വാർസോ: പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവീക്കിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കി പോളിഷ് പാർലമെന്റ്. 456 എം.പിമാർ വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ 190 പേർ മാത്രമാണ് പ്രധാനമന്ത്രിയെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഒക്ടോബറിൽ മൊറാവീക്കിയുടെ വലതുപക്ഷ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി (പി.ഐ.എസ്) പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മുൻ പോളിഷ് പ്രധാനമന്ത്രിയും മുൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമായ ഡൊണാൾഡ് ടസ്‌കിന്റെ നേതൃത്വത്തിലുള്ള സഖ്യം തങ്ങൾക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടു.
ഡൊണാൾഡ് ടസ്‌ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവന്നു. 2007-2014 കാലഘട്ടത്തിലായിരുന്നു ടസ്ക് പോളണ്ടിന്റെ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ഉടൻ അദ്ദേഹം ഇ.യു കൗൺസിലിന്റെ മേധാവിയായി മാറി. 2019 വരെ അദ്ദേഹം പദവിയിൽ ഉണ്ടായിരുന്നു.
മൊറാവീക്കിക്ക് പകരക്കാരനെ കണ്ടെത്താൻ ഒരുങ്ങുകയാണെന്നും ക്യാബിനറ്റ് ഉടൻ രൂപീകരിക്കുമെന്നും സ്പീക്കർ സൈമൺ ഹൊളോനിയ നേരത്തെ അറിയിച്ചിരുന്നു.
പരാജയം സമ്മതിച്ച പി.ഐ.എസ് പാർട്ടി അധ്യക്ഷൻ ജറോസ്‌ലോ കക്കിൻസ്കി അവിശ്വാസ വോട്ടെടുപ്പ് ഫലം തങ്ങൾക്കെതിരെ നടന്ന കുപ്രചാരണങ്ങളുടെ ഭാഗമാണെന്ന് വിമർശനം ഉയർത്തി.
‘നമ്മുടെ സർക്കാരിന് വേണ്ടി പ്രധാനമന്ത്രി ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമൂഹികമായ തെറ്റിദ്ധാരണകൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഇതാണ് ജനാധിപത്യം. ഞങ്ങൾ അത് അംഗീകരിക്കുന്നു, എന്നാൽ ഞങ്ങൾ പൊരുതും. മിഥ്യാ യാഥാർത്ഥ്യം ശരിക്കുമുള്ളതാണെന്ന് നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ ധരിപ്പിക്കാൻ പി.ഐ.എസിന് എതിരായ പ്രചാരണങ്ങൾക്ക് സാധിച്ചു,’ കക്കിൻസ്കി പറഞ്ഞു.
മൊറാവീക്കിയുടെ പടിയിറക്കത്തിൽ ബഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടായെന്ന് സൂചിപ്പിച്ചുകൊണ്ട്, രാഷ്ട്രീയക്കാർ വിദേശ രാജ്യങ്ങളുടെ ഹിതങ്ങൾക്ക് വഴങ്ങാതെ പ്രവർത്തിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: Polish PM loses no-confidence vote