കോഴിക്കോട്: മീഡിയ വണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുസ്‌ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, എം.പിമാരായ എ.എം. ആരിഫ്, എന്‍.കെ പ്രേമചന്ദ്രന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയ നേതാക്കളും വിധിയെ പിന്തുണച്ച് രംഗത്തെത്തി.
‘ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലയുണ്ട് എന്നിപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കോടതി നാടിന്റെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. ഭരണാധികാരികളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന നടപടി ജനാധിപത്യവിരുദ്ധമാണ്, ഫാസിസമാണ്. ഇത് ഇനി ഭാവിയിലും ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരിന് ഒരു പാഠമാകട്ടെ,’ രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ക്കും മതേതര വാദികള്‍ക്കും വലിയ രീതിയിലുള്ള ആശ്വാസം ലഭിച്ച വിധിയാണിതെന്നും ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.
എല്ലാ ദിവസവും കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ പര്‍ച്ചേസ് ചെയ്യുകയാണെന്നും അതിനെതിരെ നിലകൊണ്ട സ്ഥാപനമാണ് മീഡിയ വണെന്നും ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.
‘ഭരണഘടനാ വിരുദ്ധമായ രീതിയില്‍, മാധ്യമ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണിനെതിരെ കടന്നു കയറാന്‍ വേണ്ടി ശ്രമിച്ചത്. ഓരോ ദിവസവും മാധ്യമങ്ങളെ പര്‍ച്ചേസ് ചെയ്യുകയാണ്. അതില്‍ പെടാത്ത, ന്യായത്തിനും നീതിക്കും മൂല്യത്തിനും വേണ്ടി നിലകൊള്ളുകയും സമൂഹ്യപരമായ വിഷയങ്ങളില്‍ തുറന്ന് ഇടപെടുകയും ചെയ്യുന്ന മീഡിയ വണിനെ പോലുള്ള സ്ഥാപനത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണിത്, ‘ ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
മീഡിയ വണിനെ മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ടാര്‍ഗെറ്റ് ചെയ്യുന്നതെന്നും ഇന്ത്യയിലെ മറ്റെല്ലാ വാര്‍ത്താമാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന നയമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ ആദ്യത്തെ ഇര മീഡിയ വണ്‍ ആയിരുന്നുവെന്നും എ.എം ആരിഫ് പറഞ്ഞു
മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ത്താ സംപ്രേക്ഷണം നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങളെയാകെ നിരോധിക്കാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ആസൂത്രിത നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Content Highlights: Political leaders responds over media one ban removal