ചിരിക്കാനായി ഇനിയും ഇത്തരം കോമഡികള്‍ വേണോ?
Film News
ചിരിക്കാനായി ഇനിയും ഇത്തരം കോമഡികള്‍ വേണോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th August 2023, 4:20 pm

ഒരിടവേളക്ക് ശേഷം മലയാളത്തില്‍ കോമഡി എന്റര്‍ടെയ്‌നര്‍ ഴോണറിലെത്തിയ ചിത്രമാണ് കൊറോണ ധവാന്‍. സി.സി. നിതിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ലോക്ഡൗണ്‍ കാലത്ത് നാട് നിശ്ചലമായപ്പോള്‍ മദ്യത്തിനായി പെടാപ്പാട് പെടുന്ന ഒരു കൂട്ടം നാട്ടുകാരുടെ കഥയാണ് പറയുന്നത്.

Spoiler Alert

90കളിലെ ജയറാം, മുകേഷ്, ജഗദീഷ് കോമഡി ചിത്രങ്ങളോട് സാമ്യമുള്ള ഘടനയായിരുന്നു ചിത്രത്തിന്റേത്. നായകനും വില്ലനും അതിനൊപ്പമുള്ള മറ്റ് കഥാപാത്രങ്ങള്‍ ഒരു പ്രശ്‌നത്തില്‍ കിടന്ന് കറങ്ങുകയും ഒടുവില്‍ ഇവരെല്ലാവരും ഒരു കേന്ദ്രത്തിലേക്ക് എത്തി ആ പ്രശ്‌നം അവസാനിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതാണ് 90കളിലെ കോമഡി സിനിമകളുടെ ഒരു അടിസ്ഥാന ഫോര്‍മുല.

പഴയ കോമഡി പടങ്ങളുടെ പേസ് നിലനിര്‍ത്താന് സ്വല്‍പം പാടുപെടുന്ന ഇപ്പോഴത്തെ മോളിവുഡ് സിനിമകളില്‍ കൊറോണ ധവാന്‍ കുറച്ച് ആശ്വാസം നല്‍കുന്നുണ്ട്. പടം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഫുള്‍ ഓണ്‍ കോമഡിയാണ് ചിത്രം.

ചിരിക്കാനുള്ള ഒരുപാട് നിമിഷങ്ങള്‍ കൊറോണ ധവാന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. രസകരമായി പോവുന്ന പടത്തിലെ ചില തമാശകള്‍ കല്ലുകടിയായിരുന്നു. ലുക്മാന്‍ അവതരിപ്പിച്ച വിനുവിനെ നോക്കി ഒരു കഥാപാത്രം പറയുന്നത് നീ അങ്ങ് വളര്‍ന്ന് വലുതായി കാട്ടുമാക്കാനെ പോലെ ആയല്ലോടാ എന്നാണ്.

നാട്ടിന്‍പുറത്തെ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഇതെന്നാണ് പറയുന്നതെങ്കില്‍ അത്തരം സംസാരം ഒഴിവാക്കികൂടെ എന്നാണ് ചോദ്യം. ഡാര്‍ക്ക് സ്‌കിന്‍ ഉള്ളവരെല്ലാം പരിഹസിക്കപ്പെടേണ്ടവരാണെന്ന പൊതുബോധം വീണ്ടും ഉറപ്പിക്കാനല്ലേ ഇത് ഉപകരിക്കൂ. പ്രത്യേകിച്ചും ഇത്തരം അവഹേളനങ്ങള്‍ മറികടന്നു സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച ലുക്മാനോടാവുമ്പോള്‍ അത് കൂടുതല്‍ നീതികേടാവുന്നു. ഇത്തരം പരിഹാസങ്ങള്‍ ഇനിയും തമാശക്കായി ഉപയോഗിക്കരുത്.

ഈ പ്രയോഗത്തിലെ പ്രശ്‌നം മനസിലാക്കുന്നത് കൊണ്ട് തന്നെയാണ്, ഒരു കാലത്ത് മലയാള സിനിമയില്‍ സുലഭമായി ഉപയോഗിച്ചുകൊണ്ടിരുന്ന കാട്ടുമാക്കാന്‍, കരിങ്കുരങ്ങ്, വീപ്പക്കുറ്റി പ്രയോഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കുന്നത്. യൂട്യൂബേഴ്‌സോ കണ്ടന്റ് ക്രിയേറ്റേഴ്‌സോ പോലും ഇത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല. സമാനമായ മറ്റൊന്നാണ് ധര്‍മജനെ കെട്ടിപ്പിടിച്ച് നീ വീണ്ടും ചെറുതായല്ലോ എന്ന് പറയുന്നത്. അതുപോലെ ഭാര്യ ഒളിച്ചോടിയ ജോക്ക്‌സൊക്കെ ഒട്ട്‌ഡേറ്റഡല്ലേ.

ഇത്തരം തമാശകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നതാണ്. അല്ലാതെ തന്നെ കൊറോണ ധവാന്‍ പ്രേക്ഷകന് ചിരി സമ്മാനിക്കുന്നുണ്ട്.

Content Highlight: Politically incorrect comedy in Corona Dhavan movie