ഫലസ്തീന്‍ വിഷയത്തില്‍ ശ്രദ്ധേയമായ പഠനങ്ങളും നിരീക്ഷണങ്ങളും പങ്ക് വെക്കാറുള്ള ഗവേഷണ കൂട്ടായ്മയാണ് Palestine Centre for Policy and Survey Research. ഫലസ്തീന്‍ മനസ്സറിയാനുള്ള ഏറ്റവും വിശ്വസനീയ സോഴ്‌സാണ് ഇവരുടെ സര്‍വേകളും പഠനങ്ങളും. ഈയടുത്ത് ഏതാനും ദിവസങ്ങളുടെ വെടിനിര്‍ത്തല്‍ ഉണ്ടായ അവസരത്തില്‍ അവര്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ഇന്നലെ പുറത്ത് വിട്ടിട്ടുണ്ട്.
1. ഹമാസിന്റെ ഒക്‌റ്റോബര്‍ 7 ലെ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്‌റ്റോബര്‍ 7 ലെ ആക്രമണം ശരിയായിരുന്നോ എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായ ചോദ്യം. ഇതിന് മഹാഭൂരിപക്ഷം ഫലസ്തീനികളും(72 %) ‘അതെ’ എന്നാണുത്തരം നല്‍കിയത്. ശരിയല്ലായിരുന്നു എന്ന് 22 % പേര്‍ പറഞ്ഞപ്പോള്‍ 6 % പേര്‍ ഒന്നും പറഞ്ഞില്ല(മേഖലാ തലത്തില്‍ നോക്കിയാല്‍ വെസ്റ്റ് ബാങ്കില്‍ 82 % പേരും ഗസയില്‍ 57 % പേരും ‘അതെ’ എന്ന് അഭിപ്രായപ്പെട്ടവരാണ്.) (ഗ്രാഫ് 1 കാണുക)
2. ഗസയിലെ ഇസ്രഈലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഗസ തരിപ്പണമാക്കി ഫലസ്തീനികളെ ആട്ടിയോടിക്കലാണെന്ന് 53 % പേരും അഭിപ്രായപ്പെട്ടപ്പോള്‍ 42 % പേര്‍ ഹമാസിനെതിരായ പ്രതികാരമാണെന്ന് അഭിപ്രായപ്പെട്ടു. ഗസക്കാരെ ആട്ടിയോടിക്കുന്നതില്‍ ഇസ്രഈല്‍ ലക്ഷ്യം കാണില്ലെന്നാണ് 85 % കരുതുന്നത്.
3. 70 % പേരും വിശ്വസിക്കുന്നത് ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ ഇസ്രഈലില്‍ പരാജയപ്പെടുമെന്നാണ്. വെറും 8 % പേര്‍ മാത്രം ഇസ്രായേല്‍ ലക്ഷ്യം കാണുമെന്ന് പറഞ്ഞപ്പോള്‍ 21 % പേര്‍ ഹമാസും അതിന്റെ പ്രതിരോധവും ദുര്‍ബലമാവുമെന്ന് അഭിപ്രായപ്പെട്ടു.
4. ഇപ്പോഴത്തെ ദുരിതത്തിന് ഇസ്രഈലിനെ കുറ്റപ്പെടുത്തുന്നവരാണ് ഭൂരിപക്ഷവും(52%). 26 % അമേരിക്കയെ കുറ്റപ്പെടുത്തുമ്പോള്‍ 11 % മാത്രം ഹമാസിനേയും 9 % മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയേയും കുറ്റപ്പെടുത്തുന്നു.
5. ഇസ്രഈല്‍ യുദ്ധ കുറ്റ കൃത്യങ്ങള്‍ ചെയ്തതായി 95 % പേരും കരുതുമ്പോള്‍ 90 % പേരും ഹമാസ് അങ്ങനെ ചെയ്തതായി കരുതുന്നില്ല.
