| Saturday, 3rd September 2022, 12:03 pm

അബ്യൂസറെ ഭക്ഷണം കഴിക്കാന്‍ കൂട്ടി കൊണ്ടുപോയി സംസാരിച്ച് നന്നാക്കിയെടുക്കലല്ല ഇവിടുത്തെ സ്ത്രീകളുടെ ജോലി; പാ രഞ്ജിത് സിനിമയ്ക്ക് ഒരു വിമര്‍ശനം

അനുപമ മോഹന്‍

പ്രണയം, ജാതി, ടോക്‌സിസിറ്റി, ജന്‍ഡര്‍, സെക്ഷ്വാലിറ്റി, കണ്‍സന്റ്, അബ്യൂസ്, അധികാരം, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള പെരിഫെറലായ അവതരണമാണ് പാ. രഞ്ജിത്തിന്റെ നച്ചത്തിരം നഗര്‍ഗിരതു. ഇവയെകുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്ത ഒരാള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കിയെടുക്കാന്‍ പറ്റുന്ന രീതിയിലാണ് സിനിമ പോകുന്നത്.

ഒരു ഘട്ടത്തിലെത്തുമ്പോള്‍ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം റെനേ എന്ന കഥാപാത്രത്തെ സെക്ഷ്വലി അബ്യുസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആ സീനിന്റെ ചെറിയ ഒരു വിവരണം പറയാം. അര്‍ജുന്‍ കാമുകിയോട് വഴക്കിട്ട്, മദ്യപിച്ച് ഓവറാവുന്നു. അവിടെയുള്ളവരെയെല്ലാം ഇന്‍സള്‍ട്ട് ചെയ്യുന്നു. ശേഷം പാര്‍ട്ടിക്കിടയില്‍ വെച്ച് അര്‍ജുന്‍ റെനെയെ അബ്യുസ് ചെയ്യാന്‍ ശ്രമിക്കുന്നു. റെനേ അവനെ തല്ലുന്നു.

തൊട്ടടുത്ത സീനില്‍ അവരുടെ സംഘത്തില്‍ നിന്നും അര്‍ജുനെ പുറത്താക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ റെനേ അത് തടയുന്നു. അയാള്‍ക്ക് പൊളിറ്റിക്കലി കറക്ട് ആവാന്‍ അവസരം നല്‍കണമെന്നും നമ്മള്‍ ഒക്കെ അങ്ങനെയല്ലേ ഇത്രത്തോളം മാറിയതെന്നും പറയുന്നു. പൊളിറ്റിക്കലി കറക്ട് ആവുകയെന്നത് ലൈഫ് ലോങ്ങ് പ്രോസസ്സ് ആണെന്നും പറയുന്നു.

ആ പോയിന്റ് വളരെ കൃത്യമാണ്. മനുഷ്യര്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഒരു അബ്യുസറെ കൂടെ നിര്‍ത്തി പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് പഠിപ്പിക്കുന്നതിലെ യുക്തി എനിക്കൊട്ടും വ്യക്തമായിട്ടില്ല.

സൊസൈറ്റി ഒരു സര്‍വൈവറെ ട്രീറ്റ് ചെയ്യുന്ന മോശം രീതിയുടെ പകര്‍പ്പാണ് സിനിമയിലെ ഈ സീക്ക്വന്‍സ്. ഒരു അബ്യുസ് നടന്ന് കഴിഞ്ഞാല്‍ അബ്യുസറിന്റെ അനുകൂലികള്‍ നിരത്തുന്ന അതെ ന്യായീകരണങ്ങള്‍ തന്നെയാണ് നച്ചത്തിരം നഗര്‍ഗിരതു എന്ന സിനിമയും മുന്നോട്ട് വെക്കുന്നത്.

അയാള്‍ മദ്യപിച്ചതുകൊണ്ട് അബദ്ധം പറ്റിയതാവും, കാലു പിടിച്ച് മാപ്പുപറഞ്ഞില്ലേ, നീ അവനെ തിരിച്ചു തല്ലിയില്ലേ… പിന്നെന്താ, അവന്‍ മാറി, നീ ക്ഷമിച്ച് കൊടുക്ക് എന്ന ന്യായീകരണങ്ങള്‍ തന്നെയാണ് ഇവിടെയും വരുന്നത്.

പിന്നെ അര്‍ജുന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് സിമ്പതി തോന്നുന്ന പല എലമെന്റ്‌സും സിനിമയില്‍ വരുന്നുണ്ട്. അബ്യുസിന് ശേഷം റെനെയും അവനും ഒന്നിച്ച് ടൈം സ്‌പെന്‍ഡ് ചെയ്യുന്നതും സന്തോഷിക്കുന്നതും അത്ര പെട്ടെന്ന് നടക്കാന്‍ സാധ്യതയില്ലാത്ത, ചിലപ്പോള്‍ നടക്കാനേ സാധ്യതയില്ലാത്ത കാര്യങ്ങളാണ്. തനിക്ക് ഉണ്ടായ മോശം അനുഭവം മറക്കാനും ഒഴിവാക്കി വിടാനും ചിലര്‍ തയ്യാറാവും (ക്ഷമിക്കാന്‍ സാധ്യതയില്ല). മറ്റു ചിലര്‍ക്ക് അത് ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും ട്രോമയും ഭീകരമായിരിക്കും. അതിനെ കുറിച്ചൊന്നും സിനിമയില്‍ പറയുന്നില്ല.

തന്നെ ഉപദ്രവിച്ച അബ്യുസറിനെ കൂടെ നിര്‍ത്തി നന്നാവാനുള്ള,’ പൊളിറ്റിക്കലി കറക്ട്’ ആവാനുള്ള അവസരം സര്‍വൈവര്‍ ചെയ്തു കൊടുക്കേണ്ടതില്ല. അയാളെ ഭക്ഷണം കഴിക്കാന്‍ കൂട്ടി കൊണ്ടുപോയി സംസാരിച്ച് നന്നാക്കിയെടുക്കലല്ല ഇവിടുത്തെ സ്ത്രീകളുടെ ജോലി.
ചുരുക്കി പറഞ്ഞാല്‍ അബ്യുസറിനോട് ക്ഷമിക്കാന്‍ സ്ത്രീകള്‍ തയ്യാറാവേണ്ടതില്ല. അവര്‍ക്ക് അവസരങ്ങളും കൊടുക്കേണ്ടതില്ല. അവര്‍ക്ക് നന്നാവണമെങ്കില്‍ അവര്‍ സ്വയം നന്നായിക്കോളും. പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ച് സംസാരിക്കാന്‍ പാ രഞ്ജിത്ത് ഈ പ്ലോട്ട് തിരഞ്ഞെടുത്തത് ശരിയായെന്ന് തോന്നുന്നില്ല.

അനുപമ മോഹന്‍

We use cookies to give you the best possible experience. Learn more