| Friday, 8th March 2024, 6:15 pm

ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് പോലെ കലാലയങ്ങളിൽ നടക്കുന്ന രാഷ്ട്രീയ മരണങ്ങളും ചർച്ചയാവണം: നവ്യ നായർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും ചര്‍ച്ച ചെയ്യപ്പെടണമെന്ന് നടി നവ്യ നായര്‍. കേരള സര്‍വകലാശാല യുവജനോത്സവം ചടങ്ങില്‍ സംസാരിക്കവെയാണ് നവ്യയുടെ പ്രതികരണം. ചടങ്ങില്‍ നവ്യ മുഖ്യാതിഥി ആയിരുന്നു.

ഫലസ്തീന്റെ കാര്യം ഇവിടെ പറയാതെ വേറെ എവിടെ പറയുമെന്ന് പറയുന്നത് പോലെ കേരളത്തിന്‍രെ കാര്യം വേറെ എവിടെ പറയാനാണെന്ന് നവ്യ ചോദിച്ചു. ‘രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ത്ഥികളെ കലാലയങ്ങളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും അവര്‍ ജീവനോടെ ഇരിക്കണം’, നവ്യ പറഞ്ഞു.

കലാലയ രാഷ്ട്രീയം വേണം, എന്നാല്‍ ലഹരിക്കടിമപ്പെട്ട് അക്രമങ്ങളുടെ ഭാഗമാകുമ്പോള്‍ രാക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് നശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് സിനിമകളില്‍ ലഹരി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ വെറുത്തിരുന്നെങ്കില്‍ ഇന്ന് അത് മാറിയെന്നും നവ്യ പറഞ്ഞു. അത്തരം കഥാപാത്രങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയാണ് തിയേറ്ററില്‍ ലഭിക്കുന്നതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ആള്‍ക്കാരുടെ കളിപ്പാവ ആകരുത്. യുക്തിയോടെ കാര്യങ്ങളെ നോക്കുന്ന തലമുറ ഉണ്ടാകണമെന്നും നവ്യ പറഞ്ഞു.

അടുത്തിടെ കേരള സര്‍വകലാശാല കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരിടുന്നതിന് വിലക്കേര്‍പ്പെടുത്തി വി.സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയിരുന്നു. ഇസ്രഈലിനെതിരെ ഫലസ്തീന്‍ ഉപയോഗിക്കുന്ന പേരാണ് ഇത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി പേരിന് വിലക്കേര്‍പ്പെടുത്തിയത്.

വി.സിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇസ്രഈലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇന്‍തിഫാദ എന്ന് ചൂണ്ടിക്കാട്ടി വി.സിക്ക് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ രജിസ്ട്രാര്‍ക്ക് വി.സി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlight: Political deaths in schools should be discussed as much as the issue of Palestine; Navya Nair

We use cookies to give you the best possible experience. Learn more