പിഴച്ചത് തരൂരിനോ കോണ്‍ഗ്രസിനോ
Discourse
പിഴച്ചത് തരൂരിനോ കോണ്‍ഗ്രസിനോ
പി.എസ് റംഷാദ്
Monday, 19th April 2010, 5:51 pm

പി എസ് റംഷാദ്

ങ്ങനെ അനിവാര്യമായതു സംഭവിച്ചു. വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പുറത്ത്. കഴിഞ്ഞ മേയ് ഒടുവില്‍ രണ്ടാം യു പി എ സര്‍ക്കാര്‍ വന്നതു മുതല്‍ , അല്ല അതിനു മുമ്പ് തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയായതു മുതല്‍ , ശശി തരൂരിന്റെ വഴി അത്രയ്ക്കങ്ങ് സുഗമമായിരുന്നില്ല. വിവാദങ്ങള്‍ക്കു പിന്നാലെ വിവാദങ്ങള്‍ . വിവാദങ്ങള്‍ എന്നത് നാലാളറിയുന്ന പലരുടെയും ഉറക്കം കെടുത്തുകയും കസേര തെറിപ്പിക്കുകയും ചെയ്യുന്നത് ലോകം ഒരുപാട് കണ്ടിട്ടുണ്ട്. മോണിക്ക ലെവിന്‍സ്‌കി ബന്ധത്തിന്റെ പേരില്‍ വെള്ളം ഒരുപാടു കുടിച്ച മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുതല്‍ തോന്നിയതുപോലെ വിദേശ യാത്ര നടത്തി ഐജി സ്ഥാനം തെറിച്ച ടോമിന്‍ ജെ.തച്ചങ്കരി വരെ സമീപകാല ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ തരൂരും. എഴുത്ത്, വായന തുടങ്ങി സാധാരണ രാഷ്ട്രീയക്കാര്‍ക്കില്ലാത്ത പലതും നന്നായി വശമുള്ള തരൂരിന് അതൊക്കെത്തന്നെയാണ് വിനയായതും. പ്രൊഫഷണല്‍ രാഷ്ട്രീയക്കാരനല്ലാത്തിന്റെ കണക്കുപിഴവുകള്‍ക്ക് കൊടുക്കേണ്ടി വന്ന വിലയെന്നും പറയാം. സുനന്ദ പുഷ്‌കറും ഐ പി എല്ലുമൊക്കെ ഓരോരോ നിമിത്തങ്ങള്‍ . ഇതല്ലെങ്കില്‍ വേറേ ഏതെങ്കിലുമൊന്നില്‍ തട്ടി തരൂര്‍ വീണേ പറ്റുമായിരുന്നുള്ളു. ആ വിധമായിരുന്നു പോക്ക്. ഏതായാലും ഇനി അദ്ദേഹം പുതിയതു പഠിക്കാനിടയുണ്ട്, പഠിച്ച പലതില്‍ നിന്നും പുതിയ തിരിച്ചറിവുകള്‍ നേടാനും.

