| Saturday, 12th December 2020, 5:25 pm

ഇതാണ് കോണ്‍ഗ്രസ്, ആവശ്യം വരുമ്പോള്‍ ബി.ജെ.പിയ്ക്കൊപ്പം ചേരും; രാജസ്ഥാനില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്ത സംഭവത്തില്‍ എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയില്‍ ആര്‍.എസ്.എസിനെതിരായ ജനമുറ്റേത്തില്‍ കോണ്‍ഗ്രസ് ഒരു ബദല്‍ അല്ല എന്ന് കൂടുതല്‍ വ്യക്തമായെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. രാജസ്ഥാനിലെ ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു എം. എ ബേബിയുടെ പ്രതികരണം.

‘രാജസ്ഥാനിലെ ആദിവാസി മേഖലയായ ദുംഗാര്‍പൂര്‍ ജില്ലയില്‍ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടിയത് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കാണ്. ഇരുപത്തേഴില്‍ പതിമൂന്ന്. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ്. എന്നാല്‍ ജില്ലാ പ്രമുഖിനായുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആറു സീറ്റുള്ള കോണ്‍ഗ്രസ് എട്ട് സീറ്റുള്ള ബി.ജെ.പിക്ക് വോട്ട് ചെയ്ത് ട്രൈബല്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തി,’ അദ്ദേഹം ഫേസ്ബുക്കിലെഴുതി.

ഇതാണ് കോണ്‍ഗ്രസുകാരുടെ അപമാനകരമായ വര്‍ഗസ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വരുമ്പോഴെല്ലാം കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയിലെ സി.പി.ഐ.എം അംഗങ്ങളുടെയും ഭാരതീയ ട്രൈബല്‍ പാര്‍ടി അംഗങ്ങളുടെയും പിന്തുണ കൊണ്ടാണ് ഭരണത്തില്‍ നിലനില്ക്കുന്നത്. പല കോണ്‍ഗ്രസ് എം.എല്‍.എമാരെക്കാളും അശോക് ഗെലോട്ട് സര്‍ക്കാരിന് ഉറപ്പുള്ളത് കോണ്‍ഗ്രസുകാര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു വന്ന ഈ എം.എല്‍.എമാരുടെ പിന്തുണവഴിയാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും കക്ഷി തന്നെയായിരുന്നു എന്നും കോണ്‍ഗ്രസെന്നും തുറന്ന ഭൂരിപക്ഷ മത വര്‍ഗീയതയും ഫാഷിസ്റ്റ് രാഷ്ട്രീയവും അതില്‍ കൂട്ടിച്ചേര്‍ത്താല്‍ അവര്‍ ആര്‍.എസ്.എസ് ആവുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ കോണ്‍ഗ്രസ് ആണോ ബി.ജെ.പിക്ക് ബദലുണ്ടാക്കുന്നത്?
ആര്‍.എസ്.എസ് ഇന്ത്യയില്‍ രാഷ്ട്രീയ മേല്‍ക്കോയ്മ നേടുന്നതിനെതിരായ ജനമുന്നേറ്റത്തില്‍ കോണ്‍ഗ്രസ് ഒരു ബദല്‍ അല്ല എന്നത് ഓരോ ദിവസവും കൂടുതല്‍ വ്യക്തമാവുകയാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയായ ദുംഗാര്‍പൂര്‍ ജില്ലയില്‍ കൂടുതല്‍ സീറ്റ് കിട്ടിയത് ഭാരതീയ ട്രൈബല്‍ പാര്‍ടിക്കാണ്. ഇരുപത്തേഴില്‍ പതിമൂന്ന്. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ്. പക്ഷേ, ജില്ലാ പ്രമുഖിനുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആറു സീറ്റുള്ള കോണ്‍ഗ്രസ് എട്ടു സീറ്റ് കിട്ടിയ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഭാരതീയ ട്രൈബല്‍ പാര്‍ടി സ്ഥാനാര്‍ത്ഥിയെ തോല്പിച്ചു. ഇതാണ് കോണ്‍ഗ്രസുകാരുടെ അപമാനകരമായ വര്‍ഗസ്വഭാവം. ആവശ്യം വരുമ്പോഴെല്ലാം അവര്‍ ബി.ജെ.പിക്കൊപ്പം ചേരും.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയിലെ സി.പി.ഐ.എം അംഗങ്ങളുടെയും ഭാരതീയ ട്രൈബല്‍ പാര്‍ടി അംഗങ്ങളുടെയും പിന്തുണ കൊണ്ടാണ് ഭരണത്തില്‍ നിലനില്ക്കുന്നത്. പല കോണ്‍ഗ്രസ് എം.എല്‍.എമാരെക്കാളും അശോക് ഗെലോട്ട് സര്‍ക്കാരിന് ഉറപ്പുള്ളത് കോണ്‍ഗ്രസുകാര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു വന്ന ഈ എംഎല്‍എമാരുടെ പിന്തുണവഴിയാണ്.

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിച്ചാണ് കോണ്‍ഗ്രസ് എന്നും അധികാരത്തില്‍ ഇരുന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ വര്‍ഗതാല്പര്യവും ആര്‍.എസ്.എസിന്റെ വര്‍ഗതാല്പര്യവും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നിട്ടില്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും കക്ഷി തന്നെയായിരുന്നു എന്നും കോണ്‍ഗ്രസ്. തുറന്ന ഭൂരിപക്ഷ മത വര്‍ഗീയതയും ഫാഷിസ്റ്റ് രാഷ്ട്രീയവും അതില്‍ കൂട്ടിച്ചേര്‍ത്താല്‍ ആര്‍.എസ്.എസ് ആയി. ഇവരിരുവരെയും എതിര്‍ക്കാതെ ഇന്ത്യയിലെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന് നേതൃത്വം നല്കാനാവില്ല.

ജെ.എന്‍.യുവിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നത്തെ മോദി സര്‍ക്കാരിനെതിരെ ആദ്യമായി രംഗത്തിറങ്ങിയപ്പോഴും, ഇന്ത്യയാകെ ജനങ്ങള്‍ പൌരത്വബില്ലിനെതിരെ പ്രക്ഷോഭമാരംഭിച്ചപ്പോഴും തൊഴിലാളികള്‍ ഐതിഹാസികമായ പണിമുടക്കം നടത്തിയപ്പോഴും ഇന്ന് ദില്ലിയെ വളഞ്ഞു വച്ചുകൊണ്ട് കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോഴും കോണ്‍ഗ്രസ് സമീപനം ഒളിച്ചു കളിയുടേതാണ്. പഞ്ചാബിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സമരത്തിനനുകൂലമായി സംസാരിക്കുകയും അമിത് ഷായുമായി രഹസ്യ ചര്‍ച്ച നടത്തുകയുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Politburo member MA Baby says that Congres is not an alternative for BJP

We use cookies to give you the best possible experience. Learn more