6. യുദ്ധാനന്തര ഗസയുടെ നിയന്ത്രണം ആരെ ഏല്‍പ്പിക്കണമെന്ന ചോദ്യത്തിന് 60 % പേരും ഹമാസിനെ എന്ന് പറഞ്ഞപ്പോള്‍ 7 % പേര്‍ മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയെയും 16 % പേര്‍ മഹ്മൂദിനെ ഒഴിവാക്കിയുള്ള ഫലസ്തീന്‍ അതോറിറ്റിയെയും തിരഞ്ഞെടുത്തു. ശ്രദ്ധേയമായ കാര്യം നിലവില്‍ ഫലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലാണ് ഹമാസിന് കൂടുതല്‍ പിന്തുണ എന്നതാണ്( വെസ്റ്റ് ബാങ്ക് – 75, ഗസാ – 38)
7. യുദ്ധാനന്തരം മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളുടേയും(ഗസാ, വെസ്റ്റ് ബാങ്ക്) സംരക്ഷണ ചുമതല ഫലസ്തീന്‍ അതോറിറ്റി നിയന്ത്രണത്തിലാക്കി അറബ് സംരക്ഷണ സേനയെ ഏല്‍പിക്കുക എന്ന നിര്‍ദ്ദേശത്തെ മഹാഭൂരിപക്ഷവും എതിര്‍ക്കുന്നു(ഏകദേശം 70%). അടിസ്ഥാന ഭരണ ചുമതലയുടെ ഭാഗമായി അറബ് സേന വരുന്നതിനെ പോലും ഭൂരിഭാഗവും എതിര്‍ക്കുന്നു(ഏകദേശം 55%).
8. മഹാഭൂരിക്ഷം ഫലസ്തീനികളും കരുതുന്നത് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇപ്പോഴെടുത്ത നിലപാട് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ അംഗീകരിക്കാത്തതാണ് എന്നാണ്(87%).
9. നിലവിലെ യുദ്ധത്തില്‍ വിവിധ പാര്‍ട്ടികളും നേതാക്കളും എടുത്ത നിലപാടുകളോടുള്ള അഭിപ്രായവും സര്‍വേയിലുണ്ട്.
10. അറബ് രാജ്യങ്ങളോടുള്ള സമീപനവും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ പേര്‍ സംതൃപ്തി രേഖപ്പെടുത്തിയത് യമന്‍ എടുത്ത നിലപാടിനോടാണ്(80%). സ്വാഭാവികമായും സൌദിയും(5) യു എ ഇ യും(8) ഏറ്റവും പിന്നിലാണ്. ഖത്തര്‍(56), ഹിസ്ബുള്ള(49), തുര്‍ക്കി(34), ഈജിപ്ത്(23), ജോര്‍ദാന്‍(24) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റേറ്റിംഗ്. (ഗ്രാഫ് 3 കാണുക)
11. അന്താരാഷ്ട്ര രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യന്‍ നിലപാടില്‍ 22 % സംതൃപ്തരാണ്. ചൈന 20, യു എന്‍ 6, യു കെ 4, ഫ്രാന്‍സ് 5 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റേറ്റിംഗ്. തീര്‍ത്തും സ്വാഭാവികവും പ്രതീക്ഷിച്ചതും തന്നെയാണ് അമേരിക്കന്‍ നിലപാടിനോടുള്ള പ്രതികരണം. വെറും 1 % മാത്രം അമേരിക്കന്‍ നിപോടിനെ പിന്തുണക്കുന്നു. (ഗ്രാഫ് 4 കാണുക)
12. നിലവില്‍ ഫലസ്തീന്‍ അതോറിറ്റി തലവനായ മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് മുഹമ്മദ് ഹനിയ്യയും തമ്മില്‍ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നാല്‍ ആരെ പിന്തുണക്കുമെന്ന ചോദ്യത്തിന് 78 % പേര്‍ ഹനിയ്യയെയും 16 % അബ്ബാസിനേയും തിരഞ്ഞെടുത്തു. പക്ഷേ 53 % മാത്രമായിരിക്കും പോളിംഗ്. ശ്രദ്ധേയമായ കാര്യം 3 മാസങ്ങള്‍ക്ക് മുമ്പ് ഇത് യഥാക്രമം 37 ഉം 58 ഉം ആയിരുന്നു. ശ്രദ്ധേയമായ കാര്യം അബ്ബാസിന് പകരം ഇപ്പോള്‍ ജയിലിലുള്ള ഫതഹ് നേതാവ് മര്‍വന്‍ ബര്‍ഗൂതി ആയാല്‍ 51 % പേരുടെ പിന്തുണ ഉണ്ട്. ബര്‍ഗൂതിക്കെതിരെ 45 % ന്റെ പിന്തുണ മാത്രമേ ഹനിയ്യക്കുള്ളൂ. മാത്രമല്ല, പോളിംഗ് 69 % ആയി ഉയരും. (ഗ്രാഫ് 5 കാണുക)
13. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ 43 % പേരുടെ പിന്തുണ ഹമാസിനുള്ളപ്പോള്‍ 17 % മാത്രമാണ് ഫതഹിനെ പിന്തുണക്കുന്നത്. ബാക്കിയുള്ളവര്‍ മറ്റ് പാര്‍ട്ടികളെ പിന്തുണക്കുകയോ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യുന്നു. (ഗ്രാഫ് 6 കാണുക)
14. ഫലസ്തീനികളെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അര്‍ഹത ഹമാസിനാണെന്ന് 54 % പേരും പറയുന്നു. 13 % മാത്രം ഫതഹിനെ പിന്തുണക്കുന്നു(യുദ്ധത്തിന് മുമ്പ് ഇത് 27 ഉം 24 ഉം ആയിരുന്നു.)
15. സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിനായി മുന്നോട്ടുള്ള വഴി എന്തെന്ന ചോദ്യത്തിന് 69 % പേരും സായുധ പോരാട്ടത്തെ പിന്തുണക്കുമ്പോള്‍ 39 % ആയുധമേന്താത്ത പ്രതിരോധ മാര്‍ഗത്തേയും 55 % കൂടുതല്‍ സജീവമായ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകളേയും പിന്തുണക്കുന്നു(3 മാസം മുമ്പ് സായുധ പോരാട്ടത്തിനുള്ള പിന്തുണ 58 % ആയിരുന്നു). ഫലസ്തീന്‍ ജനതക്ക് നേരെ കൂടി വരുന്ന ഭീകരാക്രമണങ്ങള്‍ നേരിടാനും സായുധ ഗ്രൂപ്പുകള്‍ അനിവാര്യമാണെന്ന് ഭൂരിപക്ഷവും കരുതുന്നു(56% ; മൂന്ന് മാസം മുമ്പ് 47 %) (ഗ്രാഫ് 7 കാണുക)
16. ഫലസ്തീന്‍ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ എന്തായിരിക്കണം അവരുടെ പ്രധാന ലക്ഷ്യമെന്ന ചോദ്യത്തിനുള്ള മറുപടി വളരെ ശ്രദ്ധേയമാണ്. 43 % പേര്‍ പറയുന്നത് അധിനിവേശം അവസാനിപ്പിച്ച് 1967 ന് മുമ്പുള്ള അതിര്‍ത്തി തിരിച്ച് പിടിക്കുക എന്നതാണ്. 36 % കരുതുന്നത് 1948 അതിര്‍ത്തികളിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചെത്തിക്കുക എന്നതാണ്. 11 % പേര്‍ കാണുന്ന ലക്ഷ്യം ഭക്തരും മത വിശ്വാസം മുറുകെ പിടിക്കുന്നവരുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണ്. 7 % പേര്‍ ഫലസ്തീനികളുടെ അവകാശങ്ങളും സ്വാതന്ത്രവും അംഗീകരിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കുന്നത് ലക്ഷ്യമായി കാണുന്നു.
1. സാധാരണക്കാരായ ഫലസ്തീനികള്‍/ഹമാസ് എന്ന ദ്വന്ദം വസ്തുതാ വിരുദ്ധവും ഫലസ്തീന്‍ പ്രതിരോധങ്ങളെ പൈശാചികവല്‍ക്കരിക്കാനുള്ള സയണിസ്റ്റ് പ്രൊപഗന്റെയുടെ ഭാഗവുമായി ആസുത്രിതമായി ഉണ്ടാക്കിയെടുത്തതുമാണ്. മഹാ ഭൂരിപക്ഷം ഫലസ്തീനികളും ഹമാസിന്റെ പോരാട്ടത്തെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഒക്‌റ്റോബര്‍ 7 ന് നടന്ന ആക്രമണവും ഇസ്രഈലിന്റെ വംശീയ കൂട്ടക്കൊലകളും ആ പിന്തുണയെ ദുര്‍ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്തത്. സായുധ പോരാട്ടം മാത്രമാണ് മാര്‍ഗമെന്ന് അവരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു.
