| Saturday, 3rd February 2024, 8:36 am

'നെഞ്ചില്‍ കുടിയിരിക്കും മക്കള്‍ക്കായി' വിജയ്‌യുടെ തമിഴ് വെട്രി കഴകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിജയ് ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ നിന്ന് വിട്ടുനിന്ന് പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങുമെന്നാണ് പ്രഖ്യാപനം. ഒരു സുപ്രഭാതം കൊണ്ട് എടുത്ത തീരുമാനമല്ല വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം. തന്റെ സിനിമകളിലൂടെയും ഓഡിയോ ലോഞ്ചിലെ പ്രസംഗങ്ങളിലൂടെയും പലകുറി വിജയ് തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഒരിക്കലും ഒരു പാര്‍ട്ടിയോടും വിധേയത്വം പ്രകടിപ്പിക്കാത്ത നടനായിരുന്നു വിജയ്. കരിയറില്‍ ആദ്യമായി ഒരു രാഷ്ട്രീയ വിവാദത്തില്‍ വിജയ് പെടുന്നത് 2013ലാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം. ചിത്രത്തിന്റെ ടാഗ്‌ലൈനായ ടൈം ടു ലീഡ് എന്ന വാക്ക് അന്നത്തെ മുഖ്യമന്ത്രിയായ ജയലളിതയെ ചൊടിപ്പിച്ചിരുന്നു. ആ ടാഗ്‌ലൈന്‍ മാറ്റാതെ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് അന്നത്തെ സര്‍ക്കാര്‍ അറിയിച്ചു. ഒടുവില്‍ തമിഴ്‌നാടിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ റിലീസായി ഒരാഴ്ചക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ റിലീസായത്.

2017ല്‍ റിലീസായ മെര്‍സല്‍ എന്ന സിനിമയിലൂടെയായിരുന്നു അടുത്ത വിവാദം. ബി.ജെ.പി ഗവണ്മെന്റിനെ വിമര്‍ശിക്കുന്നു എന്നായിരുന്നു ആ സിനിമയിലെ പരാതി. ഓക്‌സിജന്‍ ലഭിക്കാതെ ആശുപത്രിയില്‍ വെച്ച് കൊച്ചുകുട്ടികള്‍ മരിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞതും, അമ്പലത്തിന് പകരം ആശുപത്രികളാണ് പണിയേണ്ടതെന്ന ഡയലോഗുമൊക്കെയാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. വിജയ്‌യുടെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നാണെന്നും, ക്രിസ്ത്യാനിയായ നടന്‍ അമ്പലങ്ങളെ അപമാനിക്കുകയുമാണെന്ന് ബി.ജെ.പി നേതാക്കള്‍ വാദിച്ചു.

അവിടെയും തന്റെ നിലപാടുകളില്‍ നിന്ന് വിജയ് പിന്നോട്ട് പോയില്ല. സുപ്രീം കോടതിയുടെ ജെല്ലിക്കെട്ട് നിരോധന വിധിക്കെതിരെ തമിഴ്‌നാട്ടില്‍ നടന്ന പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ നിന്നത് വിജയ് ആയിരുന്നു. നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അനിതയുടെ വീട്ടിലെത്തി കുടുംബാങ്ങളെ ആശ്വസിപ്പിച്ച വിജയ് നീറ്റിനെതിരെ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.

2020ല്‍ വിജയ് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി. 2018 റിലീസായ സര്‍ക്കാര്‍ എന്ന സിനിമയിലും ഗവണ്മെന്റിനെ വിമര്‍ശിച്ചതിന് പകരമായി വിജയ്‌യുടെ വീട്ടിലേക്ക് ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയിരുന്നു. 2021 ഇലക്ഷന്‍ സമയത്ത് സൈക്കിളില്‍ പോയി വോട്ട് ചെയ്തത് പെട്രോള്‍ വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധമായാണ് മീഡിയകള്‍ അനുമാനിച്ചത്. 2023ല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ അംബേദ്കറിന്റെയും പെരിയോറിന്റെയും വാക്കുകള്‍ ഉദ്ധരിച്ച വിജയ് തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് അതിലൂടെ വ്യക്തമാക്കിയിരുന്നു.

ഓരോ തവണ വിവാദമുണ്ടാകുമ്പോഴും അതിനെല്ലാം തന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് പ്രസംഗത്തിലൂടെ വിജയ് മറുപടി പറയുമായിരുന്നു. ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും’ എന്ന് ആരാധകരെ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിക്കുന്ന വിജയ്, ഇനിമുതല്‍ തന്റെ സേവനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എം.ജി.ആറും, ജയലളിതയും, വിജയകാന്തും വിജയിച്ച…… ശിവാജി ഗണേശനും, കമല്‍ ഹാസനും പരാജയം രുചിച്ച രാഷ്ട്രീയത്തില്‍ വിജയ് ശോഭിക്കുമോ ഇല്ലയോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Content Highlight: Political controversies in the career of Vijay

We use cookies to give you the best possible experience. Learn more