| Tuesday, 24th July 2018, 4:44 pm

ശബരിമല: സര്‍ക്കാറും ദേവസ്വം ബോര്‍ഡും വഴിപിരിയുന്നതിന് പിന്നിലെന്ത്?

എ പി ഭവിത

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്. സ്ത്രീകളെ ക്ഷേത്രപരിസരത്ത് പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ബോര്‍ഡിന് സ്ഥിരമായ നിലപാടില്ലെന്ന് കോടതി വിമര്‍ശിച്ചു. മണ്ഡലകാലത്ത് അഞ്ച് ദിവസം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അറിയിച്ചിരുന്നു.


ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും സര്‍ക്കാര്‍ പറയുന്നു. മാസമുറയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സര്‍ക്കാര്‍ കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ നിലപാട് പ്രഖ്യാപിച്ചതാണ്. ആര്‍ത്തവം ജീവശാസ്ത്രപരമാണ്. അത് പോരായ്മയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനമല്ലെന്നായിരുന്നു കഴിഞ്ഞ തവണ വാദം കേള്‍ക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീ പ്രവേശനം അനുവദിക്കാത്തത്. സ്ത്രീകള്‍ക്ക് നാല്പത്തിയൊന്ന് ദിവസം വ്രതമെടുക്കാന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഈ നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നു.


സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത് പഴയ നിലപാടാണെന്നും ദേവസ്വം ബോര്‍ഡിനോട് ആലോചിച്ചിട്ടില്ലെന്നുമാണ് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അതിന് ശേഷം ബോര്‍ഡ് യോഗം ചേരുകയും സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാമെന്നും തീരുമാനിച്ചു. എന്നാല്‍ കോടതിയില്‍ പഴയ നിലപാട് സ്വീകരിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്റ്റുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനാ മൂല്യങ്ങളാണ് പ്രധാനമെന്നാണ് കോടതി സ്വീകരിച്ച നിലപാട്. ശാരീരികമായ കാരണങ്ങള്‍ കൊണ്ടുള്ള വിവേചനമാണ് ശബരിമലയിലേതെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡ് മൂന്ന് തവണ നിലപാട് മാറ്റിയെന്നും സ്ഥിരം നിലപാടില്ലെന്നും കോടതി കുറ്റപ്പെടുത്തി.


സര്‍ക്കാറും പാര്‍ട്ടിയും അനുകൂലിച്ചും ദേവസ്വം ബോര്‍ഡ് പ്രതികൂലിച്ചും നില്‍ക്കുന്നത് നിലപാട് സംബന്ധിച്ച ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണ്ടെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നുവെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രി പ്രവേശനത്തിന് അനുകൂലമായി നിന്നു. സ്ത്രീ പ്രവേശനത്തിന് ആര്‍.എസ് .എസും അനുകൂലമാണ്. എന്നാല്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വിയോജിപ്പുകളുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വിശ്വാസികളില്‍ അതൃപ്തിയുണ്ടാക്കുമെന്ന ഭയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്.

ബോര്‍ഡും സര്‍ക്കാറും ശക്തമായ നിലപാട് സ്വീകരിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ തിരിച്ചടിയുണ്ടായേക്കുമെയെന്ന് സി.പി.ഐ.എം ഭയക്കുന്നു. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാറാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി യുദ്ധത്തിനില്ലെന്നാണ് എ. പത്മകുമാറും പരസ്യമായി പറയുന്നത്.

ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ കൈകടത്തില്ലെന്നും സ്വതന്ത്രമായി നിലപാട് സ്വീകരിക്കാനുള്ള അധികാരമുണ്ടെന്നുമാണ് സര്‍ക്കാറിന്റെ പക്ഷം.ശബരിമലയില്‍ പോകണമെന്ന് വിശ്വാസികളായ സ്ത്രീകള്‍ ആവശ്യപ്പെടാത്തതിനാല്‍ കോടതിയുടെ ഉത്തരവനുസരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം. പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടാല്‍ പോലീസ് സ്ത്രീകളെ തടയുന്നത് അവസാനിപ്പിക്കും. ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങളില്‍ ഇടപെടാറില്ലെന്നും അതുപോലെയാണ് ബോര്‍ഡിന്റെ കാര്യത്തിലെന്നും സര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more