തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍. വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങള്‍ നല്‍കി സുപ്രീം കോടതിയെയും യു പി സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന് വഴിങ്ങിയില്ല !
സിദ്ദീഖ് കാപ്പനായി സാധ്യമായത് എല്ലാം ചെയ്തിരുന്നു, പാര്‍ലമെന്റില്‍ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു .
ഇനിയും ഒരുപാട് സിദ്ദിഖ് കാപ്പന്മാര്‍ തങ്ങള്‍ ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട് , അവര്‍ക്കായും ഇനിയുമുറക്കെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്,’ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
‘ഒരുപാട് വൈകിയെങ്കിലും ഒടുവില്‍ നീതി. Every Step CounstEvery Voice Matters’ എന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പ്രതികരിച്ചത്. കാപ്പന് ജാമ്യം ലഭിച്ച വിവരം ഡോ. കഫീല്‍ഖാനും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചു.
നരകയാതന അനുഭവിക്കുന്നവര്‍ക്ക് ഈ കോടതി വിധി ആത്മവിശ്വാസം പകരുന്നതാണെന്ന് ലീഗ് എം.എല്‍.എ നജീബ് കാന്തപുരം പറഞ്ഞു.
‘ദീര്‍ഘ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരിക്കുന്നു.
ഈ ചിത്രം ഒരു കണ്ണീര്‍ ഓര്‍മ്മയുടേതാണ്. നീതി തേടി കാപ്പന്റെ ഭാര്യയും മകനും സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ നിയമസഭയില്‍ വന്ന ദിവസത്തെ ചിത്രമാണിത്. ആ അനുഭവം ഇവിടെ പങ്കുവെക്കുന്നില്ല. അവരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പോരാട്ടം വ്യക്തിപരം മാത്രമായിരുന്നില്ല.
അത് സംഘി ഭീകരതക്കെതിരെ കൂടെയുള്ളതായിരുന്നു. ആ കണ്ണീരിനും പ്രാര്‍ത്ഥനക്കും താല്‍ക്കാലിക ആശ്വാസം.
ഇനിയുമൊരുപാടു മനുഷ്യര്‍, നിരപരാധികള്‍, രാജ്യത്തെ തടങ്കല്‍ പാളയങ്ങളില്‍ നരകയാതന അനുഭവിക്കുന്നുണ്ട്.
ഈ കോടതി വിധി അവര്‍ക്ക് കൂടെ ആത്മവിശ്വാസം പകരുന്നതാണ്,’ എന്നാണ് നജീബ് കാന്തപുരം പറഞ്ഞത്.