'എന്ത് ബോറന്‍ പ്രസംഗമാണിത്; നിങ്ങളാരും ലൈബ്രറിയിലൊന്നും പോകാറില്ലേ'; സമ്മര്‍ദ്ദത്തിനിടയിലും സഭയെ ചിരിപ്പിക്കുന്ന കര്‍ണാടക സ്പീക്കറെക്കുറിച്ച്
India
'എന്ത് ബോറന്‍ പ്രസംഗമാണിത്; നിങ്ങളാരും ലൈബ്രറിയിലൊന്നും പോകാറില്ലേ'; സമ്മര്‍ദ്ദത്തിനിടയിലും സഭയെ ചിരിപ്പിക്കുന്ന കര്‍ണാടക സ്പീക്കറെക്കുറിച്ച്
ജിന്‍സി ടി എം
Tuesday, 23rd July 2019, 12:41 pm

 

കുമാരസ്വാമി സര്‍ക്കാറിനെ വിറപ്പിച്ച ഓപ്പറേഷന്‍ ലോട്ടസ് 2.0 ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍, പ്രതീക്ഷിച്ചത്ര ബഹളമൊന്നുമില്ലാതെ കര്‍ണാടക നിയമസഭ വിശ്വാസ വോട്ടിലേക്ക് നീങ്ങുകയാണ്. വിധാന്‍ സഭ ഇത്രയും ശാന്തതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതിനു പിന്നില്‍ കെ.ആര്‍ രമേഷ് കുമാര്‍ എന്ന സ്പീക്കറിന്റെ അനുഭവ സമ്പത്തും, ദീര്‍ഘവീക്ഷണവുമൊക്കെയുണ്ട്.

രമേഷ് കുമാറിന് സ്പീക്കര്‍ പദം എന്നത് അത്ര പരിചയമില്ലാത്ത മേഖലയൊന്നുമല്ല. 1994-1999 കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യമായി കര്‍ണാടക സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ജെ.ഡി.യു നേതാവ് എച്ച്.ഡി ദേവഗൗഡ മുഖ്യമന്ത്രായിയിരുന്ന കാലത്ത്. രമേഷ് കുമാര്‍ രണ്ടാം തവണ സ്പീക്കറായപ്പോള്‍ മുഖ്യമന്ത്രി ദേവഗൗഡയുടെ മകന്‍ എച്ച്.ഡി കുമാരസ്വാമിയും!

വായനാനുഭവങ്ങള്‍ പങ്കുവെച്ചും വിമര്‍ശനമുനയുള്ള പരിഹാസങ്ങള്‍ ഉയര്‍ത്തിയും സഭയെ ഉണര്‍വ്വോടെ നിര്‍ത്താന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായി സമാനമായ ചില സാഹചര്യങ്ങള്‍. പറഞ്ഞ കാര്യങ്ങള്‍ തന്നെ പലരും പലതരത്തില്‍ ആവര്‍ത്തിച്ച് സഭയിലെ സംവാദം നീണ്ടുപോയ ഘട്ടത്തില്‍ തനിക്ക് ബോറടിക്കുന്നുവെന്ന് തുറന്നടിച്ചാണ് സ്പീക്കര്‍ മുഷിപ്പ് അറിയിച്ചത്.

‘ പുതിയതെന്തെങ്കിലും പറയാനുണ്ടെങ്കില്‍, പറയാം. പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണ്. എനിക്കു ബോറടിച്ചു. നിങ്ങളില്‍ എത്രപേര്‍ ഇവിടുത്തെ ലൈബ്രറിയില്‍ പോകാറുണ്ട്? എനിക്ക് അവിടുത്തെ രജിസ്റ്റര്‍ കിട്ടുമോ? അല്ലാതെ നമുക്ക് സംസാരിക്കാന്‍ പുതിയ കാര്യങ്ങള്‍ എവിടെ നിന്നാണ് കിട്ടുക?’

