ജമാഅത്തെ ഇസ്‌ലാമിയുടെ ചുവടുമാറ്റങ്ങള്‍ | Part 1 | ആരാണ് മൗദൂദി, എന്താണ് ജമാഅത്തെ ഇസ്‌ലാമി?
Jamaat e Islami
ജമാഅത്തെ ഇസ്‌ലാമിയുടെ ചുവടുമാറ്റങ്ങള്‍ | Part 1 | ആരാണ് മൗദൂദി, എന്താണ് ജമാഅത്തെ ഇസ്‌ലാമി?
ഡോ. ഹുസൈൻ രണ്ടത്താണി
Saturday, 31st July 2021, 5:25 pm
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ രാഷ്ട്രീയത്തെ സൂക്ഷ്മമായി പഠനവിധേയമാക്കുന്നതിലൂടെ എന്താണ് ജമാഅത്തെ ഇസ്‌ലാമി എന്ന് വിശദീകരിക്കുകയാണ് ചരിത്ര ഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ ഡോ. ഹുസൈന്‍ രണ്ടത്താണി

ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ ഇന്ത്യയിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘം അബുല്‍ അഅ്ലാ മൗദൂദിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. മറ്റു രാജ്യങ്ങളിലെല്ലാം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുകയും പലപ്പോഴും ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകുന്നുണ്ടെങ്കിലും സമാധാനപരമായ നിലപാടുകളാണ് ഇന്ത്യയില്‍ സ്വീകരിച്ചു കാണുന്നത്. എന്നാല്‍ ആര്‍.എസ്.എസിനെപ്പോലെത്തന്നെ താത്വികമായി ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യ വ്യവസ്ഥിതിയെയോ ജമാഅത്ത് അംഗീകരിച്ചില്ല. തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം അവ അംഗീകരിക്കുകയും അടിസ്ഥാനപരമായി ഒരു മതരാജ്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

സംഘത്തിന്റെ അനൗദ്യോഗിക വിദ്യാര്‍ഥി സംഘടനയായിരുന്ന സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) അടിസ്ഥാന ആശയങ്ങളില്‍ തന്നെ ഉറച്ചുനിന്ന് മറ്റു രാജ്യങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിയെ പോലെ മതരാഷ്ട്രത്തിനുവേണ്ടി തീവ്രമായി രംഗത്തുവന്നു. എന്നാല്‍ അത്തരം നീക്കത്തിന് ഇന്ത്യയില്‍ സമയമായില്ല എന്ന് ജമാഅത്ത് വിശ്വസിക്കുന്നു. അതാണ് ജമാഅത്തുമായി സിമിക്ക് ബന്ധം വേര്‍പെടുത്തേണ്ടി വന്നത്. ജമാഅത്ത് തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ എസ്.ഐ.ഒ എന്ന വിദ്യാര്‍ഥിസംഘടന രൂപീകരിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്‌ലാമിയെ ഇന്ത്യയിലോ, ലോകത്തോ മറ്റു മുസ്‌ലിം സംഘടനകളൊന്നും അംഗീകരിക്കുന്നില്ല. എന്നുമാത്രമല്ല, പാരമ്പര്യ മുസ് ലിം വിഭാഗങ്ങള്‍ അതിനെ ശക്തമായിത്തന്നെ എതിര്‍ക്കുകയും ചെയ്യുന്നു. മറ്റു രാജ്യങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി പലപ്പോഴും തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉലമാ നേതൃനിരയുടെ വിധിപ്രകാരം ജമാഅത്ത് നേരായ ദിശയില്‍ നിന്ന് വ്യതിചലിച്ച പ്രസ്ഥാനമാണ്. മതരാഷ്ട്രവാദം ലക്ഷ്യമാക്കുന്നതിനാല്‍ മതനിരപേക്ഷ സംഘടനകളും ജമാഅത്തിനെ എതിര്‍ക്കുന്നു.

അബുല്‍ അഅ്ലാ മൗദൂദി

ആര്‍.എസ്.എസ്സിനെ പോലെ ഇന്ത്യയിലെ ജമാഅത്ത് അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കിലും ആശയ കാര്യത്തില്‍ ആര്‍.എസ്.എസ്സിന്റെ മുസ് ലിം പതിപ്പായാണ് ബുദ്ധിജീവികള്‍ ജമാഅത്തിനെ വിലയിരുത്തുന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ജമാഅത്ത് രാഷ്ട്രീയരംഗത്ത് പ്രത്യക്ഷത്തില്‍ പങ്കെടുക്കുന്നുവെങ്കിലും പ്രത്യേകമായ നയമാണ് ഇന്ത്യയില്‍ സ്വീകരിച്ചത്. എന്നാലും ആര്‍.എസ്.എസ്സിന്റെ ചുവടൊപ്പിച്ചുകൊണ്ട് ജമാഅത്തിനെ രണ്ടുതവണ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ഒരു തരത്തിലും യോജിക്കുകയില്ലെങ്കിലും അടിയന്തിരാവസ്ഥയിലെ ജയില്‍വാസത്തെ തുടര്‍ന്ന് ഇരുകൂട്ടരും യോജിക്കുകയും കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ഇരു കൂട്ടരുടെയും മതരാഷ്ട്രവാദം ജനങ്ങളെ വഞ്ചിക്കാനാണെന്ന് ബോധ്യപ്പെടാന്‍ ഇത് സഹായകമായി.

അബുല്‍ അഅ്ലാ മൗദൂദി

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ മൗദൂദി സാഹിബ് സമ്പന്നമായ ചുറ്റുപാടില്‍ വളര്‍ന്ന വ്യക്തിയാണ്. ഹൈദരാബാദിലെ ഔറംഗാബാദില്‍ 1903ലാണ് ജനിച്ചത്. മുഗളന്‍മാരെയും നൈസാമുമാരെയും സേവിച്ച ഒരു സയ്യിദ് കുടുംബമായിരുന്നു മൗദൂദിയുടേത്. ആദ്യം ആധുനികനായിരുന്ന പിതാവ് അഹ്മദ് ഹസന്‍ പില്‍ക്കാലത്ത് സൂഫിയായാണ് ജീവിച്ചത്. മൗദൂദി വീട്ടില്‍വച്ചാണ് ഭാഷയും മതകര്‍മങ്ങളുമൊക്കെ പഠിച്ചത്. പതിനൊന്നാം വയസ്സില്‍ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ (മദ്റസെ ഫൗഖാനിയ മശ്രിഖിയ്യ) ചേര്‍ന്ന് പഠിച്ചു.

പിന്നീട് അലിഗഢില്‍ നിന്ന് പാശ്ചാത്യന്‍ ചിന്തകള്‍ പഠിച്ചു. ഇവിടെ ബ്രിട്ടീഷ് ഇസ്‌ലാമിക എഴുത്തുകാരന്‍ തോമസ് അര്‍ണോള്‍ഡായിരുന്നു പ്രധാന ഗുരു. പിന്നീട് കുറച്ചുകാലം മാത്രം ഹൈദരാബാദ് ദാറുല്‍ ഉലൂമില്‍ പഠിച്ചെങ്കിലും പിതാവിന്റെ രോഗാവസ്ഥ കാരണം ഔപചാരിക വിദ്യാഭ്യാസം മതിയാക്കേണ്ടിവന്നു. ഭോപ്പാലിലെ താമസത്തിനിടക്ക് കുറച്ചുകാലം മതപരിത്യാഗിയായ കവി നിയാസ് ഫതഹ്പുരിയുമായി ചങ്ങാത്തം സ്ഥാപിച്ചു.

ഡല്‍ഹിയില്‍ വന്നതിനുശേഷം സര്‍ സയ്യിദിന്റെ കൃതികള്‍ വായിച്ചു. ഒപ്പം ഇംഗ്ലീഷിലും നല്ല പരിജ്ഞാനം നേടി. സര്‍ സയ്യിദിനെ പോലെ പാശ്ചാത്യ സംസ്‌കാരം മികവുറ്റതാണെന്ന് വിശ്വസിച്ചു. എന്തുകൊണ്ട് പടിഞ്ഞാറിന്റെ രഹസ്യം മനസിലാക്കാന്‍ ഇന്ത്യയിലെ മതപണ്ഡിതന്‍മാര്‍ ഇംഗ്ലണ്ടില്‍ ചെല്ലുന്നില്ലാ എന്നദ്ദേഹം പരിതപിച്ചു(തജ്ദീദ് വൊ ഇഹ്്യാഉദ്ദീന്‍, തര്‍ജുമാനില്‍ ഖുര്‍ആന്‍, നവംബര്‍- ഡിസംബര്‍, 1940, 345). ഇതു സംബന്ധിച്ചെഴുതിയ ലേഖനത്തില്‍ മുസ്‌ലിങ്ങള്‍ പാഠമുള്‍ക്കൊള്ളേണ്ട തത്വചിന്തകന്‍മാരെയും അദ്ദേഹം പരിചയപ്പെടുത്തി.

തന്റെ വീക്ഷണങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് പിന്നീട് മൗദൂദി തന്നെ എഴുതി:
”എന്റെ അജ്ഞാനകാലത്ത് പഴയതും പുതിയതുമായ തത്വചിന്തയും ശാസ്ത്രവും ചരിത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും ഒക്കെ ഞാന്‍ വായിച്ചു. ഒരു ലൈബ്രറിയെ തന്നെ ഞാന്‍ വായിച്ചു ദഹിപ്പിച്ചു. എന്നാല്‍ തുറന്ന കണ്ണുകളോടെ ഖുര്‍ആന്‍ വായിച്ചപ്പോള്‍ ദൈവമാണ് സത്യം, ഞാന്‍ വായിച്ചതൊന്നും ഒന്നുമല്ലാ എന്നെനിക്ക് ബോധ്യമായി. ഇപ്പോള്‍ എനിക്ക് ജ്ഞാനത്തിന്റെ ഖനി തന്നെ കിട്ടി. കാന്റും ഹെഗലും മാര്‍ക്സും മറ്റു ചിന്തകന്‍മാരും എല്ലാം വെറും കുട്ടികളാണെന്ന് എനിക്ക് തോന്നി” (അബുല്‍ ഹസന്‍ അലി, പുരാനാ ചിറാഗ്, വാള്യം 2, ലക്നൗ).