2009 ഏപ്രില്‍ 16നു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നുവെന്ന വിവരം കേരളത്തിലെത്തിയതു മുതല്‍ വഴിമുടക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു വാലും നീട്ടി ഹനുമാനായി വഴിയില്‍ കിടന്നതും, കാലുനീട്ടിവച്ച് സത്യന്‍ അന്തിക്കാട് സിനിമയിലെ ശ്രീനിവാസനായതും. ആകെയുള്ള 20 സീറ്റുകളിലേക്ക് പത്തമ്പതു പേരുടെ ലിസ്റ്റുമായി തല പുക്ക്കുന്നതിനിടയിലേക്കാണ് അതിലൊരെണ്ണം തട്ടിയെടുക്കാന്‍ നൂലില്‍കെട്ടി തരൂര്‍ ഇറങ്ങിയത്. പാലക്കാട്ട് മല്‍സരിക്കുമെന്നായിരുന്നു ആദ്യം വന്ന വിവരം. ആ സീറ്റിനത്ര ഉറപ്പു പോരെന്നു തോന്നിയപ്പോള്‍ തിരുവനന്തപുരമാകട്ടെയെന്നുറപ്പിച്ചു.
പക്ഷേ, കെ പി സി സി നേതൃത്വത്തിനു തരൂരിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ മനസില്ലെന്ന് ഡല്‍ഹിയില്‍ അറിഞ്ഞതും നല്ലൊന്നാന്തരം ഭാഷയില്‍ തിട്ടൂരം വന്നു, മര്യാദക്ക് കൂടെ നിന്ന് വിജയിപ്പിക്കണം. ഇല്ലെങ്കില്‍…. അതേറ്റു. തരൂരിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കാലേകൂട്ടി മുഖം കുത്തിവീര്‍പ്പിച്ചിരുന്ന കെ പി സി സിയും ഡി സി സി യും പിന്നെ തരൂര്‍ മാഹാത്മ്യത്തിന്റെ പ്രചാരകരായി മാറി. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാന്‍ വയലാര്‍ രവിയെ ഡല്‍ഹിയില്‍ നിന്ന് അയക്കുകയും ചെയ്തു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. എന്നാല്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു കയറുന്നതിനു മുമ്പ് പുലിവാലുകള്‍ പലതുമൊപ്പിച്ച് കോണ്‍ഗ്രസുകാരെ വെട്ടിലാക്കുക തന്നെ ചെയ്തു തരൂര്‍ . അതിലൊന്നായിരുന്നു ഇസ്രയേലിന് അനുകൂലമായി ഇസ്രയേല്‍ പത്രത്തിലെഴുതിയ ലേഖനം. സ്വന്തം ജന്മനാട് തിരിച്ചു പിടിക്കാന്‍ പൊരുതുന്ന പലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേല്‍ ക്രൂരതയെ പ്രകീര്‍ത്തിക്കുക മാത്രമല്ല, അത് ഇന്ത്യക്കും മാതൃകയാക്കാമെന്ന തരത്തിലായിരുന്നു തരൂരിന്റെ ഉപദേശം. സ്വാഭാവികമായും അത് വന്‍ വിവാദമായി. അതിനു തുടര്‍ച്ചയായാണ് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ ( ലീഗ് ഒഴികെ- അവര്‍ക്ക് യുഡിഎഫ് ഘടക കക്ഷിയെന്ന പരിമിതിയുണ്ടല്ലോ) തരൂരിനെതിരേ രംഗത്തു വന്നത്. ഏതായാലും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം, യു ഡി എഫ് തരംഗം, തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ത്ഥിയുടെ പോരായ്മ എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ തരൂര്‍ വിജയിച്ചു, മന്ത്രിയുമായി.

അതിനു ശേഷം ഐ പി എല്‍ വരെ എത്രയെത്ര പുകിലുകള്‍ . ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മയായ ട്വിറ്ററില്‍ തരൂര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ പലതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്, മന്ത്രിക്കു പറ്റാത്ത പലതും എഴുതിപ്പിടിപ്പിച്ചതു കൊണ്ടായിരുന്നു. വിമാനത്തിലെ ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ചതും ഇന്ത്യാ- പാക് ശത്രുത പരിഹരിക്കാന്‍ സൗദി അറേബ്യയെ മധ്യസ്ഥരാക്കണമെന്ന് പറഞ്ഞതും അതില്‍ ചിലതു മാത്രം. ദേശീയ ഗാനം ആലപിക്കാനും അദ്ദേഹം യു എസ് മാതൃക കാട്ടി വിവാദം കൊഴപ്പിച്ചു.

