|

ടി.വി.കെ സമ്മേളനത്തില്‍ വിജയ്ക്കൊപ്പം രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ഒന്നാം സമ്മേളനത്തില്‍ പങ്കെടുത്ത് മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍.

നേരത്തെ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്‌യുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഈ ഊഹാപോഹങ്ങള്‍ക്ക് ടി.വി.കെ സമ്മേളനത്തിലൂടെ നേതാക്കള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ഇതോടെ പ്രശാന്ത് കിഷോര്‍ ടി.വി.കെയുടെ രാഷ്ട്രീയ തന്ത്രജ്ഞനാകുമെന്ന വിലയിരുത്തലുകളാണ് ഉണ്ടാകുന്നത്.

മഹാബലിപുരത്താണ് ടി.വി.കെയുടെ പാര്‍ട്ടി സമ്മേളനം നടക്കുന്നത്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ടി.വി.കെയുടെ സമ്മേളനം.

സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെതിരെ വിജയ് ഗെറ്റൌട്ട് മൂവ്‌മെന്റിന് തുടക്കം കുറിച്ചു. പ്രതിസന്ധികള്‍ പരിഹരിക്കാതെ ഇരുനേതാക്കളും തമ്മില്‍ തല്ലുകയാണെന്നും വിജയ് സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ ടി.വി.കെ സമ്മേളനത്തിനെത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ബൗണ്‍സര്‍മാര്‍ മര്‍ദിച്ചുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ വിജയ് മാപ്പ് പറയണമെന്ന് ചെന്നൈ പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യാതെ സമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബൗണ്‍സര്‍മാര്‍ മര്‍ദിച്ചുവെന്നാണ് വിവരം.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് ‘തമിഴക വെട്രി കഴകം’ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും 2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 2024 ഒക്ടോബര്‍ 27ന് വില്ലുപുരത്ത് പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനവും നടന്നിരുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ലെന്നും പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും. തറയും ചുമരും ഒരുപോലെ ശക്തമായാല്‍ മാത്രമേ വീടിന് ഉറപ്പുണ്ടാവുള്ളുവെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Political strategist Prashant Kishore accompanied Vijay at the TVK conference

Latest Stories