ഒടുങ്ങാതെ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; ഒരാള്‍ കൂടി കൊല്ലപ്പെട്ടു: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കല്ല്യാനി: പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. രണ്ട് ജില്ലകളിലായി വ്യാപിച്ച അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പശ്ചിമ ബംഗാളില്‍ ബ്ലോക്ക് പഞ്ചായത്ത് സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മനോരഞ്ജന്‍ പത്രയാണ് കൊല്ലപ്പെട്ടത്.
തൃണമൂല്‍ ഓഫിസിനു മുന്നില്‍ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് സുഖേന്ദു ഹിര അറിയിച്ചു.
ശനിയാഴ്ച്ചയും ഇന്നലെയുമായി നടന്ന അക്രമസംഭവങ്ങളില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുന്‍പ് സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
50 ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കാന്‍ ശ്രമിച്ചതായി കല്ല്യാനി ടൗണ്‍ പ്രസിഡണ്ട് അരൂപ് മുഖര്‍ജിയും പറഞ്ഞു.
സംസ്ഥാനത്ത് നിരന്തരമായുള്ള രാഷ്ട്രീയസംഘര്‍ഷത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.