ഇസ്‌ലാമാബാദ്: ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ അനിശ്ചിത കാലത്തേക്ക് രാജ്യത്ത് പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. നാഷണല്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ ഫോര്‍ പോളിയോയാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
വ്യാഴാഴ്ച ബലൂചിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ചമനില്‍ നസ്രീന്‍ ബീബി എന്ന ആരോഗ്യ പ്രവര്‍ത്തകയെ അക്രമികള്‍ വെടിവെച്ച് കൊന്നിരുന്നു. ഏപ്രില്‍ 8ന് ഡബ്ല്യു.എച്ച്.ഒ പ്രവര്‍ത്തകയും കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ പൊലീസുകാരനെയും വാക്‌സിന്‍ വിരുദ്ധര്‍ വെടിവെച്ച് കൊന്നിരുന്നു.
2012 മുതല്‍ പാകിസ്ഥാനില്‍ 95 പോളിയോ വാക്‌സിനേറ്റര്‍മാരാണ് കൊല്ലപ്പെട്ടത്.
270,000 ആരോഗ്യപ്രവര്‍ത്തകരാണ് പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ രംഗത്തുള്ളത്. ഏപ്രില്‍ 22നാണ് വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നത്.
വിശ്വാസപരമായ കാരണങ്ങളാലും കുട്ടികളെ വന്ധ്യംകരിക്കാനുള്ള പശ്ചാത്യരാജ്യങ്ങളുടെ ഗൂഢാലോചനയായിക്കണ്ടുമാണ് പാകിസ്ഥാനില്‍ ആളുകള്‍ പോളിയോ വാക്‌സിനേഷനെ എതിര്‍ക്കുന്നത്.