“നോ ബി.ഓ.ടി നോ ടോള്‍” എന്ന കൃത്യമായ മുദ്രാവാക്യം വെച്ചാണ് പാലിയേക്കരയില്‍ സമരം നടക്കുന്നത്. കഴിഞ്ഞ പത്തൊന്‍പതു ദിവസമായി നിരാഹാരം തുടര്‍ന്നിട്ടും സര്‍ക്കാരോ പ്രതിപക്ഷമോ സമരം കണ്ടതായി നടിക്കുന്നില്ല. നൂറു കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ടോള്‍ പിരിക്കുന്നതിനാല്‍ ഉപരോധിക്കുക എന്നത് ഈ ചെറിയ സംഘടകളെകൊണ്ട് സാധിക്കുന്നതല്ല. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മുന്നോട്ടു വെച്ച ഒരഭിപ്രായം (ടോള്‍ ഇല്ലാതെ മുഴുനീള സര്‍വീസ് റോഡ് എന്നത് എങ്കിലും) നടപ്പാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.
എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ അതില്‍ നിന്നും പിറകോട്ടു പോയി. കരാര്‍ ഒപ്പിട്ടു കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ആവില്ല എന്ന് മുഖ്യമന്ത്രി പലവട്ടം ആവര്‍ത്തിച്ചു. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.ഐ.പി.എല്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് കൊണ്ടുതന്നെ അത് നിയമവിധേയമല്ല എന്നും സമരസമിതി ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കും എന്ന് വാഗ്ദാനം നല്‍കിയ കമ്പനി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാത അപകടങ്ങള്‍ പതിയിരിക്കുന്ന അപൂര്‍ണ്ണമായ ഒന്നാണ്. ബി.ഒ.ടി ക്ക് എതിരായ സമരമെന്നത് പലപ്പോഴും അമൂര്‍ത്തമായിട്ടാണ് പൊതുസമൂഹത്തിനു തോന്നിയിട്ടുള്ളത്. ആഗോളഉദാരസ്വകാര്യ വല്‍ക്കരണ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലകളിലും ടോളും സെസ്സും സ്വാശ്രയ സ്ഥാപനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ബി.ഓ.ടി വിരുദ്ധ മുദ്രാവാക്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. എന്നാല്‍ മട്ടാഞ്ചേരി പാലത്തിന്റെ കണക്കു പുറത്തു വന്നപ്പോള്‍ (പതിമൂന്നു കോടി മുടക്കി പാലം നിര്‍മ്മിച്ച കമ്പനി ഇതിനകം 170 കോടി രൂപ പിരിച്ചു കഴിഞ്ഞുവെന്നും ഇനിയും ആറു വര്‍ഷത്തേക്ക് കൂടി പിരിക്കാന്‍ അനുവാദം തേടിയിരിക്കുകയുമാണെന്ന് അറിഞ്ഞപ്പോള്‍ ഇതിലെ കൊള്ള കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞു. എന്നിട്ടും നാല്‍പ്പത്തഞ്ചു മീറ്ററില്‍ ബി.ഓ.ടിപാത എന്ന സര്‍ക്കാര്‍ നയത്തിനെ എതിര്‍ക്കാന്‍ കുടിയോഴിക്കപ്പെടുന്നവര്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.
ഈ സാഹചര്യത്തില്‍ ആണ് പാലിയേക്കര സമരം വ്യത്യസ്തമാകുന്നത്. അവിടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്‌നമില്ല. അത് പൂര്‍ത്തിയായി. പ്രാദേശിക ജനതയ്ക്ക് ചില്ലറ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നിട്ടും അവിടെ സമരം ശക്തിപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രധാന രാഷ്ട്രീയ പ്രശ്‌നം. കേരളം പോലൊരു സമൂഹത്തില്‍ ഒരു ബി.ഓ.ടി റോഡു എത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും, എന്ന് പ്രായോഗികമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അവിടെ. അങ്ങനെ ആ ജനങ്ങളാണ് സമരത്തിന് വന്നിട്ടുള്ളത്. പ്രാദേശിക ജനത ഉയര്‍ത്തുന്നത് ദേശീയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇടതുപക്ഷടക്കമുള്ള “ദേശീയ” രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്നതോ? അവര്‍ പ്രാദേശിക ഇളവുകള്‍ വേണമെന്ന് മാത്രമാണ്.
പൊതുമേഖലയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ പൊതുമെഖലയായ പൊതുവഴികള്‍ സ്വകാര്യകമ്പനിക്ക് തീറെഴുതിയപ്പോള്‍ “ഒരക്ഷരം എതിര്‍ത്ത് പറഞ്ഞില്ല എന്ന് തന്നെയല്ല, ആവശ്യമായ എല്ലാ കരാറുകളും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.
പൊതുപാതയില്‍ പൊതുയോഗ നിരോധനത്തിന് എതിരെ ആഞ്ഞടിക്കുന്നവര്‍ ഇനിമേല്‍ പൊതുപാത തന്നെ ഇല്ലാതായി എന്നത് അറിയാതാകുമോ? അതോ നേതാക്കള്‍ക്കെല്ലാം കാര്‍ (ഇന്നോവയും) ഉള്ളതുകൊണ്ട് വേഗമെത്താന്‍ നല്ല റോഡു ഉണ്ടായാല്‍ മതി, റോഡിനു ഇരുവശവും ഉള്ളവര്‍ എന്ത് ദുരിതം അനുഭവിക്കുന്നു എന്ന് അറിയേണ്ടതില്ല. എന്നാണോ?? ഇന്നോവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോള്‍ യാത്ര അത്ര അധികമായി തോന്നുകയുമില്ല. അതും പൊതു പണം ആണെങ്കില്‍ ഒരിക്കലും തോന്നാന്‍ വഴിയില്ല.
ഹൈക്കോടതിയില്‍ ടോള്‍ സംബന്ധിച്ച കേസ് നടക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ കേസ് കൊടുക്കാനും അവസാനം വരെ നടത്താനും ആളുകള്‍ തീരെയില്ല. ഒന്നോ രണ്ടോ പേര്‍ രാത്രിയും പകലും കുത്തിയിരുന്ന് രേഖകള്‍ തേടിയെടുത്ത് യുദ്ധം ചെയ്തു കേസ് ജയിച്ചാല്‍ വഴിയോരത്തിലൂടെ പതിറ്റാണ്ടുകള്‍ പോകുന്ന ആളുകള്‍ക്കും പൊതുസമൂഹത്തിനും ആണ് അത് ഉപകരിക്കുക. ദൗര്‍ഭാഗ്യവശാല്‍ കേസ് നടത്താനുള്ള സാമ്പത്തിക സഹായം പോലും തരാന്‍ കോടികള്‍ സ്വന്തമായുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ വ്യക്തികളോ തയ്യാറാവാറില്ല.
അതിനാല്‍ത്തന്നെ ഈ കേസ് വിജയിച്ചാല്‍ കേരളത്തിലെ ആകെ ടോള്‍ റോഡുകള്‍ക്കുള്ള മറുപടിയാകും അത്. ഇടതിന്നും വലതിനും ഉള്ള രാഷ്ട്രീയ പാഠവും.