തരൂര്‍ രാജിവച്ച പുറകേ ഒരു ചാനലില്‍ ചര്‍ച്ചക്കു വന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാവിനോട് വാര്‍ത്താവതാരകന്‍ ചോദിച്ചു: തരൂര്‍ പാര്‍ട്ടിയെയാണോ പാര്‍ട്ടി തരൂരിനെയാണോ മനസിലാക്കാതെ പോയത്? തെരഞ്ഞെടുപ്പു രംഗത്ത് തരൂരിന്റെ വാലായി നിന്ന നേതാവ് പറഞ്ഞു, തരൂര്‍ പാര്‍ട്ടിയെയാണു മനസിലാക്കാതെ പോയത്. പിന്നെയൊരുതരം അശ്ലീലച്ചിരിയും ചിരിച്ചു അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ആ ചോദ്യം പ്രസക്തമാണ്. കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തിലാണെന്നു മാത്രം. ശശി തരൂരും കോണ്‍ഗ്രസും പരസ്പരം മാത്രമല്ല, ലണ്ടനില്‍ ജനിച്ച് അവിടെ പഠിച്ച് ഉന്നത ബ്യൂറോക്രാറ്റായി ലോകം കണ്ട തരൂരും ഇന്ത്യന്‍ രാഷ്ട്രീയവും പരസ്പരം മനസിലാക്കിയില്ല. ഇടയിലെവിടെയോ ഒരു വിടവ് ബാക്കി നിന്നു. ഇന്ത്യയില്‍ വന്ന് ബ്രിട്ടീഷ്- യുഎസ് മോഡല്‍ പിന്തുടരാന്‍ ശ്രമിച്ച തരൂര്‍ , പൊതു പ്രവര്‍ത്തകര്‍ സൂക്ഷിക്കേണ്ട സുതാര്യതയെക്കുറിച്ച് അവിടങ്ങളില്‍ പുലര്‍ത്തുന്ന കര്‍ക്കശ മാനദണ്ഡങ്ങളെക്കുറിച്ചു മറന്നു. തന്റെ വലിപ്പത്തില്‍ അദ്ദേഹം അമിത ആത്മവിശ്വാസമുള്ളവനുമായിരുന്നിരിക്കണം. നാട്ടുംപുറത്ത് അവധി ആഘോഷിക്കാനെത്തുന്ന പട്ടണത്തിലെ പരിഷ്‌കാരി യുവാവിന്റെ സര്‍വപുഛം. അതേതായാലും തരൂരിനെയും കൊണ്ടാണു പോയത്.

മറുപുറത്ത് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തരൂരിന്റെ പ്രസക്തി വിലയിരുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പിഴവു പറ്റി. അവരെന്താണുദ്ദേശിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. മന്‍മോഹന്‍ സിങ് രാഷ്്ട്രീയ സ്‌കൂളില്‍ മികച്ചൊരു അധ്യാപകനെയും മാതൃകയെയും അവര്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം. രാഷ്ട്രീയക്കാരല്ലാത്ത രാഷ്്ട്രീയക്കാരെയാണല്ലോ മന്‍മോഹന്‍ സിങ് വളര്‍ത്തുന്നത്. സോണിയ ഗാന്ധിക്ക് തരൂരിന്റെ കരിഷ്മയില്‍ മതിപ്പും പ്രതീക്ഷയും തോന്നിയിട്ടുമുണ്ടാകാം. എന്നാല്‍ അവിവേകിയും എടുത്തുചാട്ടക്കാരനുമായ തരൂര്‍ സ്വയം അതു തെളിയിച്ചപ്പോള്‍ സംരക്ഷിക്കാന്‍ ഇരുവര്‍ക്കും പരിമിതികളേറെയുണ്ടായി.

സുനന്ദ പുഷ്‌കര്‍ എന്ന കശ്മീരി പണ്ഡിറ്റ് സുന്ദരിയെയും തരൂരിനെയും ചേര്‍ത്ത് മൂക്കത്തു വിരല്‍ വെക്കാന്‍ എത്ര കോണ്‍ഗ്രസുകാര്‍ക്കുണ്ട് അര്‍ഹത എന്ന് ഇതിനിടെ ചോദിക്കാന്‍ വിട്ടു പോയിക്കൂട.