സഭയില്‍ സധൈര്യം കാര്യങ്ങളെ നേരിട്ട ഇതേ രമേഷ് കുമാര്‍ ഒരു പൊതുപരിപാടിയ്ക്കിടെ കരഞ്ഞതിലൂടെയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ തോറ്റകാര്യം പറഞ്ഞായിരുന്നു രമേഷ് കുമാര്‍ വികാരാധീനനായത്.

സ്പീക്കറായതിനു പിന്നാലെ വിവാദങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലൈംഗികാതിക്രമ ഇരയോട് സ്വയം താരതമ്യം ചെയ്ത് രമേഷ് നടത്തിയ പരാമര്‍ശം വിധാന്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിലെ തന്റെ ശത്രു കെ.എച്ച് മുനിയപ്പയുടെ പരാമര്‍ശത്തിനോട് പ്രതികരിച്ച് രമേഷ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ‘ഞാനും രമേഷ് കുമാറും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെപ്പോലെയാണ്’ എന്ന മുനിയപ്പയുടെ കമന്റിനാണ് രമേഷ് മറുപടി നല്‍കിയത്.

‘ഞാന്‍ ആണുങ്ങളോടൊപ്പം ഉറങ്ങാറില്ല. എനിക്കൊരു ഭാര്യയുണ്ട്. അദ്ദേഹത്തിന് താല്‍പര്യമുണ്ടാവാം, പക്ഷേ എനിക്കില്ല.’ എന്നായിരുന്നു രമേഷ് കുമാറിന്റെ മറുപടി. 2018 മാര്‍ച്ചില്‍ കോണ്‍ഗ്രസിലെ ഒരു പരിപാടിയ്ക്കിടെ അദ്ദേഹം മോദിയെ ഹിറ്റ്‌ലര്‍ എന്നു വിളിച്ചിരുന്നു.

കോണ്‍ഗ്രസിലൂടെയാണ് രമേഷ് കുമാര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. എന്നാല്‍ പിന്നീട് ജനതാ പാര്‍ട്ടിയിലേക്കും അവിടെ നിന്നും ജനതാ ദളിലേക്കും ഒടുവില്‍ തിരിച്ച് കോണ്‍ഗ്രസിലേക്കും വന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ജി.കെ വെങ്കട്ട ശിവ റെഡ്ഡിയായിരുന്നു രമേഷ് കുമാറിന്റെ പ്രധാന എതിരാളി. പത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ ഒപ്പത് തവണയും ശിവ റെഡ്ഡി തന്നെയായിരുന്നു എതിരാളി. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1978ലാണ് രമേഷ് കുമാര്‍ ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 1985ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. 1994ല്‍ ജനതാ ദള്‍ ടിക്കറ്റിലാണ് ജയിച്ചത്. 2004, 2013, 2018 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. കോളാര്‍ ജില്ലയിലെ ശ്രീനിവാസപൂര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

2013-18 കാലങ്ങളില്‍ സിദ്ധരാമയ്യ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരിക്കെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയും ശ്രദ്ധ നേടി. അശ്രദ്ധ കാട്ടുന്ന ഡോക്ടര്‍മാരെ ജയിലിലാക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശത്തിനെതിരെ മെഡിക്കല്‍ രംഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

രാഷ്ട്രീയത്തില്‍ മാത്രമല്ല, അഭിനയ രംഗത്തും അദ്ദേഹം ഒരു കൈ നോക്കിയിട്ടുണ്ട്. 1999ല്‍ തോറ്റപ്പോള്‍ സീരിയലിലൂടെയും സിനിമയിലൂടെയും അദ്ദേഹം ജനശ്രദ്ധ നേടി. 1949 ല്‍ കര്‍ണാടകയിലെ അഡഗലിലാണ് രമേഷ് കുമാര്‍ ജനിച്ചത്. സയന്‍സ് ബിരുദ ധാരിയായ രമേഷ് കര്‍ഷകനെന്നാണ് സ്വയം വിളിക്കുന്നത്. കന്നടയ്ക്കു പുറമേ തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളും അനായാസമായി കൈകാര്യം ചെയ്യും.

 

 

 

 

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.