| Sunday, 26th January 2014, 10:15 am

റിപ്പബ്ലിക് ദിന സന്ദേശത്തിനിടയില്‍ മന്ത്രിമാരുടെ രാഷ്ട്രീയം: പത്തനം തിട്ടയിലും എറണാകുളത്തും പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ക്കിടയില്‍ മന്ത്രിമാര്‍ രാഷ്ട്രീയം പ്രസംഗിച്ചുവെന്നാരോപിച്ച് പ്രതിഷേധം. എറണാകുളത്തും പത്തനംതിട്ടയിലുമാണ് പ്രതിഷേധം നടന്നത്.

എറണാകുളത്ത് മന്ത്രി കെ.ബാബു യു.ഡി.എഫിന്റെ ഭരണനേട്ടങ്ങളെ കുറിച്ചും സര്‍ക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചും സംസാരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

അതേസമയം പത്തനംതിട്ടയില്‍ മന്ത്രി വി.എസ് ശിവകുമാര്‍ തന്റെ വകുപ്പായ ആരോഗ്യമേഖലയില്‍ കൈവരിക്കാനായ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചതാണ് വിവാദമായത്.

പത്തനംതിട്ടയില്‍ മന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരേഡ് ഗ്രൗണ്ടില്‍ പ്രതിഷേധം നടത്തുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.

ഇതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ തന്റെ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും എന്നാല്‍ അതു മാറ്റാന്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരെ ശക്തമായി പോരാടണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിന്  കഴിയണം- ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more