സ്‌ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി
World News
സ്‌ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 8:15 am

കൊളംബോ: 290 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരക്കു പിന്നാലെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീത സമരമാണ് സ്‌ഫോടനത്തിനു പിന്നാലെ മറനീക്കി പുറത്തു വന്നിരിക്കുന്നത്.

മന്ത്രിസഭാ വക്താവ് രജിത സേനരത്‌നെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സ്‌ഫോടനം നടക്കുമെന്ന് രണ്ടാഴ്ച മുമ്പേ മുന്നറിയിപ്പ് ലഭിച്ചതായാണ് രജിത സേനരത്‌നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

”സംശയിക്കപ്പെടുന്നവരുടെ പേരുകള്‍ ഉള്‍പ്പെടെയായിരുന്നു ഈ മുന്നറിയിപ്പ്. ഏപ്രില്‍ ഒമ്പതിന് ദേശീയ ഇന്റലിജന്‍സ് ഏജന്‍സി മേധാവി അയച്ച റിപ്പോര്‍ട്ടില്‍ സംഘടനയുടേയും വ്യക്തികളുടേയും പേരുകള്‍ കൃത്യമായി ഉണ്ടായിരുന്നു. തൗഹീദ് ജമാഅത്തിന്റെ വിവരമാണ് ഇതില്‍ സൂചിപ്പിച്ചിരുന്നത്.

പക്ഷേ, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയോ മന്ത്രിസഭയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷ കൗണ്‍സിലിന്റെ യോഗങ്ങളില്‍ പ്രധാനമന്ത്രിയോ മന്ത്രിസഭാംഗങ്ങളോ ക്ഷണിതാക്കളല്ല”-സേനരത്‌നെ പറഞ്ഞു. പ്രസിഡന്റ് മൈത്രിപാല സിരിസേനക്കാണ് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ചുമതല.

‘ഈ റിപ്പോര്‍ട്ടോ വെളിപ്പെടുത്തലുകളോ പ്രധാനമന്ത്രിയുടെ അറിവിലുണ്ടായിരുന്നില്ല. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയല്ല. പക്ഷേ, ഇതാണ് വസ്തുത. ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇപ്പോള്‍ അറിയുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്നും’ സേനരത്‌നെ കൂട്ടിച്ചേര്‍ത്തു.

ഈ മാസം നാലിന് ഒരു സൗഹൃദ രാഷ്ട്രം മുന്നറിയിപ്പ് നല്‍കിയിരുന്നതായും സ്‌ഫോടനം നടക്കുന്നതിന്റെ തലേന്നാളും സ്‌ഫോടനത്തിന് പത്തുമിനിറ്റ് മുന്‍പും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായും സേനരത്‌നെ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതില്‍ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി വിക്രമസിംഗെയും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്‌ടോബറില്‍ വിക്രമസിംഗെയെ പുറത്താക്കാനുള്ള സിരിസേനയുടെ നീക്കം ഭരണപ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. പുറത്താക്കാനുള്ള ശ്രമം പരാജയപ്പെട്ടനൊടുവില്‍ സിരിസേന പിന്‍വാങ്ങുകയം വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തുകയുമായിരുന്നു.

അതേസമയം, പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്‌ഫോടന പരമ്പരയുടെ പിന്നിലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇവര്‍ക്ക് അന്താരാഷ്ട്ര സഹായം ലഭിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ ക്യാബിനറ്റ് വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ തീരവും കനത്ത ജാഗ്രതയിലാണ്. തീര- നാവിക സേനകള്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്ഫോടനപരമ്പരയില്‍ എട്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴു പേര്‍ കര്‍ണാടകയിലെ ജെ.ഡി.എസ് പ്രവര്‍ത്തകരാണ്. ഒരാള്‍ ശ്രീലങ്കയില്‍ പൗരത്വമുള്ള കാസര്‍ഗോഡ് സ്വദേശിയും.