| Monday, 22nd November 2021, 3:24 pm

'കെ.പി.എ.സി ലളിതക്ക് സഹായം രാഷ്ട്രീയ ചായ്‌വ് നോക്കി; പി.ടി. തോമസിനെ തള്ളി വി.പി. സജീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.എ.സി ലളിതക്ക് കേരള സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീന്ദ്രന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സാമ്പത്തിക സഹായം നല്‍കുന്നത് രാഷ്ട്രീയ ചായ്‌വ് നോക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും എടുക്കുന്നത് ജനങ്ങളുടെ പണമാണ്. അത് വിതരണം ചെയ്യുന്നതില്‍ നീതി വേണമെന്ന് വി.പി സജീന്ദ്രന്‍ പറയുന്നു.

പണം ഉള്ളവരെ കൂടുതല്‍ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമ മേഖലയില്‍ അവശതകള്‍ നേരിടുന്ന ഒരുപാട് പേരുണ്ടെന്നും കെ.പി.എ.സി ലളിതക്ക് മാത്രം സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പോസ്റ്റില്‍ പറയുന്നു.

ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണെന്നും അത് തിരിച്ചറിയാന്‍ ജനായത്ത ഭരണകൂടങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.പി.എ.സി ലളിതക്ക് സഹായം നല്‍കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ് പറഞ്ഞിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് കെ.പി.എ.സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വി.പി. സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണം ഉള്ളവരെ കൂടുതല്‍ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവര്‍ക്ക് വേദന വരുമ്പോള്‍ തലോടുവാന്‍ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ്.

സിനിമാമേഖലയില്‍ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാന്‍ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.

എങ്കിലും ഒന്ന് ഞാന്‍ പറയാം.. കെ.പി.എ.സി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.

പണം ഉള്ളവരെ കൂടുതല്‍ പണക്കാര്‍ ആകുന്നതിനും അവരെ കൂടുതല്‍ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കില്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെ.പി.എ.സി ലളിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ?
സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകള്‍ക്ക് ചെവികൊടുക്കാതെ കെ.പി.എ.സി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അര്‍ഹിക്കുന്നു.??

ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാന്‍ ജനായത്ത ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുന്‍പിലൂടെ സര്‍ക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സര്‍ക്കാര്‍ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതില്‍ നീതി വേണം.

നീതി എല്ലാവര്‍ക്കും ലഭിക്കണം ഒരു കൂട്ടര്‍ക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കില്‍, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികള്‍ ഞാന്‍ കടം എടുക്കുകയാണ്.
പണമുള്ളോര്‍ നിര്‍മ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാന്‍ ഇല്ലേ ഞാന്‍ പിന്‍വലിപ്പൂ..??
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍ ?

എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തില്‍ പക്ഷാഭേദപരമായി സംഭാവന നല്‍കി സമൂഹമധ്യത്തില്‍ ഈ കലാകാരിയെ സി.പി.ഐ.എം അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: political inclination to help KPAC Lalitha; VP Sajeendran MLA

We use cookies to give you the best possible experience. Learn more