ബോള്‍ഷെവിക് വിപ്ലവത്തെത്തുടര്‍ന്ന് മൗദൂദി മാര്‍ക്സിസവുമായും അടുത്തു. ഡല്‍ഹിയിലെ കമ്യൂണിസ്റ്റുകാരനായിരുന്ന അബ്ദുല്‍ സത്താര്‍ ഖൈരിയായിരുന്നു അക്കാലത്തെ തന്റെ ഗുരു. ഖൈരി മോസ്‌കോയിലെ ബോള്‍ഷെവിക് പ്രചാരക സമിതിയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്നു. മൗദൂദിയുടെ ഭാര്യാസഹോദരന്‍ ഷഹീദ് സംദിയും ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. ഷഹീദ് ഒരു യൂണിവേഴ്സിറ്റി ടീച്ചര്‍ കൂടിയാണ്. ഇദ്ദേഹം മാര്‍ക്സിന്റെ ഒരു കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തയാളാണ്. ഡല്‍ഹിയിലെ ബുദ്ധിജീവികളുമായുള്ള ബന്ധം തന്നെ തികഞ്ഞ പരിഷ്‌കാരിയാക്കിയെങ്കിലും 1930കളുടെ അവസാനത്തില്‍ അദ്ദേഹം ഇസ്ലാം മതത്തില്‍ ആകൃഷ്ടനായിത്തുടങ്ങി.

അക്കാലത്ത് ഇസ്ലാം മത പണ്ഡിതന്‍മാര്‍ വലിയ താടി വളര്‍ത്തുന്നവരാണ്. എന്നാല്‍ ഒരു മോഡേണിസ്റ്റായ മൗദൂദി പേരിനൊരു താടി വച്ചത് പണ്ഡിതന്‍മാരുടെ വിമര്‍ശനത്തിന് കാരണമായി. അങ്ങനെയൊരു നിഷ്‌കര്‍ഷയൊന്നുമില്ല എന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. 1941ല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം കൊടുത്ത ശേഷം താടി പ്രശ്നം വീണ്ടും പൊന്തിവന്നു. മൗദൂദി താടി നീട്ടാത്തതിന്റെ പേരില്‍ മന്‍സൂര്‍ നുഅ്മാനി സംഘടനയില്‍ നിന്ന് രാജിവച്ചു.

1930കളില്‍ സിനിമയും സംഗീതവും എല്ലാം ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് വേഷമാണ് സ്വീകരിച്ചതും. എന്നാല്‍ ഇസ് ലാമിസത്തിലേക്ക് വന്നപ്പോള്‍ നിലപാട് തിരുത്തി. എല്ലാം നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (ഇര്‍ഫാന്‍ അഹ്മദ്, ഇസ്‌ലാമിസം ആന്റ് ഡെമോക്രസി ഇന്‍ ഇന്ത്യ, ന്യൂ ജെഴ്സി, 1974, 54).

പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടനായ കാലത്താണ് അദ്ദേഹം പച്ചപ്പരിഷ്‌കാരിയായ മഹ്മൂദാ ബീഗത്തെ വിവാഹം ചെയ്യുന്നത്. ഭാര്യാപിതാവ് അക്കാലത്തെ വലിയ ധനികനായിരുന്നു. ക്വീന്‍സ് മേരി സ്‌കൂളിലാണ് ബീഗം പഠിച്ചത്. ഇവര്‍ പര്‍ദ ധരിക്കാത്തത് കൂടിയാണ് തന്നെ ജമാഅത്തില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത് എന്ന് മന്‍സൂര്‍ നുഅ്മാനി പറയുന്നു. ക്വീന്‍സ് മേരി വിദ്യാലയത്തില്‍ അവര്‍ പഠിച്ചതും അക്കാലത്ത് വിമര്‍ശിക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസിലേക്ക്

1920കളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി മൗദൂദി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഖിലാഫത് പ്രസ്ഥാനത്തിലും സത്യാഗ്രഹങ്ങളിലും മൗദൂദി പങ്കെടുത്തു. ഗാന്ധിജിയെക്കുറിച്ച് അദ്ദേഹം എഴുതിയ ലഘുലേഖ ബ്രിട്ടീഷധികാരികള്‍ കണ്ടുകെട്ടിയിരുന്നു. 1919ല്‍, ഇന്ത്യയിലെ ഹിന്ദു വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളിലൊരാളും കോണ്‍ഗ്രസുകാരനുമായിരുന്ന മദന്‍ മോഹന്‍ മാളവ്യയെ കുറിച്ച് മൗദൂദി ഒരു ജീവചരിത്രമെഴുതി. ഇന്ത്യ എന്ന കപ്പലിന്റെ കപ്പിത്താന്‍ എന്നാണ് പുസ്തകത്തില്‍ മാളവ്യയെ അദ്ദേഹം വിശേഷിപ്പിച്ചത്.

മാളവ്യയെ അനുകരിക്കാന്‍ അദ്ദേഹം മുസ്‌ലിങ്ങളോടഭ്യര്‍ഥിച്ചു. അദ്ദേഹം ഹിന്ദുക്കളുടെ നേതാവ് മാത്രമല്ല; മുസ്‌ലിങ്ങളും മാളവ്യയെ പിന്തുടരുന്നു (മൗദൂദി, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, ഹിന്ദി, പറ്റ്ന, 1919,13). കോണ്‍ഗ്രസിന്റെ പക്ഷത്ത് സജീവമായിരുന്ന ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ മുഖ പത്രമായ മുസ്‌ലിമിന്റെ എഡിറ്ററായി അദ്ദേഹം ചാര്‍ജെടുത്തു. 1924 ല്‍ ഇതേ സംഘടനയുടെ പുതിയ മുഖപത്രമായ അല്‍ ജംഇയ്യത്തിന്റെ എഡിറ്ററായി.

മദന്‍ മോഹന്‍ മാളവ്യ. കടപ്പാട്: നാഷണല്‍ പോര്‍ട്രെയിറ്റ് ഗാലറി, ലണ്ടന്‍

ഹിന്ദു താല്പര്യങ്ങളുമായുള്ള കോണ്‍ഗ്രസിന്റെ അമിതബാന്ധവമാണത്രേ, മൗദൂദി സാഹിബിനെ കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്താന്‍ അദ്ദേഹം കൊതിച്ചതാണ്. പക്ഷേ മുസ്‌ലിം നേതാക്കളെ കോണ്‍ഗ്രസ് കാര്യമായി പരിഗണിച്ചില്ല. ഇക്കാര്യം അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞു(തര്‍ജുമാന്‍, 1938, മാര്‍ച്ച്, 165). മൗദൂദി താമസിയാതെ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിനോടും കോണ്‍ഗ്രസിനോടും വിട പറഞ്ഞു.

1928ല്‍ ഡല്‍ഹിയില്‍ നിന്ന് മൗദൂദി ഹൈദരാബാദിലേക്ക് തന്നെ താമസം മാറ്റി. അവിടെ ഏതാനും വര്‍ഷം ഇസ്‌ലാമിക സാഹിത്യങ്ങളില്‍ ആകൃഷ്ടനായി കഴിഞ്ഞു. ഇസ്‌ലാമിക വിദ്യാഭ്യാസം മുച്ചൂടും മാറ്റാനൊരു പദ്ധതി അദ്ദേഹം ഹൈദരാബാദ് നൈസാമിന്റെ മുമ്പില്‍ വച്ചു. നൈസാം അതില്‍ താല്പര്യമൊന്നും കാണിച്ചില്ല. 1932ല്‍ അദ്ദേഹം തര്‍ജുമാനില്‍ ഖുര്‍ആന്‍ എന്ന ഒരു ജേര്‍ണല്‍ തുടങ്ങി. ഇസ്‌ലാമിനെ യുക്തിപരമായി അവതരിപ്പിക്കുകയായിരുന്നു ജേര്‍ണലിന്റെ ലക്ഷ്യം. അതില്‍ ആദ്യം രാഷ്ട്രീയം കാര്യമായി കൈകാര്യം ചെയ്തില്ല. 1938ല്‍ ഇഖ്ബാലിന്റെയും സമീന്ദാറായ അലിയുടെയും ക്ഷണമനുസരിച്ച് പഞ്ചാബിലെത്തി. അവിടെ ദാറുല്‍ ഇസ്‌ലാം എന്നൊരു സ്ഥാപനമുണ്ടാക്കലാണ് ലക്ഷ്യം. അപ്പോഴേക്കും മൗദൂദി സാഹിബ് രാഷ്ട്രീയത്തിലിടപെടാന്‍ തുടങ്ങിയത് അലിക്ക് രസിച്ചില്ല. ഇക്കാരണത്താല്‍ ഒരു വര്‍ഷത്തിനകം തന്നെ മൗദൂദി പഞ്ചാബ് വിട്ടു.

കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ നിരന്തരമായി അവഗണിക്കുകയും ഹിന്ദു മഹാസഭയുടെ ഇംഗിതത്തിനൊത്തു നീങ്ങുകയയും ചെയ്തത് മുസ്‌ലിം ലീഗിന്റെ വളര്‍ച്ചക്ക് കാരണമായി. തങ്ങള്‍ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് എന്ന് സ്ഥാപിക്കാന്‍ ഒരു മുസ് ലിം സമ്പര്‍ക്ക പരിപാടിയുമായി കോണ്‍ഗ്രസ് പുറപ്പെട്ടു. ഇത് കാര്യമായി ഏശിയില്ല. മൗദൂദി പരസ്യമായി സമ്പര്‍ക്ക പരിപാടിക്കെതിരെ തന്റെ തര്‍ജുമാനില്‍ അച്ചുനിരത്തി. ‘മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖന പരമ്പര തന്നെ എഴുതി. ഇത് പിന്നീട് മൂന്ന് വാള്യങ്ങളുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചു.

അബുല്‍ അഅ്‌ലാ മൗദൂദി യുവാവായിരിക്കെ

താന്‍ ഒരു ഹിന്ദുസ്ഥാനിയും മുസല്‍മാനുമാണെന്നെഴുതിയ മൗദൂദി ഹിന്ദുസ്ഥാനിയെന്ന നിലക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി താന്‍ നിലകൊള്ളുന്നുവെന്നും മുസല്‍മാനെന്ന നിലക്ക് അവരുടെ വ്യക്തിത്വത്തെപ്പറ്റി താന്‍ ആശങ്കാകുലനാണെന്നും എഴുതി. കോണ്‍ഗ്രസിനെ പൊതുവായും നെഹ്റുവിനെ പ്രത്യേകമായും അദ്ദേഹം കണക്കിന് വിമര്‍ശിച്ചു. മുസ്‌ലിം വ്യക്തിത്വത്തെ തുടച്ചുനീക്കാനാണ് സമ്പര്‍ക്ക പരിപാടിയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം എഴുതി. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഒരു ജനാധിപത്യ ഭരണത്തില്‍ മുസ്‌ലിങ്ങളുടെ വ്യക്തിത്വം തുടച്ചുമാറ്റപ്പെടുമെന്ന് അദ്ദേഹം സോദാഹരണം സമര്‍ഥിച്ചു.

കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ അത് രാഷ്ട്രീയ ശുദ്ധികര്‍മത്തിന് വഴി തെളിയിക്കുമെന്നും മുസ്‌ലിങ്ങള്‍ നിര്‍ബന്ധിതരായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും അദ്ദേഹം നിരീക്ഷിച്ചു. കോണ്‍ഗ്രസ് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന അവകാശവാദത്തെയും മൗദൂദി എതിര്‍ത്തു. കോണ്‍ഗ്രസിലെ ഹിന്ദു മഹാസഭാ നേതാക്കളെക്കുറിച്ചും മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ അവര്‍ വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിച്ചു. ഹിന്ദുരാജ്യം സ്ഥാപിക്കലാണ് കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും അന്തിമ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു (സിയാസി കശ്മകശ്, 1938, വാള്യം 2. 61).

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ എപ്രകാരമാണ് ഹിന്ദു സംസ്‌കാരം ആവേശിപ്പിക്കുന്നതെന്ന് മൗദൂദി വിശദീകരിച്ചു. ഇസ്‌ലാമിക ദേശീയതയെ ഒഴിവാക്കി ഹിന്ദു ദേശീയത സ്ഥാപിക്കലാണ് കോണ്‍ഗ്രസിന്റെ വാര്‍ധ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്നും ആരോപിച്ചു. ഈ പദ്ധതി പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് വിദ്യാമന്ദിര്‍ എന്നാണ് പേരെന്നും അത് ക്ഷേത്രത്തെ (മന്ദിര്‍) സൂചിപ്പിക്കുന്നുവെന്നും സമര്‍ഥിച്ചു (174). അവിടെ മുസ്‌ലിങ്ങകളും ഹിന്ദുക്കളെപ്പോലെ ദോത്തി ധരിക്കണമെന്നും കൈകൂപ്പി വന്ദേമാതരം പാടുന്നുവെന്നും കുറ്റപ്പെടുത്തി. പൗരസ്ത്യ വിദ്യാഭ്യാസം ഇല്ലാതാക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മെക്കോളെയെക്കാളും ചീത്ത വ്യക്തിയാണ് വാര്‍ധ പദ്ധതിയുടെ ഉപഞ്ജാതാവ് സക്കീര്‍ ഹുസൈനെന്ന് മൗദൂദി വിമര്‍ശിച്ചു. സംസ്‌കൃതവത്കരിച്ച ഹിന്ദി വിദ്യാര്‍ഥികളില്‍ അടിച്ചേല്പിച്ചതും ഉര്‍ദുവിനെ തമസ്‌കരിക്കുന്നതും ഹിന്ദുരാജിലേക്കുള്ള കാല്‍വെപ്പുകളായി മൗദൂദി ചൂണ്ടിക്കാട്ടി (അതേ പുസ്തകം).

മൗദൂദിയുടെ രോഷം കോണ്‍ഗ്രസ് പക്ഷത്തെ മുസ്‌ലിം നേതാവ് മൗലാനാ അസദ് മദനിയോടും പതഞ്ഞുപൊങ്ങി. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ഇസ്‌ലാമികദൃഷ്ട്യാ എതിരല്ലെന്ന് മദനി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനോട് സഹകരിക്കുന്നവരായിരുന്നു മിക്ക മുസ്‌ലിങ്ങളും അന്ന്. ഈ മുസ്‌ലിം നേതാക്കളെ ‘ശുദ്ധി കര്‍മത്തിന് നേതൃത്വം നല്കുന്ന ഹിന്ദു നേതാക്കള്‍ക്കൊപ്പമുള്ള മുസ്‌ലിം പട്ടാളക്കാര്‍’ എന്നാണ് മൗദൂദി മുദ്ര കുത്തിയത്.(7377). ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തയാളാണ് മദനിയെന്ന് മൗദൂദി, മദനിയെ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ദേശീയത അവിശ്വാസവും (കുഫ്റ്) അറിവില്ലായ്മയു (ജാഹിലിയ്യത്)മാണെന്നാണ് മൗദൂദി പറഞ്ഞത്. ദേശീയതയുടെ അടിസ്ഥാനം മതമാണെന്നും മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെപ്പോലെ തന്നെ വേറിട്ടൊരു രാഷ്ട്രമാണെന്നും മൗദൂദി പ്രസ്താവിച്ചു(112). ഇന്ത്യ ഹിന്ദു, മുസ്‌ലിം, സിക്ക്, അധഃസ്ഥിതര്‍ തുടങ്ങിയവര്‍ അടങ്ങുന്ന വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന വിഘടനപരമായ വാദവും അദ്ദേഹം ഉയര്‍ത്തി. മുസ്‌ലിം പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയെ ഒരു ഫെഡറല്‍ സ്റ്റേറ്റാക്കി മാറ്റണമെന്ന അഭിപ്രായം അദ്ദേഹം പിന്നീട് ശരിവച്ചു. അതില്‍ മുസ്‌ലിങ്ങള്‍ക്ക് സാംസ്‌കാരിക സ്വയംഭരണം അനുവദിക്കുകയും വേണം. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് അവരുടെ വിദ്യാഭ്യാസവും സംസ്‌കാരവും പരിരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലിങ്ങളും അവരുടെ ഹിന്ദു അയല്‍വാസികളും തമ്മില്‍ സുന്ദരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനാല്‍ ഇവര്‍ യോജിച്ചുകൊണ്ട് ഹിന്ദുസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു(207). എന്നാല്‍ കോണ്‍ഗ്രസ് ഫെഡറല്‍ സംവിധാനം ആവശ്യപ്പെട്ടപ്പോള്‍ മൗദൂദി അതംഗീകരിക്കാന്‍ തയാറായതുമില്ല. അപ്പോഴും മുസ്‌ലിങ്ങള്‍ തമസ്‌കരിക്കപ്പെടുമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചു.

മുസ്‌ലിം ലീഗില്‍

മുഹമ്മദലി ജിന്നയും കോണ്‍ഗ്രസ് ഭരണം മുസ്‌ലിങ്ങളെ അവഗണിക്കുന്നുവെന്ന് വിശ്വസിച്ചയാളായിരുന്നു. കോണ്‍ഗ്രസിന്റെ പ്രവിശ്യാഭരണത്തില്‍ ജിന്നക്ക് അത് വ്യക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജിവച്ചത് മോചനദിനമായി ആചരിച്ച മുസ്‌ലിം ലീഗ് മൗദൂദി സാഹിബുമായി ചങ്ങാത്തം സ്ഥാപിച്ചു. മുസ്‌ലിം ലീഗുമായി സഹകരിക്കണമെന്ന ആഗ്രഹം മൗദൂദിക്കുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യം മുന്നോട്ടുവച്ച ലീഗിന്റെ നയം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്തായാലും ലീഗുമായി സഹകരിക്കാനുള്ള മൗദൂദിയുടെ ശ്രമം തല്‍ക്കാലം ഫലം കണ്ടു.

മുഹമ്മദ് അലി ജിന്ന

1937ലെയും 1938ലെയും ലീഗ് സമ്മേളനങ്ങളില്‍ മൗദൂദിയുടെ കശ്മകശ് എന്ന പുസ്തകം വിതരണം ചെയ്തു. നിരവധി മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസ് വിട്ട് മുസ്‌ലിം ലീഗിലെത്തി. മൗദൂദിയെ പോലൊരാളെ മുസ്‌ലിം ലീഗ് കാത്തിരിക്കയായിരുന്നു. കാരണം ആസാദും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദും അടങ്ങുന്ന പണ്ഡിതനേതൃത്വം അപ്പാടെ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. തങ്ങളുടെ അബുല്‍കലാം ആസാദാണ് മൗദൂദിയെന്ന് ലീഗ് വൃത്തങ്ങള്‍ വിശേഷിപ്പിച്ചു (സയ്യിദ് റസാ വലി നസ്ര്, 1994, ദിവാന്‍ ഗാര്‍ഡ് ഓഫ് ഇസ്ലാമിക് റെവല്യൂഷന്‍, ജമാഅത് ഇസ്‌ലാമി ഓഫ് പാകിസ്ഥാന്‍, ബെര്‍കിലി, 105).

മൗദൂദിയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം മുസ്‌ലിം ലീഗും പിന്നീട് അംഗീകരിച്ചു. അല്ലാമാ ഇഖ്ബാലും മറ്റു മുസ്‌ലിം നേതാക്കളും ഇതേ ആവശ്യം പല വിധത്തിലായി ഉന്നയിച്ചിരുന്നു. ഇന്ത്യയെ ഹിന്ദു ഭൂരിപക്ഷ സ്റ്റേറ്റുകളും മുസ്‌ലിം ഭൂരിപക്ഷ സ്റ്റേറ്റുകളുമായി വിഭജിച്ച് ഒരു ഫെഡറല്‍ ഭരണഘടനയിലൂടെ രാജ്യത്തെ നിലനിര്‍ത്തണമെന്നാണ് ഇഖ്ബാല്‍ ആവശ്യപ്പെട്ടത്. ഡോ. അംബേദ്കര്‍ അടക്കമുള്ള പല മുസ്‌ലിമേതര നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു. അല്ലാഹുവിന്റെ രാജ്യം സ്ഥാപിക്കാനുള്ള ഒരു പാര്‍ട്ടി വേണമെന്ന ആവശ്യം മൗദൂദി 1940 ഏപ്രിലിലെ തര്‍ജുമാനില്‍ ഉന്നയിച്ചു. എഴുപത്തഞ്ച് വായനക്കാര്‍ അനുകൂലമായി പ്രതികരിച്ചു. പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല.

ജമാഅത്തെ ഇസ്‌ലാമി

പുതിയ പാര്‍ട്ടി ഉണ്ടാക്കാനുള്ള പദ്ധതികളൊക്കെ നേരത്തെ തന്നെ മൗദൂദി ആവിഷ്‌കരിച്ചിരുന്നു. 1941 ആഗസ്ത് 11ന് ലാഹോറില്‍ മൗദൂദി പുതിയ സംഘടനയുടെ പ്രഖ്യാപനം നടത്തി. പേര് ജമാഅത്തെ ഇസ്‌ലാമി. അദ്ദേഹം തന്നെ തലവന്‍ (അമീര്‍). ദൈവിക ഭരണം (ഹുകൂമത്തെ ഇലാഹിയ്യ) സ്ഥാപിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു(തര്‍ജുമാന്‍, 1941, മെയ്: 179). ഇതോടെ മുസ്‌ലിം ലീഗും മൗദൂദിയും തമ്മിലുള്ള ബന്ധങ്ങളില്‍ സങ്കീര്‍ണതകളുണ്ടായി. രണ്ടുകൂട്ടരും ഹിന്ദുമേധാവിത്വത്തില്‍ നിന്നും രക്ഷപ്പെടണമെന്ന പക്ഷക്കാരാണ്.

പക്ഷേ പുതിയ സ്റ്റേറ്റിന്റെ മാതൃക എങ്ങനെയാവണമെന്നതിലാണ് വിവാദം. ലീഗ് ആഗ്രഹിച്ചത് ഒരു മതേതര ജനാധിപത്യ സ്റ്റേറ്റാണ്. മൗദൂദിയാവട്ടെ ഒരു ഇസ്‌ലാമിക ഭരണമുള്ള രാജ്യവും. ഈ വാദങ്ങള്‍ തമ്മില്‍ തര്‍ക്കം മൂത്തു. കോണ്‍ഗ്രസ്, ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനത്തില്‍ അയവ് വരുത്തി രോഷം മുസ്‌ലിം ലീഗിനെതിരെ തിരിച്ചു. ലീഗിന്റെ മതേതര സ്റ്റേറ്റ് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് മൗദൂദി വാദിച്ചു. ലീഗിന്റെ നേതാക്കളെല്ലാം പശ്ചാത്യന്‍ രീതികളെ ആശ്രയിക്കുന്നവരാണെന്നും ഒരു ഇസ്‌ലാമിക സ്റ്റേറ്റ് രൂപീകരിക്കാന്‍ അവരെക്കൊണ്ട് കഴിയില്ലെന്നും മൗദൂദി കുറ്റപ്പെടുത്തി.

മുസ്‌ലിങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍ വേശ്യകളെ ആശ്രയിക്കുന്നതിന് പകരം മുസ്‌ലിം വേശ്യകളെത്തേടി പോകണമെന്ന ആവശ്യം ഉന്നയിക്കുന്നതുപോലെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു (ഇര്‍ഫാന്‍ അഹ്മദ്, 82). ‘ഖാഇദേ അഅ്സം (ജിന്ന) തൊട്ട് സാധാരണ മുസ്‌ലിം ലീഗുകാര്‍ക്ക് വരെ ഒരു ഇസ്‌ലാമിക വീക്ഷണവുമില്ല. അപ്രകാരം അവര്‍ രാഷ്ട്രീയത്തെ കാണുന്നുമില്ല. മുസ്‌ലിമാവുക എന്നതിനെ കുറിച്ചോ അതിന്റെ പ്രത്യേക പദവിയെ കുറിച്ചോ ഒന്നും ലീഗുകാര്‍ക്കറിയില്ല’ (സിയാസീ കശ്മകശ്, 3, 1942,109).

ഇസ്‌ലാമിക സംസ്‌കാരത്തെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും എതിര്‍ക്കുന്നു. ഈ സംസ്‌കാരത്തെ ഹിന്ദു രീതിയില്‍ കൊല്ലണോ, ഹലാല്‍ രീതിയില്‍ വേണോ എന്നതാണ് രണ്ടു പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. ഹിന്ദു രീതിയില്‍ വധിക്കണമെന്ന് കോണ്‍ഗ്രസും ഹലാല്‍ രീതിയിലാവണമെന്ന് ലീഗും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് വേദികളിലെ ഹിന്ദുസ്ത്രീകളുടെ സാന്നിധ്യം മെഴുകുതിരി പോലെയാണ്. ഇതേ രീതിയിലാണ് മുസ്‌ലിം ലീഗ് വേദികളിലെ സ്ത്രീ സാന്നിധ്യവും.

മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ഭൗതികമായ താല്പര്യങ്ങളുടെ പേരിലാണ്. അസംബ്ലിയില്‍ തങ്ങളുടെ പങ്ക് കിട്ടുന്നതിനും സൈന്യത്തില്‍ പങ്ക് ലഭിക്കുന്നതിനുമൊക്കെയാണ്. ഇതൊന്നും ഇസ്‌ലാമിന്റെ കാര്യമല്ല. ശരീഅത്തടിസ്ഥാനത്തിലല്ലെങ്കില്‍ ഒരു രാമദാസോ അബ്ദുല്ലയോ ഒരു സ്റ്റേറ്റ് നടത്തിയെന്നു വച്ച് ഒരു വ്യത്യാസവുമില്ല. ശരീഅത്ത് അടിസ്ഥാനത്തിലാവുമ്പോഴേ പാകിസ്ഥാന്‍ (പുണ്യഭൂമി) അതിന്റെ ശരിയായ അര്‍ഥത്തിലുള്ള പുണ്യഭൂമിയാവുകയുള്ളൂ. ഭാവിയിലെ പാകിസ്ഥാന്‍ ഒരു നാ പാകിസ്ഥാന്‍ (പുണ്യമില്ലാത്ത ഭൂമി) ആയിരിക്കും. (അതേ പുസ്തകം, 78-109).

അബുല്‍ അഅ്‌ലാ മൗദൂദി

പാകിസ്ഥാന്‍ പ്രസ്ഥാനത്തെ കാത്തിരുന്നു കാണുകയും അതേസമയം ജമാഅത്തിനെ ശക്തിപ്പെടുത്തി പാകിസ്ഥാനെ ലീഗില്‍ നിന്ന് തട്ടിയെടുക്കുകയുമായിരുന്നു മൗദൂദിയുടെ ഉദ്ദേശ്യം. ഒരു പാശ്ചാത്യനായ ജിന്നക്ക് മുസ്‌ലിം നേതാവാകാന്‍ കഴിയുമെങ്കില്‍ താടിയും തൊപ്പിയും ധരിച്ച ഉര്‍ദു സംസാരിക്കുന്ന ഇസ്‌ലാമിക ജ്ഞാനമുള്ള ഒരാള്‍ക്ക് അതിലും വലിയ നേതാവാകാന്‍ കഴിയുമെന്നാണ് മൗദൂദി ചിന്തിച്ചത്.

1945-46ലെ അസംബ്ലി തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുസ്‌ലിങ്ങള്‍ ലീഗിന് വോട്ട് ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെക്കുലറായ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ ഏകദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടും (റസാഇല്‍ വൊ മസാഇല്‍, വാള്യം, 1, മര്‍കസി മക്തബ, ഡല്‍ഹി, 304-6). മൗദൂദിയുടെ പ്രസ്താവം മുസ്‌ലിങ്ങള്‍ അവഗണിച്ചു. തിരഞ്ഞെടുപ്പില്‍ മുസ്‌ലിം മണ്ഡലങ്ങളില്‍ ലീഗ് വലിയ വിജയം കരസ്ഥമാക്കി. മുസ് ലിങ്ങളുടെ നേതൃസ്ഥാനത്തെത്താനുള്ള മൗദൂദിയുടെ ശ്രമം അതോടെ വിഫലമായി. ഇക്കാലത്ത് (1946) ജമാഅത്തെ ഇസ്‌ലാമിയുടെ അംഗങ്ങളുടെ എണ്ണം കേവലം 486 പേരാണ്.

