വാക്‌സിന്‍ മാറി നല്‍കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
India
വാക്‌സിന്‍ മാറി നല്‍കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2013, 3:41 pm

[]പശ്ചിമ ബംഗാള്‍: പശ്ചിമ ബാംഗാളില്‍ പോളിയോ വാക്‌സിന് പകരം നല്‍കിയത് ഹെപ്പിറ്റൈറ്റിസിനുള്ള വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ജില്ലാ ആരോഗ്യവകുപ്പ് മേധാവിയോട് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് എന്‍.സി. സീല്‍, എസ്. എന്‍.റോയ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത പുറത്തുവന്നതോടെ നാല് ആരോഗ്യവകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുതല അന്വേഷണത്തിന്
ഉത്തരവിട്ടതായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തു.

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഹൂഗ്ലി ജില്ലയിലെ ആറംബാഗ് സബ് ഡിവിഷനിലെ ഖാട്ടുല്‍ ഗ്രാമത്തിലാണ് വാക്‌സിന്‍ മാറിനല്‍കിയ സംഭവമുണ്ടായത്.

അഞ്ച് വയസ്സിന് താഴെയുള്ള 114 ഓളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. വാക്‌സിന്‍ മാറി നല്‍കിയത് തിരിച്ചറിഞ്ഞ ഉടനെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ബംഗാളിലെ പള്‍സ് പോളിയോ പരിപാടിക്കിടെയാണ് ഹെപ്പിറ്റൈറ്റിസ് ബി വാക്‌സിന്‍ മാറി നല്‍കിയത്.

കുഞ്ഞിന് പോളിയോ വാക്‌സിന്‍ നല്‍കാന്‍ എത്തിയ രക്ഷിതാവാണ് ഓഫീസര്‍മാര്‍ ഹെപ്പിറ്റൈറ്റിസ് ബി എന്നെഴുതിയ ബോക്‌സില്‍ നിന്നും മരുന്നെടുക്കുന്നത് കണ്ടത്.

അപ്പോള്‍ മാത്രമാണ് മരുന്ന് നല്‍കുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. ഇതിനിടയില്‍ 114 ഓളം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരുന്നു.

ഹെപ്പിറ്റൈറ്റിസ് വാക്‌സിന്‍ സാധാരണ കുത്തിവെക്കാറാണ് ചെയ്യുക. പോളിയോ വാക്‌സിന്‍ വായിലൂടെ കഴിക്കാറും. ഇവിടെ ഹെപ്പിറ്റൈറ്റിസ് ബി വാക്‌സിന്‍ കുട്ടികളുടെ വായില്‍ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തത്.

അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്ര ഗുരുതരമായ വീഴ്ച്ച അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ആരോഗ്യ പ്രവര്‍ത്തകരെ രോഷാകുലരായ നാട്ടുകാര്‍ വാക്‌സിന്‍ നല്‍കിയ സ്‌കൂളില്‍ പൂട്ടിയിട്ടു. പോലീസ് എത്തിയതിന് ശേഷം മാത്രമാണ് ഇവരെ തുറന്ന് വിട്ടത്. സംഭവത്തില്‍ അന്വേഷം നടത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്.