മുംബൈ: മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍.സി.പി പിളര്‍ന്നു. പ്രതിപക്ഷ നേതാവ് അജിത് പവാര്‍ രാജ്ഭവനിലെത്തിയതോടെയാണ് നീക്കങ്ങള്‍ക്ക് തുടക്കമായത്.
#BREAKING | #AjitPawar splits away from #NCP, takes oath as new deputy chief minister of Maharashtra
29 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 13 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പം രാജ്ഭവനിലെത്തിയിട്ടുണ്ട്. അജിത് പവാറിനൊപ്പം എന്‍.സി.പിയുടെ ഒമ്പത് എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടും ഉണ്ട്.
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമാണ് പാര്‍ട്ടിയെ
പിളര്‍പ്പിലേക്ക് നയിച്ചത്. ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സമയത്ത് മരുമകന്‍ അജിത് പവാര്‍ പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങളാണ് പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ദല്‍ഹിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അജിത് പവാറിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ഇടയിലാണ് അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കം. തന്റെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേലും അജിതിനൊപ്പം പോയത് ശരദ് പവാറിന് തിരിച്ചടിയായിട്ടുണ്ട്.