് അമ്മയുടെ പക്കല്‍ കൃത്യമായ മറുപടിയുമുണ്ട്. ലോകത്തിലുള്ള എല്ലാ അമ്മമാരും പറയുന്നതുപോലെ ‘ഇതൊക്കെ മകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്’ എന്നാണ് ഇവിടുത്തെയും മറുപടി. എന്നാല്‍ അവിടെ വരുമ്പോഴാണ് സിനിമയുടെ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം സംഭവിക്കുന്നത്. അതുവരെ ഇത്തരം മോശം പേരന്റിങ്ങനെ ട്രോളുന്ന സിനിമ ലെനയുടെ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങള്‍ പ്രേക്ഷകനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഈ നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങള്‍ കൊണ്ടാണ് അമ്മ അങ്ങനെയാകുന്നതെന്നും അതൊന്നും അവരുടെ തെറ്റല്ലെന്നും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. ആ ഭാഗങ്ങള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും ന്യായീകരിക്കാമായിരുന്നു.

content highlight: politically incorrect statement in ennalum entaliya movie

We use cookies to give you the best possible experience. Learn more