ന്യൂദല്‍ഹി: തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഇനി മുതല്‍ രണ്ടു വട്ടം ചിന്തിക്കേണ്ടിവരും. പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാവുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്താല്‍ പ്രകടനം സംഘടിപ്പിച്ച രാഷ്ട്രീയ നേതാക്കള്‍ ജയിലിലാവും.
പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ഓഫ് പബ്ലിക് പ്രോപ്പര്‍ട്ടി ആക്ടിന്മേല്‍ ഭേദഗതി കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമിപ്പോള്‍. ഇതിന്റെ ആദ്യപടിയായി ഭേദഗതിയിന്മേല്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.
നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മാര്‍ക്കറ്റ് വില അക്രമമുണ്ടാക്കിയവര്‍ നല്‍കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. കൂടാതെ അക്രമികളെ തീവ്രവാദ വിരുദ്ധ നിയമം പോട്ട ചുമത്തി ജയിലിലാക്കുകയും ചെയ്യും.
പൊതുമുതല്‍ നശിപ്പിച്ച ജനക്കൂട്ടത്തിനൊപ്പം ആരോപണവിധേയരായവരും ഉണ്ടായിരുന്നെന്ന് മാത്രം പ്രോസിക്യൂഷന്‍ തെളിയിച്ചാല്‍ മതിയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. ആരോപണ വിധേയന്‍ നിരപരാധിയാണെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത അയാളുടേതാണ്. ആരോപണ വിധേയന്‍ കുറ്റക്കാരനല്ലെന്നു വിശ്വസിക്കാന്‍ യുക്തമായ കാരണമുണ്ടെങ്കില്‍ മാത്രമേ കോടതിക്ക് ഇയാളെ ജാമ്യത്തില്‍ വിടാനാവൂവെന്നും നിയമത്തില്‍ പറയുന്നു.
സര്‍ക്കാറിന്റെ ഈ നിര്‍ദേശങ്ങള്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചേക്കും. കാരണം ഏതെങ്കിലും സംഘടനയുടെ പ്രതിഷേധം അക്രമാസക്തമായാല്‍ അതിന്റെ നേതൃത്വത്തിനെതിരെ നടപടിയുണ്ടാവും.
സി.പി.ഐ നേതാവ് ഡി. രാജ ഇതിെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതൊരു ജനാധിപത്യ രാഷ്ട്രമാണെന്നും ഇവിടുത്തെ പൗരന്മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് കെ.ടി തോമസ് തലവനായുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് ഭേദഗതി തയ്യാറാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം ജോയിന്റെ് സെക്രട്ടറി കുമാര്‍ അലോക് പറയുന്നത്.