തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ സരിനും ഷാനിബും ഉള്‍പ്പടെ ആരും പാര്‍ട്ടിയില്‍ നിന്ന് പോകില്ലായിരുന്നു എന്ന് കെ.പി.സി.സി അംഗം ജെ.എസ്. അഖില്‍. ചാണ്ടി ഉമ്മനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ ഔദ്യോഗിക ചാനല്‍ ചര്‍ച്ച പാനലിസ്റ്റുകളുടെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ജെ.എസ്. അഖില്‍. തനിക്കെതിരായുണ്ടായ നടപടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ അസ്വസ്ഥതയുള്ളവരുടെ ആശങ്കകള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം ഇത്തരത്തില്‍ ചെറുപ്പക്കാരുടെയടക്കം ആശങ്കകള്‍ കേള്‍ക്കുമായിരുന്നു എന്നും അഖില്‍ പറയുന്നു. ഈ രീതിയില്‍ സരിന്റെയും ഷാനിബിന്റെയുമൊക്കെ ആശങ്കകള്‍ കേട്ടിരുന്നെങ്കില്‍ അവരൊന്നും ഈ പാര്‍ട്ടി വിട്ട് പോകില്ലായിരുന്നെന്നും അഖില്‍ പറഞ്ഞു. നടപടി നേരിടാന്‍ പാകത്തില്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അഖില്‍ പറയുന്നു.
ചാണ്ടി ഉമ്മനുണ്ടായ ആശങ്കകള്‍ നേതൃത്വം പരിഹരിക്കണമെന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അഖില്‍ പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം ലഭിക്കുന്നതിന് മുമ്പാണ് താന്‍ മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും തനിക്കെതിരായ നടപടിയെ കുറിച്ച് കെ.പി.സി.സിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടിയില്‍ രണ്ട് തരം പ്രവര്‍ത്തകരുണ്ടെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലും മറ്റൊരു വിഭാഗം ഗ്രൗണ്ടില്‍ പണിയെടുക്കുന്നവരാണെന്നും അഖില്‍ പറയുന്നു. ഇത്തരത്തില്‍ ഗ്രൗണ്ടില്‍ പണിയെടുക്കുന്നവര്‍ക്ക് ആശങ്കകളുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത് മാത്രമല്ല പൊതുപ്രവര്‍ത്തനമെന്നും ഗ്രൗണ്ടില്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും ചെറുപ്പക്കാര്‍ക്കിടയിലുണ്ടെന്നും അഖില്‍ പറഞ്ഞു. പാര്‍ലമെന്ററി സ്ഥാനത്തേക്കുള്ള പരിഗണനകളില്‍ അവരെ കൂടി ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസ് അഡ്മിനായ കെ.പി.സി.സി മാധ്യമവിഭാഗം ഗ്രൂപ്പില്‍ നിന്നാണ് അഖിലിനെ പുറത്താക്കിയത്. ചാണ്ടി ഉമ്മനെ പിന്തുണച്ചും അദ്ദേഹത്തിനെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചും മാധ്യമങ്ങളില്‍ പ്രതികരിച്ചു എന്നാണ് അഖിലിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ അഖിലിനെതിരെ ഏതെങ്കിലും നടപടികളുണ്ടായതായി ഔദ്യോഗിക നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
content highlights: Political activism isn’t just about reels and social media; Ground workers should also be considered: KPCC member