വാർസോ: പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവീക്കിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കി പോളിഷ് പാർലമെന്റ്. 456 എം.പിമാർ വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ 190 പേർ മാത്രമാണ് പ്രധാനമന്ത്രിയെ അനുകൂലിച്ച് വോട്ട് ചെയ്തത്.
ഒക്ടോബറിൽ മൊറാവീക്കിയുടെ വലതുപക്ഷ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി (പി.ഐ.എസ്) പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മുൻ പോളിഷ് പ്രധാനമന്ത്രിയും മുൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമായ ഡൊണാൾഡ് ടസ്‌കിന്റെ നേതൃത്വത്തിലുള്ള സഖ്യം തങ്ങൾക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടു.
ഡൊണാൾഡ് ടസ്‌ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവന്നു. 2007-2014 കാലഘട്ടത്തിലായിരുന്നു ടസ്ക് പോളണ്ടിന്റെ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ഉടൻ അദ്ദേഹം ഇ.യു കൗൺസിലിന്റെ മേധാവിയായി മാറി. 2019 വരെ അദ്ദേഹം പദവിയിൽ ഉണ്ടായിരുന്നു.
മൊറാവീക്കിക്ക് പകരക്കാരനെ കണ്ടെത്താൻ ഒരുങ്ങുകയാണെന്നും ക്യാബിനറ്റ് ഉടൻ രൂപീകരിക്കുമെന്നും സ്പീക്കർ സൈമൺ ഹൊളോനിയ നേരത്തെ അറിയിച്ചിരുന്നു.