| Thursday, 14th June 2012, 8:08 am

പോളിയോ തുള്ളിമരുന്ന് പടിഞ്ഞാറന്‍ ഗൂഢാലോചന; ഇസ്‌ലാം വിരുദ്ധം: പാകിസ്ഥാന്‍ പള്ളി ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പോളിയോ തുള്ളി മരുന്നിനെതിരെ ഫത്‌വയുമായി പാകിസ്ഥാനിലെ മുസ്‌ലിം പള്ളി ഇമാം. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും ഇസ്‌ലാം വിരുദ്ധമാണെന്നുമാണ് മുസഫര്‍ഗാഹിലെ പള്ളി ഇമാം മൗലവി ഇബ്രാഹീം ചിസ്തി പ്രഖ്യാപിച്ചത്. ആരെങ്കിലും പോളിയോ തുള്ളി മരുന്ന് നിര്‍ബന്ധിച്ച് എടുപ്പിച്ചാല്‍ അവര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോളിയോ പ്രതിരോധ വാക്‌സിന്റെ പ്രചാരണ സംഘം മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൗലവി ഇബ്രാഹിം ചിസ്തി എന്ന പുരോഹിതന്‍ പള്ളിയില്‍ ഇപ്രകാരം പ്രഖ്യാപനം നടത്തിയത്. ഇതെ തുടര്‍ന്ന് പോളിയോ പ്രതിരോധ തുള്ളി മരുന്ന് സംഘം സ്ഥലത്തു നിന്നും പിന്‍വാങ്ങി.

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ പൊലീസ് ഗ്രാമത്തിലെത്തിയപ്പോഴേയ്ക്കും പള്ളി ഇമാം സ്ഥലംവിട്ടിരുന്നു. പോളിയോ ക്യാമ്പയ്ന്‍ ഒരു “പടിഞ്ഞാറന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിപ്പിക്കാന്‍ പുരോഹിതന്‍ ശ്രമിച്ചിരുന്നതായി സ്ഥലവാസികള്‍ പറഞ്ഞു.

പൊലീസ് സന്ദര്‍ശനത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ പോളിയോ പ്രതിരോധ ക്യാമ്പയ്ന്‍ പുനരാരംഭിച്ചു. പാകിസ്ഥാനില്‍ അടുത്തിടെ പോളിയോ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more