| Monday, 22nd July 2019, 12:03 pm

'എല്ലാ കാര്യത്തിനും ട്വീറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ ശിശുവാണ് അദ്ദേഹം'; ഒമര്‍ അബ്ദുള്ളയെ പരിഹസിച്ചും വിമര്‍ശിച്ചും കശ്മീര്‍ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ വാക്‌പോരില്‍. സംസ്ഥാനം കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ കൊല്ലൂവെന്ന് ഭീകരരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസ്താവനയാണ് പോരിനു കാരണം.

ഒമര്‍ ഒരു ‘രാഷ്ട്രീയ ശിശു’ ആണെന്നാണ് ഗവര്‍ണര്‍ ഇന്നു നടത്തിയ പ്രസ്താവന. ‘എല്ലാറ്റിനും ട്വീറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ ശിശുവാണ് ഒമര്‍. അദ്ദേഹത്തിന്റെ ട്വീറ്റിനു കിട്ടുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

സാധാരണക്കാരെ കൊല്ലുന്നതിനു പകരം സംസ്ഥാനം കൊള്ളയടിക്കുന്നവരെ കൊല്ലണമെന്ന തന്റെ പ്രസ്താവന ഒമര്‍ വളച്ചൊടിച്ച് രാഷ്ട്രീയക്കാരെ കൊല്ലാന്‍ താന്‍ ആഹ്വാനം ചെയ്‌തെന്ന രീതിയില്‍ ഒമര്‍ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

‘ഇനി വരുന്ന ദിവസങ്ങളില്‍ കശ്മീരില്‍ രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്നു കരുതേണ്ടി വരു’മെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഒമര്‍ ഇന്നലെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചത്.

മാലിക് ഇന്നലെ കാര്‍ഗിലില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിച്ചത് ഇങ്ങനെയാണ്- ‘ഇവര്‍ തോക്കെടുത്ത് സ്വന്തം ജനങ്ങളെയും സുരക്ഷാ ഓഫീസറെയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരേയും കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത്, കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?

‘കശ്മീര്‍ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങള്‍ പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവര്‍ക്ക് അളവില്‍ കൂടുതല്‍ സമ്പത്തുണ്ട്. അവര്‍ക്ക് ശ്രീനഗറില്‍ വസതിയുണ്ട്, ദല്‍ഹിയിലുണ്ട്, ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണ് അവര്‍.’- അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രസംഗം വിവാദമായതോടെ ഗവര്‍ണര്‍ തിരുത്തുകയും ചെയ്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരോടുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് അങ്ങനെയൊക്കെ സംസാരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

‘ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ അഭിപ്രായം അങ്ങനെതന്നെയാണ്. ധാരാളം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കശ്മീരില്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്’- സത്യപാല്‍ മാലിക് പറഞ്ഞു.

We use cookies to give you the best possible experience. Learn more