2. നിലവിലെ ഫലസ്തീന്‍ അതോറിറ്റിക്കും മഹ്മൂദ് അബ്ബാസിനും ഫലസ്തീനികള്‍ക്കിടയില്‍ നാമമാത്ര പിന്തുണയേ ഉള്ളൂ. അതാണെങ്കില്‍ നാള്‍ക്ക് നാള്‍ കുറയുകയുമാണ്. ഹമാസ് നേതാക്കളില്‍ കൂടുതലും വലിയ തോതില്‍ ജന പിന്തുണ ഉള്ളവരാണെങ്കില്‍ ഫതഹില്‍ മര്‍വന്‍ ബര്‍ഗൂതിയെ പോലുള്ള ഒന്നോ രണ്ടോ പേരിലൊതുങ്ങുന്നു.
3. മേഖലയിലെ ഭൂരിപക്ഷം അറബ് രാജ്യങ്ങളുടേയും തനി നിറം മനസ്സിലാക്കി അവരെ ഫലസ്തീനികള്‍ തള്ളിക്കളയുന്നു. ഏല്ലാ അര്‍ത്ഥത്തിലും ഏറ്റവും വിഭവ ശേഷി കുറഞ്ഞ രാജ്യമായ യമനെ 80 % ഫലസ്തീനികള്‍ പിന്തുണക്കുമ്പോള്‍ വെറും 5 % മാത്രമാണ് സൌദിയെ പിന്തുണക്കുന്നത്. കുറച്ച് വെള്ളക്കുപ്പിയും ബ്രഡും എത്തിച്ച് കൊടുത്താല്‍ ഫലസ്തിന്‍ മനസ്സ് വിലക്കെടുക്കാമെന്ന് കരുതുന്നത് പമ്പര വിഡ്ഢിത്തം മാത്രമാണ്.
4. അറബ് രാജ്യങ്ങളിലെ മാത്രമല്ല, അമേരിക്കന്‍, പാശ്ചാത്യ ഭരണാധികാരികളേയും ഫലസ്തീനികള്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
5. എത്ര തന്നെ മാധ്യമ സ്വാതന്ത്രം വിലക്കിയാലും വിലക്കെടുത്താലും സത്യം മൂടിവെക്കാന്‍ ഈ കാലത്ത് കഴിയില്ല.
6. ഹമാസിനെ പിന്തുണക്കുന്നവരെല്ലാം അവരുടെ മത ചിന്തകള്‍ അംഗീകരിക്കുന്നവരോ അതില്‍ ആകൃഷ്ടരായവരോ അല്ല. ഒരു നല്ല മതാത്മക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്നത് വെറും 11 % ആണെങ്കില്‍ ഇസ്രഈലിനോട് പോരാടി ഫലസ്തീനികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്ഷ്യമിടുന്നവര്‍ അതിലുമെത്രയോ മാങ്ങാണ്. ആ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിലെ ആത്മാര്‍ത്ഥതയും വിശ്വാസ്യതയുമാണ് ഹമാസിനെ ഫലസ്തീനികള്‍ക്കിടയില്‍ സ്വീകാരമാക്കുന്നത്. ഫതഹിലെ മഹ്മൂദ് അബ്ബാസ് ഇക്കാരണങ്ങള്‍ കൊണ്ട് അസ്വീകാര്യനാവുമ്പോള്‍ ഫതഹിലെ തന്നെ ഉജ്ജ്വല പോരാളിയായിരുന്ന മര്‍വന്‍ ബര്‍ഗൂതി ജന പിന്തുണയില്‍ ഹമാസ് നേതാക്കളെ പോലും കടത്തി വെട്ടുന്നു.
7. ഒരു വിധ യുദ്ധത്തേയും ഭീകരതേയും തകര്‍ക്കാന്‍ പറ്റാത്ത അസാമാന്യ മനുഷ്യരാണ് ഫലസ്തീന്‍ ജനത. അവരെ ആട്ടിയോടിച്ച് കാലാ കാലവും സ്വസ്ഥമായി കഴിയാമെന്ന് ആര് കരുതിയാലും നടക്കൂല.
content highlights: Political Party, Friendly Country, Armed Struggle; What does the Palestinian mind say? Detailed survey report