1947 ജൂലൈയില്‍ പാകിസ്ഥാനു വേണ്ടിയുള്ള ജനഹിത പരിശോധനയില്‍ ലീഗിനൊപ്പം വോട്ട് ചെയ്യാന്‍ മൗദൂദി അഭ്യര്‍ഥിക്കുന്ന വിരോധാഭാസവും കണ്ടു. അതേകുറിച്ച് ചോദിച്ചപ്പോള്‍ ലീഗിന് വോട്ട് ചെയ്തെന്നുവച്ച് അതിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കലല്ല എന്ന ന്യായമാണ് മൗദൂദി നിരത്തിയത്. പാകിസ്ഥാന്‍ പിറന്ന് രണ്ട് ആഴ്ചക്കകം മൗദൂദി സാഹിബ് ഇന്ത്യ വിട്ട് പാകിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറ്റി.

പാകിസ്ഥാനില്‍

സ്റ്റേറ്റിനെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ പണ്ഡിതന്‍മാര്‍ രൂപപ്പെടുത്തിയ ആശയങ്ങളൊക്കെ കാലഹരണപ്പെട്ടുവെന്ന് മൗദൂദി പ്രസ്താവിക്കുന്നു. സാമ്പത്തികവും വിദാഭ്യാസപരവും വ്യാവസായികവും സാമൂഹികവുമായ ആശയങ്ങളൊക്കെ മാറിയിരിക്കുന്നു. ഇന്ന് മതത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റേറ്റ് നിലകൊള്ളേണ്ടത്. സ്റ്റേറ്റിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും മതം അടിസ്ഥാനമാവണം. ഭക്ഷണം, വസ്ത്രം, വിവാഹം, കുട്ടികളെ വളര്‍ത്തല്‍, സംസാരഭാഷ എന്നിവയില്‍ പോലും മതത്തിന്റെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കപ്പെടണം(തര്‍ജുമാന്‍, 1938 മാര്‍ച്ച് , 5).

ഖുര്‍ആന് താന്‍ തന്നെ നല്കിയ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ സ്റ്റേറ്റ് എന്ന ആശയത്തിന് രൂപം കൊടുക്കുന്നത്. തന്നെ എന്തുകൊണ്ടാണ് ഉലമാവിഭാഗം തങ്ങളിലൊരാളായി ഗണിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട് (തര്‍ജുമാന്‍ 1941, മെയ് 216). ഖുര്‍ആനിലെ നാല് സംജ്ഞകളെയാണ് തന്റെ സ്റ്റേറ്റ് വാദത്തിന് അദ്ദേഹം അടിസ്ഥാനമാക്കിയത്. ഇലാഹ് (ദൈവം), റബ്ബ് (രക്ഷകന്‍), ഇബാദത് (ആരാധന), ദീന്‍ (മതം). ഇവ സംബന്ധിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വെളിപ്പെട്ട ഉടനെ അതിന്റെ വ്യാഖ്യാനങ്ങള്‍ മാറ്റിമറിച്ചതായി മൗദൂദി സമര്‍ഥിച്ചു. അല്ലാഹു എന്നത് മനുഷ്യന്റെ സ്വകാര്യജീവിതവുമായി മാത്രം ബന്ധപ്പെട്ടതല്ല; രാഷ്ട്രീയവും ആത്മീയവുമായ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ്.

അല്ലാഹുവിനെ ആരാധിക്കുക എന്നാല്‍ ഭൗതികമായും രാഷ്ട്രീയമായും ആത്മീയമായും അവനെ അനുസരിക്കലാണ്. അതിനാല്‍ അല്ലാഹു തന്നെയാണ് ഭരണാധികാരിയും, നിയമങ്ങളുണ്ടാക്കുന്നവനും. ഇത് വിട്ട് മറ്റേത് വ്യവസ്ഥയുടെയും പിന്നാലെ പോകുന്നത് അജ്ഞാനവും (ജാഹിലിയ്യത്) ശിര്‍ക്കും (ബഹുദൈവത്വം) ദൈവനിഷേധ(കുഫ്റ്)വുമാണ്. ഒരാള്‍ താന്‍ ഭരണാധികാരിയാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവന്‍ ദൈവമാണെന്ന് പ്രഖ്യാപിക്കലാണ്. അപ്പോഴത് ബഹുദൈവത്വമായി മാറും. അതുകൊണ്ടാണ് ഇസ്ലാമല്ലാത്ത ഒരു വ്യവസ്ഥയെയും അംഗീകരിക്കാനാവില്ല എന്നു പറയുന്നത്.

ദൈവികമല്ലാത്ത ഏതെങ്കിലും വ്യവസ്ഥയുമായി സഹകരിക്കുന്നതും ദൈവത്തെ അംഗീകരിക്കാത്തവരുമായി ഭരണത്തില്‍ ഏര്‍പ്പെടുന്നതും ബഹുദൈവത്വമാണ്. അവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരും തമ്മില്‍ ഒരു വ്യത്യാസവമില്ല-മൗദൂദിയുടെ വിശദീകരണം (മൗദൂദി, ഖുര്‍ആന്‍ കി ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം, മര്‍കസി മക്തബ,1979, 29). റബ്ബ് (രക്ഷകന്‍) അല്ലാഹുവിന്റെ തന്നെ പര്യായമാണ്. റബ്ബ് എന്നാല്‍ സുല്‍ത്താന്‍ എന്നാണ് വിവക്ഷ. അല്ലാഹു മാത്രമാണ് രാഷ്ട്രീയമായും സംരക്ഷകന്‍. താഗൂത് എന്നാല്‍ സാധാരണ പറയും പോലെ പിശാച്, വിഗ്രഹം എന്നൊക്കെ മാത്രമല്ല അര്‍ഥം. ദൈവത്തിന്റേതല്ലാത്ത ഏത് വ്യവസ്ഥ പിന്തുടരുന്നതും താഗൂത് തന്നെയാണ്. താഗൂതിന്റെ അര്‍ഥത്തെ ഉലമകള്‍ ചുരുക്കിക്കളഞ്ഞതാണ്. മൗദൂദിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെ ആരാധിക്കുക, താഗൂതിനെ നിരാകരിക്കുക എന്നാല്‍ തന്റെ വിഭാവന പ്രകാരമുള്ള ഒരു ശരീഅത്ത് ഭരണം കൊണ്ടുവരിക എന്നതാണ്.

അല്ലാഹു എന്നത് വിവക്ഷിച്ച പോലെ തന്നെ ആരാധന എന്നാല്‍ ഇസ്ലാമിക രാഷ്ട്രീയ മേധാവിത്തം കൊണ്ടുവരിക എന്നതാണ്. പഞ്ചാബിലെ ഒരു പ്രസംഗത്തില്‍ നിസ്‌കാരമടക്കമുള്ള ഇസ്‌ലാമിക അനുഷ്ഠാനങ്ങളെ സൈനികപരിശീലനങ്ങളായാണ് മൗദൂദി വിശേഷിപ്പിച്ചത്: ‘നിസ്‌കാരം, വ്രതം എന്നിവ അധികാരം നേടാനുള്ള പരിശീലനവും തയാറാവലുമാണ്. സര്‍ക്കാരുകള്‍ ജോലിയിലെടുക്കും മുമ്പ് പട്ടാളത്തിനും പൊലീസിനും പരിശീലനം കൊടുക്കുന്നതുപോലെ ഇസ്‌ലാമും അപ്രകാരം ചെയ്യുകയാണ്. ആദ്യം ഇസ്‌ലാം ദൈവികസേവനത്തിനുള്ള വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കുന്നു. അങ്ങനെ അവരെ ജിഹാദിലൂടെ ഭൂമിയില്‍ ദൈവരാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കുന്നു(തജ്ദീദ് വൊ ഇഹ്്യാ എ ദീന്‍, തര്‍ജുമാനില്‍ ഖുര്‍ആന്‍, 1941, 291). ഇക്കാലത്ത് സ്റ്റേറ്റ് എന്നാല്‍ ദീന്‍ (മതം) ആണ്. സ്റ്റേറ്റ് സ്ഥാപിക്കലാണ് ഖുര്‍ആന്റെ ലക്ഷ്യം(തര്‍ജുമാന്‍, 1941, ഫെബ്രുവരി- മാര്‍ച്ച്,13).

ദൈവം എല്ലാ പ്രവാചകന്‍മാരെയും അയച്ചത് ദൈവികരാജ്യം സ്ഥാപിക്കാനാണെന്ന് മൗദൂദി പ്രസ്താവിച്ചു. പ്രവാചകന്‍മാരെല്ലാം നേതാക്കളാണ്. യൂസുഫ് നബിയുടെ ദൗത്യത്തെ മുസ്സോളിനിയുടെ എകാധിപത്യത്തോടാണ് അദ്ദേഹം ഉപമിച്ചത് (സലാമത് കീ രാസ്താ, ലാഹോര്‍, 122). മുഹമ്മദ് നബിക്ക് ശേഷം പ്രവാചകന്‍മാരില്ലാത്തതിനാല്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദൈവത്തിന്റെ പ്രതിനിധികളാണ് മനുഷ്യര്‍ എന്നും മൗദൂദി പ്രസ്താവിച്ചു.

