കൊച്ചി: പി.ടി. തോമസിന് കേരളത്തിന്റെ യാത്ര മൊഴി. സംസ്‌കാരം രവിപുരം ശ്മശാനത്തില്‍ നടത്തി. പി.ടിയുടെ ആഗ്രഹപ്രകാരം ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് സംസകാര ചടങ്ങുകള്‍ നടന്നത്.
ആയിരങ്ങളാണ് പി.ടി. തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്.
ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയില്‍ പങ്കെടുത്തു. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുദ്രാവാക്യങ്ങളുമായി നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി എന്നിവരും പി.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പി.ടി. തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.
നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.