അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.
ബി.ജെ.പി ഗുജറാത്തില്‍ വിജയിക്കാന്‍ കാരണം അവര്‍ക്ക് കൂടുതല്‍ ഹിന്ദു വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണെന്നും ഒവൈസി പറഞ്ഞു. അജണ്ട ആജ് തക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെയും ആം ആദ്മിയെയും രൂക്ഷമായി വിമര്‍ശിച്ച ഒവൈസി മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന മത്സരത്തിലാണ് ഇരുപാര്‍ട്ടികളുമെന്ന് വിമര്‍ശിച്ചു.
കേരളത്തിലേക്കും തെലങ്കാനയിലേക്കും കടന്നുവരാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ഒവൈസി പറഞ്ഞു.
‘മുസ്‌ലിം സമൂഹവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ഇതേ സമീപനം തന്നെയാണ് കോണ്‍ഗ്രസും എ.എ.പിയും പിന്തുടരുന്നത്.
ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം ആരാണ് മോദിയേക്കാളും വലിയ ഹിന്ദുവെന്ന് തെളിയിക്കാനുള്ള മത്സരമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ദേശീയതക്ക് എന്താണ് സംഭവിക്കുന്നത്?,’ ഒവൈസി ചോദിച്ചു.
നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന ബി.ജെ.പിയുടെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും പരാമര്‍ശത്തേയും ഒവൈസി വിമര്‍ശിച്ചു.
‘ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഞാന്‍ ഗഡ്കരിയെ വെല്ലുവിളിക്കുന്നു. നിങ്ങളുടെ സംസ്‌കാരം സംസ്‌കാരമാണ്, ഞങ്ങളുടേത് അങ്ങനെ അല്ലേ?
മുസ്‌ലിം ഭാര്യമാര്‍ നിയമപരമായി അവകാശമുള്ളവരാണ്. അവര്‍ക്ക് സ്വത്തവകാശവുമുണ്ട്,’ ഒവൈസി പറഞ്ഞു.
അതേസമയം, നാല് ഭാര്യമാര്‍ ഉള്ളത് പ്രകൃതിവിരുദ്ധമാണെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. വെള്ളിയാഴ്ച നടന്ന അജണ്ട ആജ് തക് പരിപാടിയില്‍ ഏക സിവില്‍ കോഡിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്‌ലിം രാജ്യത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതിവിരുദ്ധമാണ്.
മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് തവണ വിവാഹം കഴിക്കുന്നില്ല. ഏക സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്,’ എന്നാണ് ഗഡ്കരി പറഞ്ഞത്.
ഏക സിവില്‍ കോഡിനെ രാഷ്ട്രീയ വീക്ഷണകോണില്‍ നിന്ന് വീക്ഷിക്കരുതെന്നും നിയമം ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയം നേടി. 182 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 156 സ്ഥലത്ത് ബി.ജെ.പി ലീഡുയര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ 78 സീറ്റുള്ള കോണ്‍ഗ്രസ് ഇത്തവണ 17ല്‍ ഒതുങ്ങി. ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ വിജയിക്കുന്നത്.