ഇസ്‌ലാമും ജാഹിലിയ്യതും

ചരിത്രത്തെ മൗദൂദി രണ്ടായി തരംതിരിക്കുന്നു. ഒന്ന് ഇസ്‌ലാമിന്റെ കാലം. രണ്ട് ഇസ്‌ലാമിന്റെ മുമ്പുള്ള അജ്ഞതയുടെ കാലം (ജാഹിലിയ്യത്ത്). ഇസ്‌ലാമിലില്ലാത്തതൊക്കെ അജ്ഞതയായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. അതിനാല്‍ പാശ്ചാത്യനിസവും വിഗ്രഹാരാധനയും മറ്റെല്ലാ വിശ്വാസങ്ങളും അജ്ഞതയുടെ ഭാഗമാണ്. അതുകൊണ്ടും അവസാനിപ്പിച്ചില്ല. തങ്ങളുടെ ആശയങ്ങള്‍ അംഗീകരിക്കാത്ത മുസ് ലിങ്ങളടക്കമുള്ളവരെ അജ്ഞതയുടെയും ബഹുദൈവത്വത്തിന്റെയും ആളുകളായാണ് അദ്ദേഹം മുദ്രയടിക്കുന്നത്. പാരമ്പര്യ ഇസ്‌ലാമുമായി ബന്ധപ്പെട്ട സൂഫിസം പോലും ബഹുദൈവത്വ (ശിര്‍ക്ക്)മാണ്.

സൂഫിസം മനുഷ്യനെ വിധിസിദ്ധാന്തത്തിലേക്ക് (ഫാറ്റലിസം) നയിക്കുന്ന കറുപ്പാണ്. സൂഫിസത്തെ തള്ളാന്‍ മൗദൂദി മാര്‍ക്സിന്റെ വാക്കുകള്‍ കടമെടുക്കുകയായിരുന്നു. അതിനാല്‍ തങ്ങളല്ലാത്ത, മുസ്‌ലിങ്ങളൊക്കെ അജ്ഞന്‍മാരും (ജാഹില്‍), ബഹുദൈവത്വം സ്വീകരിക്കുന്നവരുമാണെന്ന് മൗദൂദി. ഖുതുബ്, അബ്ദാല്‍, ഗൗസ് (സൂഫി പദവികള്‍) എന്നിവയെല്ലാം വിഗ്രഹനാമങ്ങളാണ്. വിശുദ്ധന്‍മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും അവിടെ ആദര പ്രകടനങ്ങളര്‍പ്പിക്കുന്നതുമെല്ലാം വിഗ്രഹാരാധനക്ക് തുല്യമാണ്. ഇത് ചെയ്യുന്നവരെ മുസ്‌ലിങ്ങളായി പരിഗണിക്കാനൊക്കില്ല.

മാര്‍ക്സ്

ചരിത്രത്തിന്റെ പരിണാമത്തില്‍ ഇസ്‌ലാമിന്റെ പങ്കിനെ തള്ളിയ മാര്‍ക്സിനെയും ഹെഗലിനെയും മൗദൂദി വിമര്‍ശിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രസക്തവുമല്ല. മാര്‍ക്സ് മതത്തെ തീരെ നിരാകരിക്കുകയാണെന്നും മൗദൂദി. മാര്‍ക്സിന്റെ സ്വാധീനത്തെ അദ്ദേഹം തള്ളുന്നില്ല. എന്നാല്‍ സത്യത്തിന്റെ ഒരു ഭാഗം മാത്രമേ മാര്‍ക്സ് കണ്ടുള്ളൂ. ഖുര്‍ആന്‍ വായിച്ചിരുന്നെങ്കില്‍ മറുഭാഗവും അദ്ദേഹം കണ്ടെത്തുമായിരുന്നു. സത്യവും അസത്യവും തമ്മില്‍ നിരന്തര സമരം നടക്കുന്നുവെന്നതാണ് മാര്‍ക്സ് കണ്ടെത്തിയ ഒരു സത്യം. വൈരുധ്യങ്ങള്‍ തമ്മില്‍ എപ്പോഴും സമരത്തിലായിരിക്കും(തഫ്ഹീമാത്, ഡല്‍ഹി, 1999,271).

ലോകം ഉത്ഭവിച്ചപ്പോള്‍ അത് നേരായ മാര്‍ഗത്തിലായിരുന്നു (സിറാതുല്‍ മുസ്തഖീം). പില്ക്കാലത്ത് തെറ്റായ വഴിയിലേക്ക് ലോകം നീങ്ങിയതാണ്. ഹെഗലും മാര്‍ക്സും തെറ്റായ വഴിയാണ് കണ്ടെത്തിയത്. നേരായ മാര്‍ഗം അവര്‍ കണ്ടില്ല. ലോകത്ത് സത്യവും (ഹഖ്), മിഥ്യയും (ബാതില്‍) അഥവാ ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മില്‍ നിരന്തരമായ ഏറ്റുമുട്ടലുകള്‍ നടക്കുകയാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ യത്നിച്ച മഹാവിപ്ലവകാരിയായി മൗദൂദി വിശേഷിപ്പിക്കുന്നു. ഇനിയും രാഷ്ട്രം സ്ഥാപിക്കുക സാധ്യമാണ്. എന്നാല്‍ മുസ്‌ലിങ്ങള്‍ പ്രത്യേകമായി ഒരു രാഷ്ട്രം (ഖൗം) എന്നുപറയുന്നത് ശരിയാവില്ല. മുസ്‌ലിങ്ങള്‍ ഒരു സംഘമാണ്. ഖുര്‍ആന്‍ മുസ്‌ലിങ്ങളെ ഹിസ്ബുല്ലാ (അല്ലാഹുവിന്റെ പാര്‍ട്ടി) എന്നാണ് വിളിച്ചിട്ടുള്ളത്. ലോകത്ത് രണ്ട് പാര്‍ട്ടികളേ ഉള്ളൂ. ഒന്ന്: അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ല), രണ്ട്: ചെകുത്താന്റെ പാര്‍ട്ടി (ഹിസ്ബു ശൈതാന്‍) (തഫ്ഹീമാത്, 1, 2001, 128) .

മുസ്‌ലിം നാമമുള്ളവരെയെല്ലാം മുസ്‌ലിങ്ങളെന്ന് വിളിക്കാനാവില്ല. 99 ശതമാനം മുസ്‌ലിങ്ങള്‍ക്കും ഇസ്‌ലാമിനെകുറിച്ചറിയില്ല. അവര്‍ നിര്‍മിത മുസ്‌ലിങ്ങളാണ്. അവരെ കാനേഷുമാരി മുസ്‌ലിങ്ങള്‍, ജനിച്ചവരായ മുസ്‌ലിങ്ങള്‍ എന്നൊക്കെ മൗദൂദി വിളിക്കുന്നു. താന്‍ തന്നെ പുനര്‍ജനിക്കപ്പെട്ട മുസ്‌ലിമാണ് (സിയാസി കശ്മകശ്, 3, 1942, 15). ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് പോയാല്‍ ഭരണത്തിലേറുന്ന മുസ്‌ലിം പാര്‍ട്ടികളെല്ലാം ദൈവനിഷേധമാണ് (കുഫ്റ്) മുന്നോട്ടുവയ്ക്കുന്നത്. മുസ്ലിം ലീഗ്, ജംഇയ്യത്തുല്‍ ഉലമ, അഹ്റാര്‍, ആസാദ് മുസ്ലിം കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളെയാണ് മൗദൂദി വിലയിരുത്തിയത് (സിയാസി കശ്മകശ്, 3, 102). ഈ പാര്‍ട്ടികളുടെ അജണ്ടയിലൊന്നും ഇസ്‌ലാമിക സ്റ്റേറ്റിനെ കുറിച്ച് പറയുന്നില്ല എന്നതാണ് ഇവരില്‍ മൗദൂദി കാണുന്ന ഏറ്റവും വലിയ ന്യൂനത.

ഒരു ജംഇയ്യത്തുല്‍ ഉലമ പണ്ഡിതന്‍ കമ്യൂണിസ്റ്റ് വിപ്ലവത്തെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളുപയോഗിച്ചതിനെയും മൗദൂദി ശക്തിയുക്തം എതിര്‍ത്തു. ഏത് മുസ്‌ലിം വിശ്വാസിയും ജമാഅത്തില്‍ അംഗത്വം നേടുമ്പോള്‍ അവര്‍ സത്യസാക്ഷ്യം (കലിമ)ചൊല്ലിയിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയല്ലാത്ത ഏത് മുസ്‌ലിമും ശരിയായ മുസ്‌ലിമല്ല എന്നതുകൊണ്ടാണീ കലിമ ചൊല്ലുന്നത്. മുസ്‌ലിമല്ലാത്ത ഒരാള്‍ ഇസ്‌ലാം ആശ്ലേഷിക്കുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞയാണ് കലിമ.

മൗദൂദിയുടെ വാദങ്ങളെ മുഴുവന്‍ മുസ്‌ലിം പണ്ഡിതരും ഒരേ സ്വരത്തില്‍ എതിര്‍ത്തു. പരിത്യാഗപരമായ പ്രസ്താവങ്ങളില്‍ നിന്ന് മൗദൂദി മാറിനില്ക്കണമെന്ന് പണ്ഡിതന്മാര്‍ അഭ്യര്‍ഥിച്ചിട്ടും അദ്ദേഹം ഗൗനിച്ചില്ല. അതേസമയം പലരും സംഘടനയോട് വിട പറഞ്ഞപ്പോള്‍; അവര്‍ മതപരിത്യാഗികളാണെന്ന് (മുര്‍തദ്ദ്) അദ്ദേഹം വിധിച്ചു (തര്‍ജുമാന്‍, 1941,ജൂണ്‍ ആഗസ്ത്, 465). പണ്ഡിതനായ മന്‍സൂര്‍ നുഅ്മാനി സംഘടനയോട് വിടപറഞ്ഞപ്പോള്‍ അദ്ദേഹത്തെ മതപരിത്യാഗി (മുര്‍തദ്ദ്) എന്ന് മുദ്രയടിച്ചു. അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാത്ത മുസ്‌ലിം നാമധാരികളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് ജമാഅത്ത് അംഗങ്ങളെ വിലക്കി (സിയാസി കശ്മകശ്, 3, 180). അജ്ഞതക്കെതിരെ (ജാഹിലിയ്യത്)യുള്ള ജിഹാദ് സ്വഗൃഹത്തില്‍ നിന്ന് തുടങ്ങണമെന്ന് അഭ്യര്‍ഥിച്ചു.

