ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.
വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു ഷാനിന് വെട്ടേറ്റത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ കൊലപാതകം.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനിലായിരുന്നു ഷാനിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.
പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Political assassination in Alappuzha again; BJP state leader hacked to death