മതനിരപേക്ഷതക്കെതിരെ

മത നിരപേക്ഷതയോട് അടുത്തുപോകരുതെന്നും സെക്കുലര്‍ ഡെമോക്രസിയില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും (ഹറാം) മൗദൂദി പ്രഖ്യാപിച്ചു: ‘ഈ യുഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എല്ലാ ജനാധിപത്യ വ്യവസ്ഥകളും, അവയില്‍ ഇന്ത്യയിലിപ്പോഴുള്ള അസംബ്ലികളും, ഭൗതികകാര്യങ്ങളില്‍ രാജ്യത്ത് വസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതും അവര്‍ക്ക് തന്നെ നിയമമുണ്ടാക്കാന്‍ അധികാരം നല്കുന്നവയുമാണ്. ഈ ആശയം ഇസ്‌ലാമിന് കടകവിരുദ്ധമാണ്. ജനങ്ങളുടെയും, മുഴുവന്‍ ലോകത്തിന്റെയും ഭരണാധികാരി അല്ലാഹുവാണെന്നാണ് ഇസ്‌ലാമിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും അവിഭാജ്യഘടകം.

കല്പനകളും നിര്‍ദേശങ്ങളും നടപ്പാക്കുന്നത് ദൈവത്തിന്റെ ജോലിയാണ്. ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ ഉറവിടവും ജീവിതത്തിന്റെ സകല കാര്യങ്ങളുടെ അടിത്തറയും ദൈവികഗ്രന്ഥവും പ്രവാചകന്റെ പാരമ്പര്യവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ജനാധിപത്യ സിദ്ധാന്തം അംഗീകരിക്കുന്നത് ഏക ദൈവത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നതിന് തുല്യമാണ്. അതിനാല്‍ ഈ യുഗത്തിലെ ജനാധിപത്യ വ്യവസ്ഥയിലുള്ള പാര്‍ലമെന്റുകളിലും അസംബ്ലികളിലും അംഗത്വം നേടുന്നത് ഹറാമാണ്(നിഷിദ്ധം). അവര്‍ക്ക് വോട്ട് ചെയ്യുന്നതും ഹറാമാണ്. കാരണം വോട്ട് ചെയ്യുകയെന്നാല്‍ ഇവിടത്തെ ഭരണഘടനയനുസരിച്ച് നിയമങ്ങളുണ്ടാക്കാനുള്ള വ്യക്തികളെ തിരഞ്ഞെടുക്കലാണ്. അത് പൂര്‍ണമായും ഏകദൈവ വിശ്വാസത്തിനെതിരാണ് (മൗദൂദി, റസാഇല്‍ വൊ മസാഇല്‍, 1, ഡല്‍ഹി, 1999 (1945), 304).

ഒരു മതേതര രാഷ്ട്രത്തില്‍ അതിനെതിരെ ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാം ഭരണം) സ്ഥാപിക്കാന്‍ പൊരുതുന്നില്ല എങ്കില്‍ ആ രാജ്യത്ത് ശ്വാസം വലിക്കുന്നതുപോലും മുസ്‌ലിമിന് അനുവദനീയമല്ല (മുഹമ്മദ് യാഖൂബ് താഹിര്‍, ജമാഅത് ഇസ്ലാമി പര്‍ ഇല്‍സാമത് കാ ജായിസാ, ഇദാറായെ ആദാബുല്‍ ഇസ്ലാമി, പാകിസ്ഥാന്‍, 18). ജമാഅത്തിന്റെ ഭരണഘടന പ്രകാരം അവിശ്വാസികളുടെ സര്‍ക്കാരില്‍ സേവനം ചെയ്യുന്നതും ഹറാമാണ്. ഇതംഗീകരിക്കാത്ത ഉലമകള്‍(മത പണ്ഡിതന്മാര്‍) വലിയ പാപം ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് ലെനിനില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഒരു വിപ്ലവമുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് ഇസ്‌ലാമില്‍ വിശ്വസിച്ചുകൊണ്ട് മുസ്‌ലിങ്ങള്‍ക്കങ്ങനെ സാധിച്ചുകൂടാ (സിയാസീ കശ്മകശ്, 3, 169).

ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിനെ മൗദൂദി കണക്കറ്റ് വിമര്‍ശിച്ചു. അവര്‍ പാഴായിപ്പോയ പാര്‍ട്ടിയാണ്. അതിന്റെ നേതാവ് അസദ് മദനി തന്നെത്തന്നെ ഹിന്ദുക്കള്‍ക്ക് വിറ്റിരിക്കയാണ്. കോണ്‍ഗ്രസിനെ പിന്തുണക്കുക വഴി ജംഇയ്യത്തുല്‍ ഉലമാ ഇസ്‌ലാമിനെ വധിക്കുകയാണ്. നിരന്തരം പാപങ്ങള്‍ ചെയ്യുകയാണ് (ഇര്‍ഫാന്‍ അഹ്മദ്, 73). ജമാഅത്ത് അംഗങ്ങള്‍ മൗദൂദിയുടെ നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഉപേക്ഷിച്ചു. അതിന് തയാറാകാത്തവര്‍ ജമാഅത്തിനെ ഉപേക്ഷിച്ചു. ഇസ്‌ലാമിക സ്റ്റേറ്റിലല്ലാതെ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ പാടില്ലെന്നാണ് മൗദൂദി വിധിച്ചത്. അബുല്‍ കലാം ആസാദിനെ ഇസ്‌ലാമിന്റെ ശത്രുവായാണ് ജമാഅത്തുകാര്‍ ഗണിച്ചത്. ജമാഅത്ത് നേതാവും, റാംപര്‍ ജമാഅത്ത് മദ്രസയിലെ അധ്യാപകനുമായ ഫര്‍ഹാന്‍ ഖാസിമി ദയൂബന്ദിലാണ് പഠിച്ചത്. അദ്ദേഹം ആസാദിന്റെ അടുത്ത ആളായിരുന്നു. എന്നാല്‍ ജമാഅത്തുകാരനായ ശേഷം അദ്ദേഹം ആസാദിനെ നിശിതമായി എതിര്‍ത്തു. ആസാദ് ഗാന്ധിജിക്ക് വശംവദനായി ഇസ്‌ലാമിനെയും ഹിന്ദു മതത്തെയും കൂട്ടിക്കെട്ടുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അബുല്‍ കലാം ആസാദ്

ജമാഅത്തിന്റെ നേതൃപദവിയിലേക്കുയര്‍ന്ന മൗദൂദിയുടെ ശിഷ്യന്‍ ഇക്റം ബെഗ് ഒരു വക്കീലിന്റെ മകനായിരുന്നു. മൗദൂദിയുടെ ശിഷ്യനായ ശേഷം പിതാവിന്റെ ജോലിയും ശമ്പളവും ഇസ്‌ലാമിനെതിരാണെന്ന് അദ്ദേഹത്തിനു തോന്നി: പിതാവ് കോടതിയില്‍ പോവുക വഴി പിശാചിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. കാരണം ഒരു പൈശാചിക വ്യവസ്ഥിതിയെയാണ്(താഗൂതി നിസാം)യെയാണ് ബാപ്പ പിന്തുടരുന്നത്. ബാപ്പ സമ്പാദിക്കുന്ന പണവും ഹറാമാണ്. അതിനാല്‍ അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണവും ഹറാമാണ്. സര്‍ക്കാര്‍ ഉദ്യോഗമെടുക്കുന്ന കുറേ ആളുകള്‍ മൗദൂദിയുടെ ഉപദേശം മാനിച്ച് അവയില്‍ നിന്ന് രാജിവച്ചു. പിന്നീട് പലര്‍ക്കും ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ജോലിയില്‍ നിന്ന് രാജിവച്ചത് ജിഹാദിന്റെ ഭാഗമാണെന്ന് മൗദൂദി ന്യായീകരിച്ചു കൊടുത്തു.

നിലവിലുള്ള ആധുനിക വിദ്യാഭ്യാസത്തെ നഖഃശിഖാന്തം എതിര്‍ത്ത മൗദൂദി സാഹിബ് മദ്രസാ സമ്പ്രദായവും അംഗീകരിച്ചില്ല. അലിഗഡ് യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ പടിഞ്ഞാറന്‍ സമ്പ്രദായം അപ്പടി സ്വീകരിച്ചതിനാല്‍ അവിടെ കറുത്ത ഇംഗ്ലീഷുകാരെ ഉല്പാദിപ്പിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ അറവുശാലകളാണെന്ന് അമൃതസറിലെ സമ്മേളനത്തില്‍ മൗദൂദി തുറന്നടിച്ചു. ഈ സ്ഥാപനങ്ങളിലെ ഡിഗ്രികള്‍ മരണത്തിനുള്ള സാക്ഷിപത്രങ്ങളാണ് (തഅ്ലീമാത്, 1991, 45).

അലിഗഡില്‍ പഠിക്കുന്നവരെ ജമാഅത്ത് നേതാക്കള്‍ വിലക്കി. അവിടെ പഠിച്ചുകൊണ്ടിരുന്ന തങ്ങളുടെ മക്കളെ പിന്തിരിപ്പിക്കുകയും ചെയ്തു. പല മക്കളും ജമാഅത്തുകാരായ പിതാക്കളുടെ നിര്‍ദേശം മാനിക്കാതെ അലിഗഡില്‍ പഠനം തുടര്‍ന്നു. മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും ഇപ്രകാരം പഠനം ഉപേക്ഷിച്ചു. 1957 വരെ ഈ നിബന്ധനകള്‍ തുടര്‍ന്നു. മിശ്ര വിദ്യാഭ്യാസത്തെ നാശകരമെന്ന് മൗദൂദി മുദ്ര കുത്തി. പാശ്ചാത്യന്‍ വേഷം, സംഗീതം എന്നിവയും മൗദൂദി അംഗീകരിച്ചില്ല. കുതിര സവാരി, നീന്തല്‍, ആയുധ പന്തയം തുടങ്ങിയവ അല്ലാത്ത എല്ലാ ഗെയിമുകളും സ്പോര്‍ട്സും പാശ്ചാത്യമാകയാല്‍ നിഷിദ്ധമാക്കി. ജമാഅത്തിന്റെ ഭരണഘടനയോട് അംഗങ്ങള്‍ പൂര്‍ണമായും കൂറുപുലര്‍ത്തണമെന്ന് മൗദൂദി ശഠിച്ചു. അതിനാല്‍ ജമാഅത്ത് സ്‌കൂളുകള്‍ സര്‍ക്കാരിന്റെ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്യുന്നതും വിലക്കി. ജമാഅത്ത് നിര്‍ദേശിക്കുന്ന ജോലിയോ വ്യവസ്ഥയോ അല്ലാതെ മറ്റൊന്നിലും പ്രവര്‍ത്തിക്കാന്‍ ജമാഅത്തുകാരെ അനുവദിച്ചില്ല. കാരണം ജമാഅത്തിന്റെ നിര്‍ദേശത്തിലില്ലാത്തതെല്ലാം പൈശാചികമാണ് (താഗൂതി).

ഇന്ത്യ ദാറുല്‍ കുഫ്റ്

പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ മൗദൂദി പാകിസ്ഥാനില്‍ താമസമാക്കുകയും ഇന്ത്യയെ ദൈവനിഷേധത്തിന്റെ(ദാറുല്‍ കുഫ്റ്) നാടെന്ന് പ്രസ്താവിക്കുകയും ചെയ്തു (റസാഇല്‍ വൊ മസാഇല്‍, 1951/ 2001, ഡല്‍ഹി). പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യയിലുള്ളവരെ വിവാഹം ചെയ്യരുതെന്നുവരെ പ്രസ്താവിച്ചുകളഞ്ഞു. 1947ല്‍ മദ്രാസ് അഡ്രസ് എന്ന പേരില്‍ ഇന്ത്യയിലുള്ള ജമാഅത്തുകാര്‍ക്കായി രൂപരേഖ തയാറാക്കി. പാകിസ്ഥാനിലും ഇന്ത്യയിലും ഇസ്‌ലാമിക വിപ്ലവം താമസിയാതെ സാധ്യമാവുമെന്ന് അദ്ദേഹം പ്രവചിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥ മുതലെടുത്ത് കമ്യൂണിസ്റ്റുകള്‍ രംഗത്തുവരുന്നതിന് ഏതുവിധേനയും തടയിടാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

ഇസ്‌ലാമിന് തന്നെയാണ് വിജയമെന്നും ഇസ്‌ലാമിക വിപ്ലവം യാഥാര്‍ത്ഥ്യമാവുമെന്നും പറഞ്ഞു (ഖുതുബായെ മദ്രാസ്, 1996). ഇസ്‌ലാമിക വിപ്ലവത്തെ കുതന്ത്രങ്ങളില്ലാത്ത ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പത്താന്‍കോട്ടിലെ ഒരു യോഗത്തില്‍ വച്ച് ഹിന്ദുക്കള്‍ സെക്കുലറിസ്റ്റ് ജനാധിപത്യത്തെ അനുകൂലിക്കരുതെന്ന് അഭ്യര്‍ഥിച്ചു. ആധുനിക സ്റ്റേറ്റ് എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്ന് അന്വേഷിച്ച് വേദഗ്രന്ഥങ്ങളില്‍ പരതാന്‍ ആവശ്യപ്പെട്ടു.

അങ്ങനെ ഒന്ന് ലഭിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അത് കാലങ്ങളായി അത്തരം നിര്‍ദേശങ്ങള്‍ കൈവിട്ടുപോയതായിരിക്കാം. പക്ഷേ, ഭയപ്പെടേണ്ട. ഇസ്‌ലാമിക സ്റ്റേറ്റ് ഹിന്ദുക്കളുടേത് കൂടിയാണ്. ഇസ്‌ലാം നിങ്ങളെ സഹായിക്കും. (ജമാഅത്ത് ഇസ്‌ലാമി കീ ദഅ്വത്, ഡല്‍ഹി, 31-32). വിഭജനകാലത്തെ അരാജകത്വത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാര്‍ മുതലെടുക്കുമെന്നും മൗദൂദി വീക്ഷിച്ചു. അതിനാല്‍ ജനങ്ങളില്‍ അറുപത് ശതമാനം പേരും നീതി നിറഞ്ഞ ആത്മീയപ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിനെ സ്വീകരിക്കുമെന്നും അതുവഴി ഇന്ത്യയിലും ഇസ്‌ലാം രാജ്യം കൊണ്ടുവരാമെന്നും അദ്ദേഹം പ്രത്യാശിച്ചു.

മുഖ്യശത്രു മതനിരപേക്ഷത

ഇന്ത്യയില്‍ ഹിന്ദുരാജ്യം വന്നാലും വേണ്ടില്ല; മതനിരപേക്ഷതയെയും ജനാധിപത്യത്തെയും എല്ലാവിധേനയും എതിര്‍ക്കണമെന്നാണ് മൗദൂദി ആവശ്യപ്പെട്ടത്. അല്‍ജിഹാദു ഫില്‍ ഇസ്‌ലാം എന്ന കൃതിയില്‍ ദൈവരാഷ്ട്രം കൊണ്ടുവരാന്‍ ജിഹാദ് തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മൗദൂദിയുടെ തന്നെ വാക്കുകളില്‍: ”നമ്മുടെ പക്ഷത്ത് പ്രസ്തുത മൂന്ന് തത്വങ്ങളും (ദേശീയത, സെക്കുലറിസം, ജനാധിപത്യം) അബദ്ധജടിലങ്ങളാണ്. അബദ്ധജടിലങ്ങളെന്ന് മാത്രമല്ല; മനുഷ്യനിന്ന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്വങ്ങളാണെന്ന് കൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രെ. നാം നമ്മുടെ മുഴുശക്തിയുമപയോഗിച്ച് അവക്കെതിരെ സമരം നടത്തിയേ തീരൂ”(മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം, ഐ പി എച്ച്, കോഴിക്കോട്, 1960,1991, 15).

‘മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയ ശൂന്യരും സനാതന ധാര്‍മിക തത്വങ്ങളില്‍ നിന്ന് വിമുക്തരും ആക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത തനി സ്വേഛാപൂജകരായി കഴിഞ്ഞു. അനന്തരം ദേശീയവാദം അവരെ ജനകീയ സ്വാര്‍ഥത്തിന്റെയും അന്ധമായ ദേശീയ പക്ഷപാതത്തിന്റെയും മുഴുത്ത അഹങ്കാരത്തിന്റെയും മദ്യം കുടിപ്പിച്ചു മത്തന്‍മാരാക്കി. ഇപ്പോഴിതാ ജനാധിപത്യം ലഗാനില്ലാത്തവരും, മത്തു പിടിച്ചവരും താന്തോന്നിത്ത പൂജകരുമായ ജനങ്ങളുടെ സാമൂഹ്യാഭിലാഷങ്ങള്‍ക്ക് നിയമനിര്‍മാണത്തിനുള്ള പൂര്‍ണാധികാരം സമ്മാനിച്ചിരിക്കുന്നു’ (അതേ പുസ്തകം: 22).

മുസല്‍മാന്മാരോട് മൗദൂദി ഇപ്രകാരം ആഹ്വാനം ചെയ്യുക കൂടി ചെയ്യുന്നു:

‘ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടക വിരുദ്ധമാണ്. നിങ്ങളതിന് മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിങ്ങളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ, അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്.

അതിന്റെ മൗലിക തത്വങ്ങളും ഇതിന്റെ മൗലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒരൊറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതിയുടെ അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും… നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെ ആയിരുന്നാലും ശരി, മതേതര ഭൗതിക സിദ്ധാന്തങ്ങളിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസ ത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു (അതേ പുസ്തകം:31-32). താനുദ്ദേശിക്കുന്ന ഇസ് ലാമിന്റെ ഭരണം സ്ഥാപിക്കാന്‍ സമരത്തിനിറങ്ങണമെന്നാണ് മൗദൂദി ഇവിടെ ആഹ്വാനം ചെയ്യുന്നത്. ജനാധിപത്യവും മതേതരത്വവും മതത്തെ നിഷേധിക്കുന്ന (കുഫ്റ്) വ്യവസ്ഥകളാണെന്നും മൗദൂദി ആവര്‍ത്തിക്കുന്നു.

കടപ്പാട്: രിസാല വാരിക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Politcs of  Abul A’la Maududi – Jamaate Islami – DR. Hussain Randathani writes

 

ഡോ. ഹുസൈൻ രണ്ടത്താണി
ചരിത്ര ഗവേഷകനും ഗ്രന്ഥകര്‍ത്താവുമാണ് ലേഖകന്‍